മാതൃഭൂമിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൃഷി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി എന്‍.പ്രശാന്ത് ഐഎസ്. IAS പോര് പ്രശാന്തിനെ മാറ്റി നിയമിക്കാന്‍ തയ്യാറാകാതെ മന്ത്രിമാര്‍ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെയാണ് പ്രശാന്തിന്റെ വിമര്‍ശനം.
ഓണ്‍ലൈനിലും നാളെ പത്രത്തിലും തിരുത്ത് വേണമെന്നും അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നുമാണ് ഐഎഎസ് ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കൊഞ്ഞണം കുത്തി പ്രശാന്ത് എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരെ പ്രശാന്ത് നല്‍കിയ അപകീര്‍ത്തി കേസില്‍ ചെയര്‍മാന്‍ പി.വി. ചന്ദ്രന്‍, മാതൃഭൂമി എഡിറ്റര്‍ മാനേജ് കെ. ദാസ്, വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ലേഖിക തുടങ്ങിയവര്‍ കോടതിയില്‍ നേരിട്ട് ഹാജരായി ജാമ്യമെടുത്തിരുന്നു. ഇക്കാര്യവും പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മാറൂമി, ഇതിലും ഭേദം…
കഴിഞ്ഞ ആഴ്ച ബഹു.മന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും അനുമതിയോടെ നിലവിലെ ചുമതല (സ്പെഷ്യൽ സെക്രട്ടറി, പട്ടികജാതി-പട്ടികവർഗ്ഗ വികസന വകുപ്പ്) വിട്ട് കൃഷി വകുപ്പിലേക്ക് മാറി. സെക്രട്ടേറിയറ്റിൽ എല്ലാവർക്കും കാര്യവും കാരണവും അറിയാം. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസം ഒന്നും വേണ്ട, ചുമ്മാ ചോദിച്ചാലറിയാം.
മാതൃഭൂമി എന്ന പത്രം കൈകാര്യം ചെയ്യുന്നവർ വ്യാജ വാർത്താനിർമ്മിതിയിൽ മിടുക്കരാകയാൽ ഞാനുൾപ്പെടെ പലരും ഫയൽ ചെയ്ത അനവധി കേസുകളിൽ പ്രതികളാണ്. എന്നാൽ പണവും, രഷ്ട്രീയ സ്വാധീനവും ഉള്ളവർക്ക് കോടതിയും കേസും പുല്ലാണ് എന്ന് വെല്ലുവിളിക്കുന്ന പ്രവൃത്തിയാണ് ഇന്നവർ കാഴ്ച വെച്ചത്. ഇവരെ കോടതി കയറ്റി എന്നതിന്റെ പേരിലുള്ള വ്യക്തിവിദ്വേഷം തീർക്കാൻ വേണ്ടി മാത്രമല്ല എന്റെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട് ഇന്നൊരു വ്യാജ വാർത്ത നൽകിയിരിക്കുന്നത്. ആദിവാസിഭൂമി വിഷയത്തിൽ മൊയ്‌ലാളിക്കും ചില ഉദ്യോഗ്സ്ഥർക്കും അപ്രിയമായ നോട്ട് എഴുതിയവൻ ഞാനാണല്ലൊ. സഹിക്കാൻ പറ്റുന്നുണ്ടാവില്ല.
കൃഷിവകുപ്പിലെ എന്റെ നിയമനത്തിന് ഡോ.ബി.അശോക് നൽകിയ ‘മൗനാനുവാദം’ വരെ റിപ്പോർട്ടർ കേട്ടിരിക്കുന്നു. തിടമ്പെടുക്കുന്ന ആനയുടെ സന്തോഷം റിപ്പോർട്ട് ചെയ്യുന്നവരല്ലേ, ഇതൊക്കെ അവർക്ക് നിസ്സാരം. (അശോക് സാറാണ് രാവിലെ ഈ കോമഡി എനിക്ക് അയച്ച് തന്നത്!). മന്ത്രിതലം, ചീഫ് സെക്രട്ടറി തലം- അങ്ങനെ മാപ്ര കുറേ വേറെയും തള്ളിയിട്ടുണ്ട്. ആർക്കും വേണ്ടാത്ത കുഴപ്പക്കാരനാകയാൽ എനിക്ക് സൗകര്യപ്രദമായ വകുപ്പും പോസ്റ്റും തന്നെ കൊടുക്കുകയും ചെയ്തിരിക്കുന്നു! എന്താല്ലേ? സത്യത്തിൽ ഇങ്ങനൊക്കെ എഴുതുമ്പോൾ ലേശം നാണം തോന്നില്ലേ? അവനവനോട് തന്നെ ലേശം പുച്ഛം തോന്നില്ലേ ഈ പണിയെടുത്ത് ജീവിക്കാൻ?
