കേന്ദ്ര സര്‍ക്കാര്‍ ശക്തമായി ഇടപെട്ടു; പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ആപ്പുകള്‍ തിരികെ എത്തിച്ച് ഗൂഗിള്‍

Written by Taniniram

Published on:

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത ഇന്ത്യന്‍ ആപ്പുകള്‍ തിരിച്ചെത്തി തുടങ്ങി. മാട്രിമോണിയല്‍ വെബ്‌സൈറ്റായ ഷാദി, തൊഴില്‍ വെബ്‌സൈറ്റായ നൗക്രി, നൗക്രിഗള്‍ഫ്, റിയല്‍ എസ്റ്റേറ്റ് വെബ്‌സൈറ്റായ 99 ഏക്കേര്‍സ് തുടങ്ങിയ ആപ്പുകളാണ് പ്ലേ സ്റ്റോറില്‍ തിരികെയെത്തിയത്. ആപ്പുകള്‍ നീക്കം ചെയ്ത നടപടിക്ക് എതിരെ കേന്ദ്ര ഐ ടി മന്ത്രി അശ്വിനി വൈശ്ണവ് ശക്തമായി രംഗത്ത് വന്നിരുന്നു. നീക്കം അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം അടിയന്തര യോഗം വിളിച്ച് തര്‍ക്കം പരിഹരിക്കാന്‍ നടത്തിയ ശ്രമങ്ങളാണ് വിജയം കണ്ടത്. ഇതിന് പിന്നാലെ നീക്കം ചെയ്ത ആപ്പുകള്‍ ഗൂഗിള്‍ പുനഃസ്ഥാപിച്ചു.

ഗൂഗിള്‍, പ്ലേസ്റ്റോറില്‍ നിന്ന് ഡീലീസ്റ്റ് ചെയ്ത പല ആപ്പുകളും തിരിച്ചെത്തിയായി ഇന്‍ഫോ എഡ്ജ് സഹസ്ഥാപകന്‍ സഞ്ജീവ് ബിക്ചന്ദാനി അറിയിച്ചു. മറ്റു ആപ്പുകളും വൈകാതെ പ്ലേ സ്റ്റോറില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്നലെയാണ് ഗൂഗിള്‍ നിരവധി ഇന്ത്യന്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തത്. ഇന്‍-ആപ്പ് ഇടപാടുകള്‍ക്ക് നല്‍കുന്ന കമ്മീഷനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചത്. 11 ശതമാനം മുതല്‍ 26 ശതമാനം വരെ ഈടാക്കാന്‍ ഗൂഗിള്‍ ശ്രമം നടത്തിയെങ്കിലും കമ്പനികള്‍ അംഗീകരിച്ചിരുന്നില്ല. തുടര്‍ന്ന് ഭാരത് മാട്രിമോണി, ഇന്‍ഫോ എഡ്ജ്, ഷാദി ഡോട്ട് കോം, ട്രൂലിമാഡ്ലി എന്നിവയുള്‍പ്പെടെയുള്ള ചില പ്രമുഖ ഉപഭോക്തൃ ഡിജിറ്റല്‍ കമ്പനികളുടെ ആപ്പുകള്‍ ഗൂഗിള്‍ ഏകപക്ഷീയമായി നീക്കം ചെയ്യുകയായിരുന്നു.

See also  ഡല്‍ഹിയില്‍ ഭക്ഷ്യവിഷബാധ; ചികിത്സയിലായിരുന്ന മലയാളി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു

Leave a Comment