വയനാട് പൂക്കോട്ട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ അന്വേഷണ നടപടി വൈകിയതില്‍ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. ആഭ്യന്തര സെക്രട്ടറിയോട് ഉടന്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം 9 തീയതി ഇറക്കിയിരുന്നു. എന്നാല്‍ പ്രോഫോമ റിപ്പോര്‍ട്ട് അഥവാ കേസിന്റെ മറ്റ് വിശദാംശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ട് നല്‍കിയിരുന്നില്ല.
കുടുംബം ക്ലിഫ് ഹൗസിനു മുന്നില്‍ സമരം പ്രഖ്യാപിച്ചതിന് പിന്നാലെ സര്‍ക്കാര്‍ തിരക്കിട്ട നടപടികള്‍ ആരംഭിച്ചു. അന്വേഷണ രേഖകള്‍ ഉടന്‍ സിബിഐക്ക് കൈമാറും. ഇതിനായി കേരള പൊലീസ് ഉദ്യോഗസ്ഥര്‍ ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. സ്പെഷ്യല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് ആണ് ഡല്‍ഹിയിലേക്ക് പോവുക. ഇതുവരെയുള്ള അന്വേഷണ രേഖകള്‍ സിബിഐക്ക് കൈമാറുമെന്നാണ് അറിയിച്ചത്. അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന് ആശങ്കയുള്ളതായി സിദ്ധാര്‍ത്ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചിരുന്നു.അന്വേഷണം വഴിമുട്ടിയതില്‍ ഭയമുണ്ടെന്ന് സിദ്ധാര്‍ത്ഥിന്റെ പിതാവ് പറഞ്ഞിരുന്നു.