ഏക മകളുടെ മരണത്തിൽ തകർന്ന് അച്ഛനും അമ്മയും…

Written by Web Desk1

Updated on:

തിരുവനന്തപുരം (Thiruvananthapuram ) : അരുണാചൽ പ്രദേശി (Arunachal Pradesh) ൽ ദമ്പതികളായ നവീനും ദേവിക്കുമൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ ആര്യ (ARYA)യുടെ (29) കല്യാണം നിശ്ചയിച്ചിരുന്നത് അടുത്ത മാസം ഏഴാം തീയതി. തിരുവനന്തപുരം വൈകുണ്ഠം കല്യാണമണ്ഠപത്തിൽ വച്ച് ഏക മകളുടെ വിവാഹം നടത്താനുള്ള ഒരുക്കങ്ങൾ പിതാവ് അനിൽകുമാറും ഭാര്യ മഞ്ജുവും ആരംഭിച്ചിരുന്നു. കല്യാണം വിളിച്ചുതുടങ്ങിയതായാണു ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞവർഷം ആയിരുന്നു വിവാഹ നിശ്ചയം നടന്നത്. സ്കൂളിൽനിന്നു ടൂർ പോകുന്നുവെന്നു പറഞ്ഞാണ് ആര്യ വീട്ടിൽനിന്ന് ഇറങ്ങിയത്. പിന്നീട് ആര്യയെ കാണാതായതോടെ അനിൽകുമാറും ബന്ധുക്കളും പൊലീസിനെ സമീപിക്കുകയായിരുന്നു. വട്ടിയൂർക്കാവ് മേലത്തുമേലെ സ്വദേശിയായ അനിൽകുമാർ ലാറ്റക്സിലെ ഉദ്യോഗസ്ഥനായിരുന്നു.

സ്വകാര്യ സ്കൂളിലെ ഫ്രഞ്ച് അധ്യാപികയായ ആര്യ പൊതുവെ ആരുമായും സംസാരിക്കാത്ത പ്രകൃതക്കാരിയാണെന്നാണു നാട്ടുകാർ പറയുന്നത്. സ്കൂളിൽനിന്ന് ഓട്ടോയിൽ വന്നിറങ്ങി ആരോടും മിണ്ടാതെ വീട്ടിലേക്കു കയറിപ്പോകുന്നതാണു പതിവ്. വീട്ടിലും കുട്ടികളെ ആര്യ ഫ്രഞ്ച് പഠിപ്പിച്ചിരുന്നു.

അതേസമയം, ആര്യയുടെ മൃതദേഹത്തിൽ മുറിവുകളുണ്ടെന്ന് കുടുംബത്തെ വിവരം അറിയിച്ച അരുണാചൽ പ്രദേശിൽനിന്നുള്ള പൊലീസ് അറിയിച്ചിരുന്നു. സ്വയം ഉണ്ടാക്കാൻ പറ്റുന്ന മുറിവുകൾ അല്ല ആര്യയുടെ ശരീരത്തിലുള്ളതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. നവീൻ ഇവരെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസ് കരുതുന്നത്.

അതേസമയം, വട്ടിയൂർക്കാവ് എസ്ഐ ഇന്ന് രാത്രി അരുണാചൽ പ്രദേശിലേക്കു പോകും. പോസ്റ്റ്‌മോർട്ടം നടപടികൾക്കു ശേഷം മൃതദേഹം ബുധനാഴ്ചയോടെ ബന്ധുക്കൾക്കു വിട്ടുനൽകും.

See also  നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ വൻ ട്വിസ്റ്റ്; കുഞ്ഞിന്റെ പിതൃത്വമേറ്റെടുത്ത് മറ്റൊരു യുവാവ് രംഗത്ത്

Leave a Comment