കടുത്ത വേനലിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് നാടും നഗരവും.. രാവിലെ 9 മണി ആവുമ്പോഴേക്കും സൂര്യന്റെ ചൂടുകൊണ്ട് സഹിക്കാന്‍ വയ്യാത്ത സ്ഥിതിയാണ് ഇപ്പോഴുളളത്.
തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് നടന്നു വരുമ്പോള്‍ ഫുട്പാത്തിനോട് ചേര്‍ന്ന് ഒരു ചെറിയ കുന്നുപോലെ കൂട്ടിയിട്ടിരിക്കുന്ന തണ്ണീര്‍മത്തനുകളാണ് ഏവരുടെയും ശ്രദ്ധയില്‍പ്പെടുന്നത്… പൊള്ളുന്ന വെയിലേറ്റ് നടന്നുവരുന്ന വഴിയാത്രക്കാര്‍ക്ക് ആശ്വാസത്തിനായി കയറി നില്‍ക്കാവുന്ന ഒരു കടയാണത്.
തൃശ്ശൂര്‍ കാളത്തോട് സ്വദേശി മുജീബിന്റെ ഫ്രൂട്ട്‌സ് കടയാണിത്. 28 വര്‍ഷമായി തൃശ്ശൂരില്‍ ഫ്രൂട്ട്‌സ് കട നടത്തുന്നു. മുജീബിന്റെ പിതാവാണ് തൃശൂര്‍ തേക്കിന്‍കാട് എന്നറിയപ്പെടുന്ന പൂരപ്പറമ്പില്‍ ഫ്രൂട്ട്‌സ് കച്ചവടം ആദ്യം തുടങ്ങിയത്.
ഉച്ചവെയിലിന്റെ കാഠിന്യത്തില്‍ വാടി തളര്‍ന്ന് വരുന്നവര്‍ക്ക് ഒരു ഗ്ലാസ് തണ്ണീര്‍ മത്തന്‍ ജ്യൂസ് കുടിക്കുമ്പോള്‍ ആഹാ! എന്താണൊരു സുഖം! ശരീരത്തിന് കുളിര്‍മ്മയും…വിശപ്പാറുന്ന ആശ്വാസവും.
ചെന്നൈയില്‍ നിന്നാണ് തണ്ണിമത്തന്‍ കൂടുതലും തൃശ്ശൂരില്‍ എത്തുന്നത്. മൂന്നുതരം വെറൈറ്റികളാണ് ഇന്ന് വിപണി കീഴടക്കിയിരിക്കുന്നതെന്നാണ് മുജീബ് പറയുന്നത്. മൂന്നിനും പേരുകളും ഉണ്ട്. സാധാരണ വരുന്ന പച്ചനിറത്തിലുള്ള വരയന്‍ തണ്ണിമത്തന് നാംദാരി എന്നും മഞ്ഞനിറത്തിലുള്ള തണ്ണിമത്തന്‍ മൃദുലയും മുഴുവന്‍ പച്ചയായിട്ടുള്ള തണ്ണിമത്തന്‍ അര്‍ക്കാമണി എന്നും അറിയപ്പെടുന്നു. മൈക്രോസിസ് എന്ന നാലാമതൊരു ഇനം കൂടി തണ്ണിമത്തനില്‍ ഉണ്ട്
എല്ലാ സീസണിലും ലഭിക്കുന്ന പഴങ്ങളും മുജീബിന്റെ ഫ്രൂട്ട് സ്റ്റാളില്‍ സുലഭമാണ്. ജ്യൂസ് മുന്തിരിയും, കുരുവില്ലാത്ത മുന്തിരിയിനങ്ങളും ഓറഞ്ച് ഇനങ്ങളും ഇവിടെ ഉണ്ട്. തണ്ണിമത്തന് കിലോയ്ക്ക് 25 രൂപയാണ് വില. വെറൈറ്റി തണ്ണിമത്തന്‍ അനുസരിച്ച് 30 – 35 നിരക്കിലും ഇവിടെ ലഭിക്കും. കൂടാതെ നമ്മുടെ നാട്ടില്‍ സുലഭമായി കിട്ടുന്ന പപ്പായയും, റോബസ്റ്റ പഴവും ഇവിടെ കിട്ടും.
വിവിധ പഴങ്ങള്‍ വാങ്ങാനായി മുജീബിന്റെ ഈ ഫ്രൂട്ട്‌സ് കടയില്‍ നല്ല തിരക്കാണ്. പുലര്‍ച്ചെ തന്നെ പഴങ്ങളുമായി ചെന്നൈയില്‍ നിന്നും ലോറി എത്തും. രാവിലെ 9 ന് തന്നെ ഈ ഫ്രൂട്ട്‌സ് കട തുറക്കും. ഫ്രൂട്ട്‌സ് ആവശ്യക്കാര്‍ക്ക് പാക്ക് ചെയ്തു കൊടുക്കാന്‍ തന്നെ നാല് തൊഴിലാളികളും മുജീബിനോടൊപ്പമുണ്ട്. വേനല്‍ക്കാലം ആയതുകൊണ്ട് തണ്ണീര്‍ മത്തന്‍ കൂടുതല്‍ ചെലവായി പോകുന്നുണ്ടെന്നും മുജീബ് പറയുന്നു. മൃദുല തണ്ണീര്‍ മത്തന്‍ ആണ് ഏറ്റവും ചുവപ്പും മധുരവും കൂടിയ ഇനം. മൃദുല എന്ന പേര് പോലെ മൃദുലവും മധുരവും ആണ് ഈ തണ്ണീര്‍ മത്തന്‍. വേനല്‍ കടുക്കുന്നതോടെ മുജീബിന്റെ കടയില്‍ തിരക്കും വര്‍ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.