കണ്ണൂർ (Kannur) : ഇന്ത്യക്കാരിലെ കൊളസ്ട്രോൾ (Cholesterol) അളവിലും പരിശോധനയിലും പുതിയ മാർഗനിർദേശങ്ങൾ. ഹൃദ്രോഗ അപകടസാധ്യത ഉൾപ്പെടെ കണത്തിലെടുത്ത് വിവിധ വിഭാഗങ്ങളാക്കിയാണ് ലിപിഡ് അസോസിയേഷൻ ഓഫ് ഇന്ത്യ (Lipid Association of India) യുടെ പുതിയ നിർദേശങ്ങൾ. ഇതുപ്രകാരം ചീത്ത കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എൽ.ഡി.എൽ. അളവ് പലരിലും 70 മില്ലി ഗ്രാം/ഡെസി ലിറ്റർ എന്ന അളവിൽ ഒതുക്കണം. നിലവിൽ എൽ.ഡി.എൽ. അളവ് പരമാവധി 100 ആണ്.
മെറ്റബോളിക് സിൻഡ്രോം (അമിത ബി.പി., പ്രമേഹം, ഉയർന്ന ട്രൈഗ്ലിസറൈഡ്, വയറിനുചുറ്റും കൊഴുപ്പ്, നല്ല കൊളസ്ട്രോൾ കുറവ് എന്നിവയിൽ മൂന്നെണ്ണമെങ്കിലും ഒരാളിൽ കാണുന്ന അവസ്ഥ), മദ്യപാനം മൂലമല്ലാത്ത ഫാറ്റിലിവർ എന്നിവയുള്ളവരിൽ ചീത്ത കൊളസ്ട്രോൾ 70-ൽ കുറവ് മതി.
ഇത്തരം രോഗാവസ്ഥകൾ ഏറെക്കാണുന്ന കേരളത്തിൽ പുതിയ മാനദണ്ഡങ്ങൾക്ക് പ്രസക്തിയേറെയാണ്. ചികിത്സകൾ സ്വീകരിച്ചിട്ടും നെഞ്ചുവേദന അനുഭവപ്പെടുന്ന അപകടസാധ്യത കൂടിയവിഭാഗത്തിൽ എൽ.ഡി.എൽ. അളവ് 15 മതി.
വിവിധതരം കൊളസ്ട്രോളിന്റെ നില അറിയുന്നതിനുള്ള ലിപിഡ് പ്രൊഫൈൽ പരിശോധനയിൽ ലിപോപ്രോട്ടീൻ എ എന്ന ഘടകംകൂടി നോക്കണം. ധമിനിയുടെ ഉൾപ്പാളിയിൽ പറ്റിപ്പിടിക്കാൻ സാധ്യത കൂടുതലുള്ള ലിപോപ്രോട്ടീൻ എ എന്ന ഘടകം 25 ശതമാനം ഇന്ത്യക്കാരിലും ഉയർന്നനിലയിൽ കാണുന്നുണ്ട്. ഇത് ഹൃദയാഘാത സാധ്യത വർധിപ്പിക്കും. 20 വയസ്സുമുതൽ ലിപിഡ് പ്രൊഫൈൽ പരിശോധന നടത്തണം.
ഇന്ത്യക്കാരിൽ നല്ല കൊളസ്ട്രോളായ എച്ച്.ഡി.എൽ. പൊതുവേ കുറവാണ്. എൽ.ഡി.എൽ., ട്രൈഗ്ലിസറൈഡ്, ലിപോപ്രോട്ടീൻ എ എന്നിവ കൂടിയും കാണുന്നു. ശാരീരിക പ്രത്യേകതകളും ഭക്ഷണരീതികളുമൊക്കെ ഇതിന് കാരണമാണ്. അതിനാൽ പാശ്ചാത്യരിലെ അളവുകോൽ അഭികാമ്യമല്ല.