സിദ്ധാര്‍ഥിന്റെ മരണത്തിന് കാരണക്കാർ എസ്എഫ്ഐ ആണോ?

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram): വയനാട് (Wayanad) വെറ്ററിനറി കോളേജിലെ ബി.വി.എസ്.സി. രണ്ടാംവര്‍ഷ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നിൽ എസ്എഫ്ഐ പ്രവര്‍ത്തകരെന്നു ബന്ധുക്കൾ. അക്രമികള്‍ക്ക് പാര്‍ട്ടിയുടെ സംരക്ഷണമുണ്ടെന്നും ഇവര്‍ രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ അറസ്റ്റ് എത്രയും വേഗം വേണമെന്നുമാവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ട് നിവേദനം നല്‍കി.

ഇക്കഴിഞ്ഞ 18-നാണ് സിദ്ധാര്‍ഥിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് മുമ്പ് സിദ്ധാര്‍ഥിന് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും വ്യക്തമായിരുന്നു. സംഭവത്തില്‍ 12 വിദ്യാര്‍ഥികളെ കോളേജില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. പ്രണയനൈരാശ്യം മൂലമാണ് സിദ്ധാര്‍ഥ് ആത്മഹത്യ ചെയ്തതെന്നാണ് കോളേജില്‍നിന്ന് രക്ഷിതാക്കളെ അറിയിച്ചത്. സിദ്ധാര്‍ഥിനെ 20-ല്‍ അധികം ആളുകള്‍ മര്‍ദ്ദിച്ചിട്ടുണ്ടെന്നാണ് വിവരം. ബെല്‍റ്റ്, കേബിള്‍ വയര്‍ എന്നിവകൊണ്ട് മര്‍ദ്ദിച്ചതിന്റെ പാടുകള്‍ സിദ്ദാര്‍ഥിന്റെ ദേഹത്തുണ്ടായിരുന്നു.

പുറത്തും കൈയിലും നെഞ്ചിലും താടിയിലും കാലിലുമെല്ലാം മര്‍ദനത്തിന്റെ പാടുകളുണ്ട്. സിദ്ധാര്‍ഥിന്റെ ദേഹത്തെ പാടുകള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിട്ടുണ്ട്. 15-ന് വീട്ടിലേക്ക് പോകാനായി എറണാകുളം വരെയെത്തിയ സിദ്ധാര്‍ഥിനെ സഹപാഠികളില്‍ ചിലര്‍ ഹോസ്റ്റലിലേക്ക് തിരികെ വിളിപ്പിച്ചിരുന്നെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. ഹോസ്റ്റലില്‍വെച്ച് ക്രൂരമായി മൂന്നുദിവസം മര്‍ദിച്ചെന്നും ഭക്ഷണവും വെള്ളവും നല്‍കിയിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സിദ്ധാര്‍ഥിനെ മര്‍ദിക്കുന്ന വിവരം സഹപാഠികള്‍ പുറത്തുപറയാതെ മറച്ചുവെച്ചുവെന്ന ഗുരുതര ആരോപണവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്.

തൂങ്ങിമരണമാണെന്ന് പോസ്റ്റുമാർട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെങ്കിലും മൂന്നുദിവസത്തോളം പഴക്കമുള്ള മര്‍ദനത്തിന്റെ പാടുകള്‍ ശരീരത്തിലുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് മരണത്തില്‍ ദുരൂഹതയുണ്ടെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നത്. മാത്രമല്ല സീനിയർ വിദ്യാർഥികൾ സിദ്ധാര്‍ഥിനെ മര്‍ദിച്ചെന്ന് ചില വിദ്യാര്‍ഥികള്‍ ബന്ധുക്കളോട് പറഞ്ഞപ്പോള്‍ മരണത്തില്‍ അസ്വഭാവികതയില്ലെന്നാണ് കോളേജ് അധികൃതര്‍ ആദ്യം നിലപാടെടുത്തത്. ഇതെല്ലാം സംശയത്തിന് ആക്കം കൂട്ടുന്നതാണെന്ന് ഇവര്‍ പറയുന്നു.

മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് സിദ്ധാര്‍ഥിന്റെ രക്ഷിതാക്കള്‍. മകന്‍ മരിച്ച വിവരം കോളേജില്‍ നിന്ന് ഔദ്യോഗികമായി വിളിച്ച് പറഞ്ഞിരുന്നില്ലെന്നും അവിടെത്തന്നെ പി.ജിക്ക് പഠിക്കുന്ന മറ്റൊരു ബന്ധുവാണ് ഇക്കാര്യം അറിയിച്ചതെന്നും സിദ്ധാര്‍ഥിന്റെ ബന്ധുക്കള്‍ പറയുന്നു.

മാത്രമല്ല, സിദ്ധാര്‍ഥിന്റെ മരണത്തിന് ശേഷം കോളേജിലെ ചില വിദ്യാര്‍ഥികള്‍ പറയുന്നത് ഇതൊരു കൊലപാതകമെന്നാണ്. സിദ്ധാര്‍ഥിനെ സീനിയറായിട്ടുള്ള വിദ്യാര്‍ഥികളും അതേ ബാച്ചിലെ വിദ്യാര്‍ഥികളും ക്രൂരമായി മര്‍ദിച്ച് കൊന്നതാണെന്നാണ് അവര്‍ പറഞ്ഞത്.

ഫെബ്രുവരി 16 മുതല്‍ തന്നെ കോളേജിന് സമീപത്തുള്ള ഉയര്‍ന്ന പാറയുടെ മുകളില്‍ വെച്ചും കോളേജിന്റെ വാട്ടര്‍ ടാങ്കിന് അടുത്തുവെച്ചുമൊക്കെ പലദിവസങ്ങളിലായി ഈ വിദ്യാര്‍ഥികള്‍ മര്‍ദിച്ചിട്ടുണ്ട്. മാത്രമല്ല 130-ഓളം വരുന്ന വിദ്യാര്‍ഥികളുടെ മുന്നില്‍ വെച്ച് പരസ്യ വിചാരണ നടത്തിയതായും ബന്ധുക്കള്‍ പറഞ്ഞു.

Leave a Comment