കുടിവെള്ള ക്ഷാമം രൂക്ഷം ജനങ്ങൾ വലയുന്നു, പരിഹാരമാർഗമായില്ല

Written by Web Desk1

Published on:

കേരളത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നു.. തലസ്ഥാനത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടിവെള്ളം മുട്ടിയതിനെ തുടർന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. നാടാകെ കൊടും ചൂടിലേക്കും കഠിനമായ വരൾച്ചയിലേക്കും നടന്നടുക്കുമ്പോൾ ജനജീവിതം അങ്ങേയറ്റം ദുസ്സഹമായിതുടങ്ങി.

കടുത്ത ജലക്ഷാമം നേരിടുന്ന ബംഗളുരു തരുന്ന മുന്നറിയിപ്പ് നമുക്ക് കൂടിയുള്ളതാണ്. ജല ഉപയോഗം സംബന്ധിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും അനുദിനം വർധിക്കുകയാണ് ബാംഗ്ളൂരിലെ
ജലക്ഷാമം. 40 വർഷത്തിനിടെ കർണാടക ഇത്തരമൊരു വരൾച്ചയെ നേരിട്ടിട്ടില്ലെന്നും അടുത്ത നാലു മാസം ഏറെ നിര്ണായകമാണെന്നും അധികൃതർ പറയുന്നു. ബംഗളുരു നഗരത്തിലെ 13900 കുഴൽ കിണറുകളിൽ പകുതിയിലേറെ പൂർണമായും വറ്റി വറണ്ടുകഴിഞ്ഞു. തമിഴ് നാട്ടിലും പല നഗരങ്ങളും രൂക്ഷമായ ജലക്ഷാമത്തിന്റെ
പിടിയിലാണ്.

ലഭ്യമായ മഴവെള്ളം ലാഭിച്ചെടുത്തു വയ്ക്കണമെന്ന അടിസ്ഥാന സന്ദേശം ഗൗരവത്തോടെഎടുക്കാൻ ഇനിയും വൈകിക്കൂടാ. 2018 ലും പിറ്റേ വർഷവും അതി തീവ്രമായ പ്രളയം നേരിട്ട കേരളം അതിനു മുൻപ് നാം നേരിടേണ്ടി വന്ന വരൾച്ചകൾ മറന്നു പോവുകയും ജല സംരക്ഷണ പ്രവർത്തനങ്ങൾ കൈവിട്ടു കളയുകയും ചെയ്തുവെന്നതാണ് യാഥാർഥ്യം.

മാലിന്യ തള്ളലും അനിയന്ത്രിതമായ മണൽ വാരലും പുഴ കയ്യേറ്റവും അനിയന്ത്രിതമായ പാടം നികത്തലുമൊക്കെയായി ജലാശയങ്ങളെ കൊന്നൊടുക്കുന്ന ശീലം ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വരൾച്ചയുടെ അയൽ സാക്ഷ്യങ്ങൾ നമുക്ക് പറഞ്ഞു തരുന്നുണ്ട്.

കേരളത്തിന്റെ ജല സമൃദ്ധി തിരിച്ചു പിടിക്കുകയെന്നത് തന്നെയാണ് നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ജല സംഭരണത്തിലൂടെയും മഴവെള്ള സംഭരണത്തിലൂടെയും ഇതിനകം ജല ലഭ്യത ഉറപ്പു വരുത്തിയ പല പഞ്ചായത്തുകളും സ്ഥാപനങ്ങളും കേരളത്തിലുണ്ട്. വ്യക്തികളും കുടുംബങ്ങളും വിദ്യാലയങ്ങളും ജല സംരക്ഷണമെന്ന ആശയം ഏറ്റെടുത്തു നടപ്പാക്കുന്നത് ശുഭ പ്രതീക്ഷ തരുന്നുണ്ട്. ജനകീയ മുന്നേറ്റങ്ങളുടെ പല വിജയ കഥകളും ഇന്ന് സംസ്ഥാനത്തിന് പറയാനുണ്ട്.

കാലാവസ്ഥാ വ്യതിയാനങ്ങളെ ചെറുക്കാൻ നമുക്കാവില്ലെങ്കിലും വരൾച്ചയ്ക്ക് സമാനമായ തീച്ചൂടിന്റെ ആഘാതം കുറയ്ക്കാനെങ്കിലും സർക്കാരും സമൂഹവും ഒത്തുചേർന്നു വിചാരിച്ചാൽ കഴിയുമെന്ന് തീർച്ച. പൊതുസമൂഹത്തിന്റെ ജല-പരിസ്ഥിതി അവബോധത്തിനപ്പുറം തദ്ദേശ സ്ഥാപനങ്ങളുടെ മുഖ്യ അജണ്ടയിലേക്ക് ജല സ്രോതസ്സുകളുടെ ശുദ്ധി ഉറപ്പിക്കലും സംരക്ഷണവും പുനരുജ്ജീവനവും കടന്നുവരികയും വേണം.

Leave a Comment