അധികാരം നഷ്ട്ടപെട്ട ലോകായുക്ത അഴിമതിക്കാർക്ക് ആശ്വാസം

Written by Web Desk1

Published on:

ഭരണ നിർവഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണതകൾക്കുമെതിരെ ആർക്കും പണച്ചെലവില്ലാതെ സമീപിക്കാവുന്ന അർദ്ധ ജുഡീഷ്യൽ സ്ഥാപനമായിരുന്നു ലോകായുക്ത. മുഖം നോക്കാതെ പല കാര്യങ്ങളിലും ഉടനടി പരിഹാരവുമുണ്ടായിട്ടുണ്ട്. എന്നാൽ ലോകായുക്ത ഭേദഗതി ബില്ലിൽ രാഷ്‌ട്രപതി ഒപ്പുവച്ചതോടെ അതെല്ലാം പഴങ്കഥയായി ഇനിമുതൽ കുരയ്ക്കാൻ മാത്രം കഴിയുന്ന കടിക്കാൻ കഴിയാത്ത പട്ടി മാത്രമായിരിക്കും ലോകായുക്ത. അഴിമതിയും സ്വജനപക്ഷപാതത്തിനുമെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിച്ച ഒരു പാർട്ടിയും മുന്നണിയും പ്രഖ്യാപിത നയത്തിൽ നിന്ന് ബഹുദൂരം പിന്നോട്ടുപോയി എന്ന് മാത്രമല്ല അധികാര കേന്ദ്രങ്ങളിലെ ദുഷ്പ്രവണതകൾക്ക് കുടപിടിക്കുക കൂടി ചെയ്യുന്നുവെന്ന് വേണം. ഈ നടപടിയെ നിരീക്ഷിക്കാൻ. പൊതു പ്രവർത്തകരെയും ബ്യുറോക്രാറ്റുകളെയും ഓഡിറ്റ് ചെയ്യാൻ സാധാരണക്കാർക്ക് പ്രാപ്യമായിരുന്ന മികച്ചൊരായുധം പിണറായി സർക്കാർ കവർന്നെടുത്തുവെന്നു പറഞ്ഞാലും അധികമാവില്ല.

രണ്ടു വര്ഷം മുൻപ് ലോകായുക്ത നിയമ ഭേദഗതി ഓർഡിനൻസായി ഇടതു സർക്കാർ കൊണ്ടുവന്നിരുന്നു. സംസ്ഥാന സർക്കാരുമായി ഇടഞ്ഞു നിന്നിരുന്ന ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഓർഡിനൻസിന് ആദ്യം തടസ്സം പറഞ്ഞെങ്കിലും മുഖ്യമന്ത്രി നേരിട്ട് രാജ്ഭവനിലെത്തി അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് ഓർഡിനൻസ് പാസ്സാകുന്നത്. പിന്നീട് നിയമസഭയിൽ അവതരിപ്പിച്ച്‌ പാസ്സാക്കിയ ശേഷം ബിൽ രാജ്ഭവനിലെത്തിയപ്പോഴേക്കും ഇരുകൂട്ടരും തമ്മിലുള്ള വഴക്ക് കാഠിന്യത്തിലെത്തി. രാജ്ഭവനിലിരുന്നു കേന്ദ്ര സർക്കാരിന്റെ ഇ൦ഗിതങ്ങൾ.നടപ്പാക്കിയിരുന്ന ഗവർണ്ണർ തടഞ്ഞുവച്ച ബില്ലുകളെല്ലാം രാഷ്ട്രപതിക്ക് അയച്ചുകൊടുത്തു. അക്കൂട്ടത്തിലൊന്നായിരുന്നു ലോകായുക്ത നിയമ ഭേദഗതി ബില്ലും. ഇതോടൊപ്പമുണ്ടായിരുന്ന സർവ്വകലാശാല ബില്ലടക്കം തടഞ്ഞുവച്ച രാഷ്‌ട്രപതി ലോകായുക്തയുടെ കാര്യത്തിൽ ഗവർണറെ തള്ളി ബില്ലിൽ ഒപ്പുവച്ചു.

ലോകായുക്ത നിയമ ഭേദഗതി യാഥാർഥ്യമാകുമ്പോൾ അത് അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കും ഉദ്യോഗസ്ഥർക്കും പുതിയ രക്ഷാവഴി തുറക്കുകയാണെന്നതാണ് യാഥാർഥ്യം. അഴിമതിക്കേസിൽ കുറ്റം തെളിഞ്ഞതായി ലോകായുക്ത കണ്ടെത്തിയാൽ മുഖ്യമന്ത്രിയും മന്ത്രിമാരും രാജി വയ്‌ക്കേണ്ടി വരുമെന്ന വകുപ്പാണ് ഭേദഗതി ചെയ്തതിൽ ഒന്ന്. ഇതുപ്രകാരം മുഖ്യമന്ത്രിക്കെതിരെ ലോകായുക്ത ഉത്തരവിട്ടാൽ നിയമസഭയാണ് അപ്പീൽ അതോറിറ്റി. മന്ത്രിമാർക്കെതിരെ മുഖ്യമന്ത്രിയും എം എൽ എ മാർക്കെതിരെ സ്‌പീക്കറുമാണ് അപ്പീൽ അതോറിറ്റി . ഒരു കേസിൽ ലോകായുക്തയുടെ കണ്ടെത്തലിനും നിരീക്ഷണത്തിനുമപ്പുറം സർക്കാരിന്റെ താല്പര്യമായിരിക്കും അക്കാര്യത്തിൽ വിധി പറയുക എന്നതാണ് ഈ നിയമ ഭേദഗതിയുടെ ആത്യന്തിക പരിണതി. കാൽ. നൂറ്റാണ്ടു കാലത്തോളമായി കുറ്റമറ്റ രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ഒരു സംവിധാനം നോക്കുകുത്തിയായി മാറുകയാണ്.

രാഷ്ട്രീയത്തിലും ഭരണത്തിലും ഇടപെടാനുള്ള പൗരജനങ്ങളുടെ അവകാശമാണ് ഇവിടെ ഹനിക്കപ്പെട്ടിരിക്കുന്നത്. ജനാധിപത്യ വിരുദ്ധമായ ഈ സമീപനം പ്രതിഷേധാർഹമാണ്.

See also  പെട്രോൾ, ഡീസൽ വിലയും കുറയ്ക്കണം

Leave a Comment