തിരുവനന്തപുരം: വിദേശത്ത് നിന്ന് മെഡിക്കൽ പഠനം (Medical studies) പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യാൻ അത്ര എളുപ്പമല്ല. വിദേശത്ത് നിന്ന് മെഡിക്കൽ വിദ്യാഭ്യാസം നേടിയവർക്ക് ഇന്ത്യയിൽ ജോലി ചെയ്യാൻ ഫോറിൻ മെഡിക്കൽ ഗ്രാഡ്വേറ്റ് എക്സാം (Foreign Medical Graduate Exam) പാസാകണം. എന്നാല്‍ ഈ യോഗ്യത നേടുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇക്കഴിഞ്ഞ ഡിസംബറിൽ നടന്ന പരീക്ഷയിൽ പാസായത് വെറും 20.57 ശതമാനം പേര്‍ മാത്രമാണ്.
‘നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ ഫോർ ഇന്ത്യൻ ആൻഡ് ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (National Board of Examination for Indian and Overseas Citizens of India) ’ ആണ് യോഗ്യതാ പരീക്ഷ നടത്തുന്നത്. ജൂണിലും ഡിസംബറിലുമായി വർഷത്തിൽ രണ്ടു തവണയാണ് പരീക്ഷ നടത്തുന്നത്. പരീക്ഷയിൽ യോഗ്യത നേടിയാല്‍ മാത്രമേ ദേശീയ മെഡിക്കൽ കമ്മിഷന്റെ ( National Medical Commission) യോ സംസ്ഥാന മെഡിക്കൽ കമ്മിഷന്റെ (State Medical Commission) യോ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് (Certificate of Registration) ലഭിക്കുകയുള്ളു. ഇക്കഴിഞ്ഞ ഡിസംബറിൽ 37,827 പേര്‍ പരീക്ഷ എഴുതിയതിൽ 7781 പേർക്കാണ് ആകെ യോഗ്യത ലഭിച്ചത്. 2023 ജൂണിൽ നടത്തിയ പരീക്ഷയിൽ 10.20 ശതമാനം പേരാണ് യോഗ്യത നേടിയത്. “വിദേശരാജ്യങ്ങളിൽ നിന്ന് എംബിബിഎസ് നേടുന്ന വിദ്യാർത്ഥികളോട് ഇന്ത്യയിൽ വിവേചനം കൂടുതലാണ്. പിജി നിലവാരത്തിലുള്ള ചോദ്യങ്ങളാണ് എഫ്എംജിഇ പരീക്ഷയിൽ ചോദിക്കുന്നത്. ഇന്ത്യയിൽ പഠിച്ച മെഡിക്കൽ വിദ്യാർത്ഥികൾക്കും അത് പാസാകാന്‍ പാടാണ്”; അസോസിയേഷൻ ഓഫ് ഫോറിൻ ഗ്രാഡ്വേറ്റഡ് ഫിസിഷൻസ് അംഗം ഡോ.രാമകൃഷ്ണ ബാബു (Dr. Ramakrishna Babu, Member of Association of Foreign Graduated Physicians) പറഞ്ഞു. കഴിഞ്ഞ പത്തു വർഷത്തെ കണക്കെടുത്താൽ 2013- 14.5%, 2014 – 4.93%, 2015- 10.40%, 2016- 11.22%, 2017- 7.41%, 2018- 10.2%, 2019-20.7%, 2020- 9.94%, 2021- 23.91%, 2022- 10.61%, 2023- 20.57% എന്നിങ്ങനെയാണ് വിജയ ശതമാനം.
300 മാർക്കിന് നടത്തുന്ന പരീക്ഷയിൽ യോഗ്യത നേടാൻ കുറഞ്ഞത് 150 മാർക്ക് നേടണം. കണക്കുകൾ പ്രകാരം യുക്രൈൻ, റഷ്യ, തജികിസ്താൻ, ജോർജിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എംബിബിഎസ് നേടുന്ന വിദ്യാർത്ഥികളെ അപേക്ഷിച്ച് ഫിലിപ്പീൻസ്, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് മെഡിക്കൽ പഠനം കഴിഞ്ഞെത്തുന്നവർ കൂടുതലായി എഫ്എംജിഇ യോഗ്യത നേടുന്നുണ്ട്. “നീറ്റ് പിജി പരീക്ഷയെക്കാൾ കഠിനമായാണ് എഫ്എംജിഇ ചോദ്യപേപ്പർ സെറ്റ് ചെയ്യുന്നത്. പാസാകാനും പാടാണ്. വർഷങ്ങൾ ഇതിനു വേണ്ടി കളയുന്നത് വിദ്യാർത്ഥികൾക്ക് സമ്മർദ്ദം ഉണ്ടാക്കുന്നുണ്ട്”; യുക്രൈനിൽ നിന്ന് പഠനം പൂർത്തിയാക്കിയ അനുപമ വേണുഗോപാൽ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു. 2023 ജൂലൈയിൽ പഠനം പൂർത്തിയാക്കിയ അനുപമയ്‌ക്ക് ആദ്യ ശ്രമത്തിൽ എഫ്എംജിഇ യോഗ്യത നേടാൻ കഴിഞ്ഞു. എന്നാൽ തനിക്ക് മുൻപ് പഠനം കഴിഞ്ഞെത്തിയ നിരവധിപേർ രണ്ടും മൂന്നും വട്ടം എഴുതിയിട്ടും പാസാകാന്‍ കഴിയാത്ത വിഷമത്തിലാണെന്നും അനുപമ പറയുന്നു.
യുക്രൈനിൽ നിന്ന് പഠനം പൂർത്തിയാക്കി എത്തിയ മകൾ ലവ്‌ലി എഫ്എംജിഇ പരീക്ഷ പാസാകുമോ എന്ന ആശങ്കയിൽ ആയിരുന്നെന്ന് അമ്മ ലിസ പറഞ്ഞു. ആദ്യ ശ്രമത്തിൽ മകള്‍ പാസായെങ്കിലും പൊതുവില്‍ വിജയശതമാനം കുറവാണെന്നത് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന സമയത്ത് സമ്മർദ്ദം ഉണ്ടാക്കിയിരുന്നെന്നും ലിസ പറഞ്ഞു. “നാഷണൽ എക്സിറ്റ് ടെസ്റ്റ് (എൻഇഎക്സ്ടി) നടപ്പാക്കിയാൽ ഇവിടെ പഠിച്ച വിദ്യാർത്ഥികളും അത് എഴുതേണ്ടി വരും. അതുകൊണ്ട് എൻഇഎക്സ്ടിയുടെ കാഠിന്യം കുറയ്ക്കും. ഇത് വിദേശ വിദ്യാഭ്യാസം നേടിയവർക്കും ഗുണം ചെയ്യും. ഇന്ത്യയിൽ പഠിക്കുന്ന കുട്ടികളുടെ അവസരം കുറയുമെന്ന് പേടിച്ചാണ് എൻഇഎക്സ്ടിനെ ഇവിടെയുള്ളവർ എതിർക്കുന്നത്”; ഡോ. രാമകൃഷ്ണ ബാബു പറഞ്ഞു. ഇത്തരം പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ വിദേശ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഇന്ത്യയിൽ നിൽക്കാതെ മറ്റ് രാജ്യങ്ങളിലേക്ക് ചേക്കേറുകയാണ്.