ന്യൂഡൽഹി (New Delhi) : യുവാവിന്റെ കാറും ലാപ്‌ടോപ്പും സിനിമയെ വെല്ലുന്ന തരത്തിൽ മോഷ്ടിച്ച ദമ്പതികൾ അറസ്റ്റിൽ. ഡൽഹിയിലെ പാലം സ്വദേശികളായ സന്ദീപ് മുന്ന, റീന (Sandeep Munna and Reena, natives of Palam in Delhi) എന്നിവരാണ് ജാനക്പുരിയിൽ നിന്നും പിടിയിലായത്.ഈ മാസം 22നായിരുന്നു സംഭവം.
കാറും ലാപ്‌ടോപ്പും മോഷണം പോയതിനെ തുടർന്ന് യുവാവ് പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. റോഡരികിൽ നിന്ന ദമ്പതികൾക്ക് ജാനക്പുരിയിലെ സി 2 ബ്ലോക്കിൽ എത്തുന്നതിനായി യുവാവ് ലിഫ്റ്റ് നൽകിയതായി പരാതിയിൽ പറയുന്നു. തുടർന്ന് ദമ്പതികൾ യുവാവുമായി സൗഹൃദത്തിലായി. മൂവരും കാറിൽ ഡൽഹിയിലെ പല സ്ഥലങ്ങളിലും പോയതായും പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു. ഇടയ്ക്ക് യുവാവ് പ്രതികളിൽ ഒരാൾക്ക് കാർ ഓടിക്കുന്നതിനായി ഡ്രൈവർ സിറ്റിൽ നിന്ന് മാറികൊടുത്തു. ഇയാൾ കാറിൽ കയറുന്നതിന് മുൻപ് തന്നെ ദമ്പതികൾ കാറുമായി കടന്നുകളയുകയായിരുന്നു.
യുവാവിന്റെ പരാതിയെ തുടർന്ന് അസിസ്റ്റന്റ് കമ്മീഷണർ സുമ മദ്ദയുടെ നേതൃത്വത്തിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. കാർ കടന്നുപോയ സ്ഥലത്ത് നിന്നുലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ കോളുകളുടെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഇരുവരും ഉത്തംനഗറിലായിരുന്നു താമസമെന്ന് സന്ദീപ് മൊഴി നൽകി. ഇരുവർക്കും കടുത്ത സാമ്പത്തിക ബാദ്ധ്യതകൾ ഉണ്ടായിരുന്നുവെന്നും വീടിന്റെ വാടക പോലും അടയ്ക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് മോഷണം നടത്തിയതെന്നും സന്ദീപ് പറഞ്ഞു.