കെ.എസ്.യു നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram): പൂക്കോട് വെറ്റിനറി സർവകലാശാല (POOKODE VETERINARY UNIVERSITY) ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തതായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ (State President Aloysius Xavier) അറിയിച്ചു. ‘സിദ്ധാർത്ഥനെ കൊന്നത് എസ്.എഫ്.ഐ’ എന്ന മുദ്രാവാക്യം ഉയർത്തി, എസ്.എഫ്.ഐ വിചാരണ കോടതികൾ പൂട്ടുക, ഇടിമുറികൾ തകർക്കപ്പെടുക, ഏക സംഘടനാ വാദം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കെ.എസ്.യു വെറ്റിനറി സർവ്വകലാശാല ആസ്ഥാനത്തേക്ക് മാർച്ച് നടത്തിയത്.

അതേസമയം സിദ്ധാർത്ഥന്റെ മരണത്തിനെ തുടർന്ന് കെ.എസ്.യു വയനാട് ജില്ലാ പ്രസിഡന്റ് ഗൗതം ഗോകുൽദാസ് നടത്തിവന്ന നിരാഹാര സമരം തലസ്ഥാനത്തേക്ക് വ്യാപിപ്പിച്ചു. സെക്രട്ടേറിയേറ്റിന് മുന്നിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ എംപി എന്നിവർ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

സിദ്ധാർത്ഥന്റെ മരണം സിബിഐ അന്വേഷിക്കുക,ഉത്തരവാദിയായ ഡീൻ എം.കെ നാരായണനെ പുറത്താക്കി പ്രതി ചേർക്കുക, പ്രതികളെ സംരക്ഷിച്ച അധ്യാപകരെ പിരിച്ചു വിടുക, പ്രതികളെ സംരക്ഷിക്കാൻ ശ്രമിച്ച മുൻ എംഎൽഎ സി.കെ ശശീന്ദ്രന്റെ പങ്ക് അന്വേഷിക്കുക, കോളേജുകളും ഹോസ്റ്റലുകളും കേന്ദ്രീകരിച്ച് എസ്.എഫ്.ഐ നടത്തുന്ന ലഹരിക്കടത്ത് അന്വേഷിക്കുക, ഹോസ്റ്റലുകളിൽ അന്യായമായി താമസിച്ചു സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തി പാർട്ടി ഗ്രാമങ്ങളാക്കുന്ന എസ്.എഫ്.ഐ ശ്രമങ്ങൾ പ്രതിരോധിക്കാൻ സ്ഥിരം സംവിധാനം ഒരുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് അനിശ്ചിതകാല നിരാഹാര സമരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

See also  24 ന് സൂചന പണിമുടക്ക്‌; കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍.

Related News

Related News

Leave a Comment