മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും അന്തരിച്ച മുന്‍ മുഖ്യമന്ത്രി കെ കരുണാകരന്റെ മകളുമായ പദ്മജ വേണുഗോപാല്‍ ബിജെപിയില്‍. ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്തെത്തിയണ് അംഗത്വം സ്വീകരിച്ചത്.
കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ സമ്മുന്നത നേതാവാണ് മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍. കരുത്തനായ ഭരണാധികാരിയെന്ന് അനുയായികള്‍ വിശേഷിപ്പിക്കുന്ന ലീഡറുടെ മകളും മറ്റൊരു പ്രമുഖ നേതാവായ എ.കെ ആന്റണിയുടെ മകനും ബിജെപിയിലെത്തിയത് കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ്. കോണ്‍ഗ്രസ് നേതാക്കളുടെ വൈകാരിക പ്രതികരണങ്ങള്‍ തന്നെ ഇതിന്റെ ആഘാതം മനസ്സിലാക്കിത്തരുന്നു.
എ.കെ ആന്റണിയുടെ മകനെന്ന ഒറ്റ പരിഗണനയിലാണ് അനില്‍ ആന്റണിയെ ദേശീയ സെക്രട്ടറിയായി ബി.ജെ.പി ഉയര്‍ത്തിയിരിക്കുന്നത്. ബി.ജെ.പിക്ക് പ്രതീക്ഷയുളള പത്തനംതിട്ടയില്‍ അദ്ദേഹത്തിന് സീറ്റ് നല്‍കിയിരിക്കുന്നത് പി.സി ജോര്‍ജിനെ പോലും അവഗണിച്ചാണ് അത്രയും പ്രവര്‍ത്തി പരിചയമില്ലാത്ത അനിലിനെ പരിഗണിച്ചത്. അനില്‍ ആന്റണിയ്ക്ക് ഇതാണ് പരിഗണനയെങ്കില്‍ പത്മജയ്ക്ക് വലിയ പദവികളും പരിഗണനയും ലഭിക്കാന്‍ സാധ്യതയുണ്ട്.
പത്മജയുടെ ബി.ജെ.പി പ്രവേശന വാര്‍ത്തയറിഞ്ഞ് പകച്ചു നില്‍ക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍ .പത്മജയെ തള്ളിപ്പറഞ്ഞതു കൊണ്ടുമാത്രം കോണ്‍ഗ്രസ്സിന് പിടിച്ചു നില്‍ക്കാന്‍ കഴിയുകയില്ല.
തുടര്‍ച്ചയായി കോണ്‍ഗ്രസ് നേതൃത്വം അവഗണിച്ചതാണ് ബി.ജെ.പിയിലേക്ക് പോകാനുള്ള തന്റെ തീരുമാനത്തിനു പിന്നിലെന്നാണ് പദ്മജ അടുത്ത സുഹൃത്തുക്കളെ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കിടെ പ്രിയങ്കാ ഗാന്ധിയുടെ വാഹനത്തില്‍ പദ്മജ കയറുന്നതു ജില്ലാ നേതാക്കള്‍ തടഞ്ഞതോടെയാണ് പ്രശ്നങ്ങളും തുടങ്ങിയിരുന്നത്.കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തൃശൂര്‍ മണ്ഡലത്തില്‍ പദ്മജ മത്സരിച്ചെങ്കിലും അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചിരുന്നില്ല. കാലുവാരി തന്നെ തോല്‍പ്പിച്ചു എന്ന വികാരമാണ്… ഇക്കാര്യത്തില്‍ അവര്‍ക്കുള്ളത്. കെ.കരുണാകരന്റെ സ്മാരകം നിര്‍മിക്കുന്നത് കോണ്‍ഗ്രസ് നീട്ടിക്കൊണ്ടു പോകുന്നതും, പദ്മജയുടെ തീരുമാനത്തെ സ്വാധീനിച്ചതായാണു പുറത്തു വരുന്ന വിവരം.
2004-ല്‍ മുകുന്ദപുരം ലോക്സഭാമണ്ഡലത്തില്‍നിന്നു പദ്മജ മത്സരിച്ചെങ്കിലും .. പരാജയപ്പെട്ടിരുന്നു. ലോനപ്പന്‍ നമ്പാടനോടായിരുന്നു അന്നു പരാജയപ്പെട്ടിരുന്നത്. പിന്നീട് തൃശൂരില്‍നിന്നും 2021ല്‍ നിയമസഭയിലേക്കു മത്സരിച്ചെങ്കിലും അന്നും പദ്മജ പരാജയമാണ് രുചിച്ചിരുന്നത്. വി.എസ്.സുനില്‍ കുമാറായിരുന്നു അവരുടെ അന്നത്തെ എതിരാളി.തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിച്ച ആദ്യ വനിത കൂടിയാണ് പദ്മജ വേണുഗോപാല്‍. ഇന്ത്യന്‍ നാഷനല്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റി അംഗവുമാണ്.
അപ്രതീക്ഷതമല്ല പത്മജയുടെ ബി.ജെ.പി പ്രവേശനം.ബിജെപി നേതാക്കളുമായി കുറച്ചുനാളുകളായി ചര്‍ച്ചയിലായിരുന്നു. യു.ഡി.എഫിനു ഉണ്ടാക്കുന്ന പ്രത്യാഘാതം മനസ്സിലാക്കി മുരളി ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കള്‍ അവരെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പത്മജ വഴങ്ങിയിരുന്നില്ല. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു പുറമെ ലീഗ് നേതാക്കള്‍ വരെ പത്മജയെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. കോണ്‍ഗ്രസ്സില്‍ നിന്നാല്‍ ഇനി ഭാവിയില്ലന്ന തിരിച്ചറിവാണ് അവരെ ബി.ജെ.പി പ്രവേശനത്തിലേക്ക് എത്തിച്ചിരിക്കുന്നത്. പാര്‍ട്ടി വിട്ടു വരുന്നവര്‍ക്ക് ബി.ജെ.പി നല്‍കുന്ന വലിയ പരിഗണനയും ഈ തീരുമാനത്തെ ശരിക്കും സ്വാധീനിച്ചിട്ടുണ്ട്. ഗവര്‍ണര്‍ പദവി, രാജ്യസംഭാഗത്വം എന്നിവ ബിജെപി നല്‍കാന്‍ സാധ്യതയുണ്ട്. ചാലക്കുടിയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാനും പാര്‍ട്ടി പത്മജയോട് നിര്‍ദ്ദേശിച്ചേക്കും.