തിരുവനന്തപുരത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന എല്‍ഡിഎഫിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനെ (pannyan raveendran) മത്സരിപ്പിക്കാന്‍ സിപിഐ തീരുമാനം. ലോക്‌സഭാ തിരഞ്ഞെടുപ്പിനായുളള സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടിക പൂര്‍ത്തിയായി. 26-ാം തീയതിയായിരിക്കും പാര്‍ട്ടി ഔദ്യോഗികമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്നത്.
തിരുവനന്തപുരത്ത് മത്സരം ബിജെപിയും കോണ്‍ഗ്രസും തമ്മിലാകാതിരിക്കാന്‍ ഇടതുമുന്നണിക്ക് ശക്തനായ ഒരു സ്ഥാനാര്‍ത്ഥിയെ ആവശ്യമായിരുന്നു. മന്ത്രി ജി.ആര്‍.അനിലിന്റെ പേരും പരിഗണിച്ചെങ്കിലും ജില്ലാ കമ്മറ്റി ഏകകണ്ഠമായി തിരഞ്ഞെടുത്ത് പന്ന്യനെയാണ്. ജില്ലയില്‍ പൊതുജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനാണ് പന്ന്യന്‍. നിക്ഷ്പക്ഷ വോട്ടുകളും ലക്ഷ്യമിടുന്നുണ്ട്. ആദ്യം മത്സരിക്കാന്‍ വിമുഖത കാണിച്ച പന്ന്യന്‍ പിന്നീട് പാര്‍ട്ടി നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു.
തൃശ്ശൂര്‍- വി.എസ്. സുനില്‍കുമാര്‍, വയനാട്- ആനി രാജ, മാവേലിക്കര- സി.എ. അരുണ്‍കുമാര്‍ എന്നിവരെയും മത്സരത്തിനറാക്കാനാണ് തീരുമാനമായിരിക്കുന്നത്. ഇന്ന് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് സ്ഥാനാര്‍ഥികള്‍ സംബന്ധിച്ച തീരുമാനമായത്.