ശ്രീപദ്മനാഭന്റെ മണ്ണില്‍ ആറ്റുകാലമ്മയുടെ അനുഗ്രഹം തേടി ഇത്തവണ (Attukal ponkala 2024 )ഭക്തലക്ഷങ്ങള്‍ പൊങ്കാലയിട്ടു.
പണ്ടാര അടുപ്പില്‍നിന്ന് തീ പകര്‍ന്നതോടെ ഭക്തലക്ഷങ്ങള്‍ കാത്തിരുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. തന്ത്രി തെക്കേടത്ത് പരമേശ്വരന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട് ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തി ഗോശാല വിഷ്ണുവാസുദേവന്‍ നമ്പൂതിരിക്ക് നല്‍കി. മേല്‍ശാന്തി ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ തീകത്തിച്ചശേഷം അതേ ദീപം സഹമേല്‍ശാന്തിക്കു കൈമാറി. തുടര്‍ന്ന്, വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാര അടുപ്പിലും തീ പകര്‍ന്നതിനുശേഷം നഗരത്തിലും ക്ഷേത്രപരിസരത്തുമുള്ള പൊങ്കാലക്കളങ്ങളിലും അടുപ്പുകളിലേക്കും തീ പകര്‍ന്നു.
മന്ത്രി വി.ശിവന്‍കുട്ടി, മന്ത്രി ജി.ആര്‍.അനില്‍, മേയര്‍ ആര്യാരാജേന്ദ്രന്‍, ശശിതരൂര്‍ എം.പി, കെ.മുരളീധരന്‍ എം.പി, എ.എ.റഹീം എം.പി. ഒ.രാജഗോപാല്‍, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരും, പ്രമുഖ നേതാക്കളടക്കം പണ്ടാര അടുപ്പില്‍ തീകത്തിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.
തോറ്റം പാട്ടുകാര്‍ കര്‍ണ്ണകീ ചരിതം പാടി അവസാനിപ്പിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത. രാവിലെ അനുഗ്രഹ വര്‍ഷം ചൊരിഞ്ഞ് ചാറ്റല്‍ മഴ പെയ്തു.
ഉച്ചയ്ക്ക് 2.30ന്് പൊങ്കാലനിവേദ്യം നടന്നു. നിവേദ്യസമയത്ത് വായുസേനയുടെ ഹെലികോപ്റ്റര്‍ ആകാശത്തുനിന്ന് പുഷ്പവൃഷ്ടി നടത്തി. നിവേദ്യത്തിനായി 250-ഓളം ശാന്തിമാരെ വിവിധ മേഖലകളില്‍ ക്ഷേത്രം ട്രസ്റ്റ് നിയോഗിച്ചിട്ടുണ്ടായിരുന്നു. രാത്രി 7.30-ന് കുത്തിയോട്ടത്തിന് ചൂരല്‍കുത്ത്. 606 ബാലന്മാരാണ് കുത്തിയോട്ടത്തിനു വ്രതംനോക്കുന്നത്. രാത്രി 11-ന് ദേവിയെ പുറത്തെഴുന്നള്ളിക്കും. തൃക്കടവൂര്‍ ശിവരാജു എന്ന കൊമ്പനാണ് ദേവിയുടെ തിടമ്പേറ്റുന്നത്. കുത്തിയോട്ടം, സായുധ പോലീസ്, പഞ്ചവാദ്യം, കലാരൂപങ്ങള്‍ എന്നിവ അകമ്പടിയാകും.