ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ഒരു വിക്കറ്റ് കീപ്പർക്കും(wicket keeper) തൊടാൻ കഴിയാത്ത റെക്കോർഡ് സ്വന്തമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി(Mahendra Singh Dhoni). ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 സീസണിലാണ് ധോണി ഈ ചരിത്ര റെക്കോർഡ് സ്ഥാപിച്ചത്. വിശാഖപട്ടണം ഗ്രൗണ്ടിൽ നടന്ന ചെന്നൈ സൂപ്പർ കിംഗ്‌സ്- ഡൽഹി ക്യാപിറ്റൽസി മത്സരത്തിനിടെയാണ് ധോണി പുതിയ റെക്കോർഡ് സ്വന്തം പേരിലാക്കിയത്. വിക്കറ്റിന് പിന്നിൽ നിന്ന് ടി20 ക്രിക്കറ്റിൽ 300 പേരെ പുറത്താക്കിയെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. സ്പിൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ പന്തിൽ പൃഥ്വി ഷാ നൽകിയ ക്യാച്ച് ധോണി പിടികൂടുകയായിരുന്നു. ധോണിക്ക് പിന്നാലെ ഇന്ത്യയുടെ ദിനേഷ് കാർത്തിക്കും പാകിസ്ഥാൻ മുൻ വിക്കറ്റ് കീപ്പർ കമ്രാൻ അക്മലുമുണ്ട്. എന്നാൽ ഇരുവർക്കും 274 വിക്കറ്റുകൾ മാത്രമാണ് വീഴ്ത്താനായത്.
ദിനേഷ് കാർത്തിക് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് (ആർസിബി) വേണ്ടി ഇപ്പോഴും ഐപിഎൽ കളിക്കുന്നുണ്ട്. . ഈ സാഹചര്യത്തിൽ കമ്രാനെ മറികടക്കാൻ അദ്ദേഹത്തിന് ഇനിയും അവസരമുണ്ട്. ഇവർക്ക് പിന്നാലെ ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ക്വിൻ്റൺ ഡി കോക്കും (270) ഇംഗ്ലണ്ടിൻ്റെ ജോസ് ബട്ലറും (209) പട്ടികയിലുണ്ട്. ഇരുവരും ഐപിഎല്ലിലുണ്ട്.