പ്രിയ മാറൂമി ബോയ്സ്, എന്റെ പിന്നാലെ നടന്ന് വ്യാജ വാർത്തകൾ പടച്ച് വിടുന്ന സമയത്ത് ലോകോപകാരമുള്ള എന്തൊക്കെ ചെയ്യാം! Just think about it.
പഴയ വകുപ്പിലെ ടീമിന് കഴിഞ്ഞ് 15 ന് എഴുതിയ വിശദമായ യാത്രാക്കുറിപ്പാണ് താഴെ. ശെടാ! മാറൂമി അച്ചടിച്ച വ്യാജ വാർത്ത ഒട്ടും മാച്ച് ആവുന്നില്ലല്ലോ. ഏറ്റവും സ്നേഹത്തോടെയും സൗഹാർദ്ദത്തോടെയും ജോലി ചെയ്ത കാലയളവായിരുന്നു കഴിഞ്ഞ ഒന്നര കൊല്ലം. ഒന്നാന്തരം ടീം വർക്ക്. ബഹു. മന്ത്രിയുമായി ഇത്രയും ഐക്യപ്പെട്ട് വകുപ്പ് കൈകാര്യം ചെയ്തത് മുമ്പ് ഷിബു ബേബി ജോൺ സാറിനോടൊപ്പം നൈപുണ്യവികസനം കൈകാര്യം ചെയ്തപ്പോഴാണ്. വകുപ്പ് ഒഴിഞ്ഞ ശേഷവും ദിവസേന ഫോൺ വിളിക്കുന്ന ബന്ധമാണ് രാധാകൃഷ്ണൻ സാറുമായുള്ളത്. വകുപ്പ് മാറി പോകുന്നതാകട്ടെ കൃഷിയിലേക്ക്. അവിടെ കേര ഉൾപ്പെടെ പല പ്രോജക്ടുകളുമായി പട്ടികവർഗ്ഗവികസന വകുപ്പ് നേരത്തേ ചേർന്ന് പ്രവർത്തിക്കുന്നതാണ്. പ്രസാദ് സാറുമായും ഊഷ്മള ബന്ധമാണ്. അവിടെയാണ് ഒരു മഞ്ഞപ്പത്രം വ്യാജ നറേറ്റീവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നത്. ഒരു സ്ഥാപനത്തിന്റെ അധഃപതനം എന്നല്ലാതെ എന്ത് പറയാൻ.
‘ലൈഫ്ബോയിൽ’ എഴുതിയ പോലെ നിലവാരമില്ലാത്ത പ്രതിയോഗികളെ ‘വിട്ടുപിടിക്കാനാണ്’ താൽപര്യം. പക്ഷേ, ഇതിനെയൊക്കെ എതിർക്കേണ്ടത് കർമ്മവും ധർമ്മവുമായി കാണേണ്ടതുമുണ്ട്. ഇന്ന് സന്ധ്യ മയങ്ങും മുൻപ് വാർത്ത തിരുത്തി മാപ്പോടുകൂടിയ വാർത്ത ഓൺലൈനായും, നാളെ എല്ലാ എഡിഷനിലും പ്രിന്റായും നൽകിയില്ലെങ്കിൽ അടുത്ത മാനഹാനി കേസ് കൂടി ഫയൽ ചെയ്യേണ്ടി വരും. നോട്ടീസ് പിറകെ. ഇതിൽ കൂടുതൽ സമയമോ ശ്രദ്ധയോ മഞ്ഞപ്പത്രം അർഹിക്കുന്നില്ല എന്നതിനാൽ ബാക്കി വക്കീൽ നോക്കുന്നതായിരിക്കും.
എഡിറ്റ്: രാധാകൃഷ്ണൻ സർ ഇപ്പൊ വിളിച്ച് വിഷമം പങ്കിട്ട് വെച്ചതേ ഉള്ളൂ. പ്രചരണത്തിന്റെ തിരക്കിനിടയിൽ ഒരലപം മുൻപാണ് ഈ ‘വ്യാജനെ’ കാണാനിടയായത്. പലരും വിളിച്ച് ചോദിച്ചതായും പറഞ്ഞു.
ഭയങ്കര പത്രപ്രവർത്തനം തന്നെ മാറൂമീ!