കോട്ടയം (Kottayam) : സ്വന്തം പാർട്ടിപോലും ഇല്ലാതാക്കി ബി.ജെ.പിയിലെത്തിയ മുൻ എം.എൽ.എ പി.സി. ജോർജി (MLA PC George) ന്റെ സ്ഥാനാർഥിത്വം ത്രിശങ്കുവിൽ. പത്തനംതിട്ടയിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്ര (BJP State President K. Surendran) നെ സ്ഥാനാർഥിയാക്കുന്നതാകും ഉചിതമെന്ന് പാർട്ടി സർവേ വ്യക്തമാക്കുമ്പോൾ, ജോർജിനെ സ്ഥാനാർഥിയാക്കരുതെന്ന പരസ്യ നിലപാടിലാണ് എൻ.ഡി.എ (N D A) ഘടകകക്ഷിയായ ബി.ഡി.ജെ.എസ്. (B D J S ) പത്തനംതിട്ട മാറ്റി ജോർജിനെ കോട്ടയത്ത് സ്ഥാനാർഥിയാക്കാമെന്ന് വിചാരിച്ചാൽ അവിടെ സ്ഥാനാർഥിയാകാൻ ബി.ഡി.ജെ.എസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി ഒരുങ്ങിനിൽക്കുന്നുമുണ്ട്. ജോർജിനെ മത്സരിപ്പിക്കണമെങ്കിൽ ബി.ജെ.പി ദേശീയ നേതൃത്വത്തിന് ഏറെ പ്രയാസപ്പെടേണ്ടിവരും.
ആ സാഹചര്യം നിലനിൽക്കെയാണ് പി.സി. ജോർജ് സ്ഥാനാർഥിയാകുന്നതിനോടുള്ള എതിർപ്പ് ബി.ഡി.ജെ.എസും പരസ്യമാക്കുന്നത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ (SNDP Yogam General Secretary Vellapally Natesan) കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ ജോർജിനെതിരെ പരസ്യപ്രതികരണം നടത്തിയിരുന്നു. അത് ബി.ഡി.ജെ.എസിന്റെ നിലപാടിന്റെ ഭാഗമാണെന്നും കരുതുന്നു.
ആ സാഹചര്യംകൂടി നിലനിൽക്കെ പി.സി. ജോർജിന് പത്തനംതിട്ടയിലെ സ്ഥാനാർഥിത്വം വെല്ലുവിളിയാകുകയാണ്. കോട്ടയത്ത് സ്ഥാനാർഥിയാകാമെന്ന് വിചാരിച്ചാൽ അവിടെയും ബി.ഡി.ജെ.എസിന്റെ എതിർപ്പ് ഉറപ്പാണ്. ജോർജിന് പകരം കോട്ടയം ജില്ല പഞ്ചായത്ത് അംഗമായ മകൻ ഷോൺ ജോർജിനെ മത്സരിപ്പിച്ചാൽ ബി.ഡി.ജെ.എസിന് വലിയ എതിർപ്പില്ലെന്നാണ് വിവരം. അതിനിടെ ജോർജ് മുമ്പ് നടത്തിയ പല മുസ്ലിം, മോദി വിരുദ്ധ പരാമർശങ്ങളും എതിരാകുമോയെന്ന ആശങ്കയും ബി.ജെ.പി നേതൃത്വത്തിനുണ്ട്.