കോട്ട (Kotta) : മധ്യപ്രദേശില്‍ (Madhyapradesh) 21 വയസുകാരിയെ വ്യാജ തട്ടിക്കൊണ്ടുപോകല്‍ നാടകം നടത്തി സ്വന്തം മാതാപിതാക്കളോട് 30 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടതായി പൊലീസ്. മകളെ കാണാതായെന്ന് ചൂണ്ടിക്കാട്ടി മാർച്ച് 18ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. കയ്യും കാലും കെട്ടിയിട്ട നിലയിലുള്ള മകളുടെ ചിത്രങ്ങള്‍ അയച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടു പോകൽ നാടകം പെൺകുട്ടി ആസൂത്രണം ചെയ്തതായി കണ്ടെത്തിയത്. യുവതിക്കെതിരെ ഒരു കുറ്റകൃത്യവും നടന്നിട്ടില്ലെന്നും തട്ടിക്കൊണ്ടുപോകൽ വ്യാജമാണെന്നും കോട്ട പൊലീസ് അറിയിച്ചു.
‘ഇതുവരെയുള്ള അന്വേഷണത്തിൽ, പെൺകുട്ടിക്കെതിരെ ഒരു കുറ്റകൃത്യവും തട്ടിക്കൊണ്ടുപോകലും നടന്നിട്ടില്ലെന്നുമാണ് തെളിവുകൾ വ്യക്തമാക്കുന്നത്. ഇതുവരെ കണ്ടെത്തിയ തെളിവുകളിൽ നിന്ന് സംഭവം വ്യാജമാണെന്ന് മനസിലാകുന്നതായി കോട്ട പൊലീസ് സൂപ്രണ്ട് അമൃത ദുഹാൻ (Kota Superintendent of Police Amrita Duhan) പറഞ്ഞു.
പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിനായി പൊലീസ് ഒരു സംഘത്തെ രൂപീകരിച്ചു. മാതാപിതാക്കൾ താമസിച്ചിരുന്ന സ്ഥലത്ത് നിന്ന് 400 കിലോമീറ്റർ അകലെ ഇൻഡോറിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പമാണ് പെൺകുട്ടി താമസിക്കുന്നതെന്ന് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. സുഹൃത്തുക്കളിൽ ഒരാളെ പൊലീസ് പിടിക്കൂടി. പെൺകുട്ടിയും അവളുടെ മറ്റൊരു സുഹൃത്തും വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നുവെന്ന് അറിയിച്ചു. ഇന്ത്യയിൽ പഠിക്കാൻ കഴിയില്ലെന്നും വിദേശത്ത് പഠിക്കാൻ പണം വേണമെന്നും പെൺകുട്ടി പറഞ്ഞതായി സുഹൃത്ത് പൊലീസിനോട് പറഞ്ഞു. ഇതിൻ്റെ ഭാഗമായിരുന്നു തട്ടിക്കൊണ്ടു പോകൽ നാടകമെന്നാണ് തുടർ അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്.