നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളെ ദഹിപ്പിക്കാനും ശരീരത്തില്‍ നിന്ന് മാലിന്യങ്ങളും വിഷവസ്‌തുക്കളുമൊക്കെ നീക്കം ചെയ്യാനുമൊക്കെ സഹായിക്കുന്ന സുപ്രധാന അവയവമാണ് കരള്‍. ബൈല്‍ ജ്യൂസും കരളില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നു. കരളിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ നമ്മുടെ ആരോഗ്യത്തെയും ക്ഷേമത്തെയും പ്രതികൂലമായി ബാധിക്കാം. അനാരോഗ്യകരമായ ഭക്ഷണശൈലി, വ്യായാമമില്ലായ്‌മ, മദ്യപാനം എന്നിവയെല്ലാം കരളിന്റെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഘടകങ്ങളാണ്. കരളിന്റെ ആരോഗ്യം മോശമാണെന്ന സൂചന നല്‍കുന്ന പ്രധാന ലക്ഷണങ്ങള്‍ ഇനി പറയുന്നവയാണ്.
ചര്‍മ്മത്തിന് മഞ്ഞ നിറം
ചര്‍മ്മത്തിനും കണ്ണുകള്‍ക്കും മങ്ങലും മഞ്ഞ നിറവും വരുന്നത് കരളിന്റെ ആരോഗ്യം തൃപ്‌തികരമല്ലെന്ന സൂചന നല്‍കുന്നു. ഈ മഞ്ഞപിത്തം കരള്‍ രോഗത്തിന്റെ മുഖ്യ ലക്ഷണമാണ്.
ചൊറിച്ചില്‍
ചര്‍മ്മത്തിന്റെ നിറം മാറ്റത്തിന് പുറമേ ചൊറിച്ചിലും കരള്‍ രോഗികളില്‍ കാണപ്പെടാറുണ്ട്. കരളിന്റെ ആരോഗ്യപ്രശ്‌നം രക്തത്തിന്റെ ക്ലോട്ടിങ്ങിനെ ബാധിക്കാമെന്നതിനാല്‍ വേഗത്തില്‍ മുറിവ് പറ്റാനും സാധ്യത അധികമാണ്.
അത്യധികമായ ക്ഷീണം
നിരന്തരമായ ക്ഷീണത്തിന് പിന്നിലും ഒരു പക്ഷേ കരള്‍ രോഗമായേക്കാം. ഇതിനാല്‍ നാളുകളായി തുടരുന്ന ക്ഷീണം വരുന്ന പക്ഷം ഡോക്ടറെ കണ്ട് പരിശോധനകള്‍ നടത്തേണ്ടതാണ്.
വിശപ്പില്ലായ്‌മ
കരളിന് വരുന്ന പ്രശ്‌നങ്ങള്‍ ഭക്ഷണത്തെ വിഘടിപ്പിക്കാനുള്ള ശരീരത്തിന്റെ ശേഷിയെ ബാധിക്കും. ഇതിന്റെ ഭാഗമായി വിശപ്പില്ലായ്‌മയും അലസതയും ബാധിക്കാം.
ഓക്കാനവും ഛര്‍ദ്ദിയും
ഓക്കാനവും ഛര്‍ദ്ദിയുമെല്ലാം പല രോഗങ്ങളുടെയും ലക്ഷണമാണെന്നതിനാല്‍ പലപ്പോഴും ഇത് കരളിന്റെ പ്രശ്‌നം മൂലമാണെന്ന് തിരിച്ചറിയപ്പെടാതെ പോകാറുണ്ട്.
പഴങ്ങളും പച്ചക്കറികളും ലീന്‍ പ്രോട്ടീനുകളും ധാരാളമടങ്ങിയ മെഡിറ്ററേനിയന്‍ ഭക്ഷണക്രമം കരളിന്റെ ആരോഗ്യത്തിന് നല്ലതാണ്. മദ്യപാനം ഒഴിവാക്കുന്നതും നിത്യവും 20 മിനിട്ടെങ്കിലും വ്യായാമം ചെയ്യുന്നതും ഗുണം ചെയ്യും.