തിരുവനന്തപുരം (Thiruvananthapuram:): കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് (Driving test) രീതികളില്‍ സമൂലമായ മാറ്റം വരുന്നു. പുതിയ പരിഷ്കാരങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ബൈക്കിന്റേയും ഓട്ടോറിക്ഷയുടേയും ഡ്രൈവിങ് ടെസ്റ്റുകള്‍ പതിവ് പോലെ തുടരുമെങ്കിലും കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങളുടെ ടെസ്റ്റ് (Test of light motor vehicles) പുതിയ രീതിയിലായിരിക്കും.
കമ്പി കുത്തി, അതിന് മുകളില്‍ റിബണ്‍ കെട്ടിയുമൊക്കെയാണ് നിലവില്‍ എച്ച് പൂർത്തീകരിക്കുന്നത്. ഇതിന് ശേഷം റോഡ് ടെസ്റ്റിലും വിജയിച്ചാല്‍ ഡ്രൈവിങ് ലൈസന്‍സ് (Driving license) ലഭിക്കും. എന്നാല്‍ ഈ രീതിയെല്ലാം അടുമുടി മാറും. മെയ് മാസം മുതല്‍ കോൺക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ് ടെസ്റ്റ് (Driving test) നടത്താന്‍.
ആംഗുലർ പാർക്കിങ് (Angular parking) (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, റിവേഴ്സ് പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (Parallel parking, reverse parking, zig zag driving) (എസ് വളവു പോലെ), കയറ്റത്തു നിർത്തി പിന്നോട്ടു പോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയവ ഉറപ്പായും വിജയിക്കേണ്ടി വരും. നിലവില്‍ സംസ്ഥാനത്ത് മോട്ടർ വാഹനവകുപ്പിന് 10 ടെസ്റ്റിങ് സ്റ്റേഷനുകളാണ് സ്വന്തമായുള്ളത്.
ബാക്കിയുള്ളയിടത്ത് കളിസ്ഥലവും ആരാധനാലയങ്ങളുടെ ഉൾപ്പെടെ ഗ്രൗണ്ടുകളും പുറമ്പോക്കു ഭൂമിയുമാണ് ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്നത്. സർക്കാർ സ്വന്തമായി ഭൂമി എടുക്കുന്നതിന് പകരം ടെസ്റ്റിങ് സ്ഥലം സജ്ജമാക്കേണ്ടത് ഡ്രൈവിങ് സ്കൂളുകളാണെന്നാണ് ഗതാഗത വകുപ്പ് മന്ത്രിയുടെ നിർദേശം. എന്നാല്‍ ഈ നിർദേശം ചില ഡ്രൈവിങ് സ്കൂളുകള്‍ അംഗീകരിച്ചിട്ടില്ല.
നിലവിലെ രീതിയില്‍ തന്നെ എച്ച് എടുക്കാമെങ്കിലും പാര്‍ക്കിങ് അടക്കമുള്ളവയ്ക്ക് കുറച്ചുകൂടി സൗകര്യങ്ങള്‍ ആവശ്യമാണ്. ഇത്തരത്തില്‍ ടെസ്റ്റ് ഗ്രൌണ്ട് തയ്യാറാക്കാന്‍ അഞ്ച് ലക്ഷം രൂപ വരെ ചെലവാകുമെന്നാണ് ഡ്രൈവിങ് സ്‌കൂള്‍ ഉടമകള്‍ പറയുന്നത്. സർക്കാറിന്റെ പത്തെണ്ണത്തിന് പുറമെയുള്ള 76 എണ്ണവും പൊതു സ്ഥലങ്ങളാണ്. ഇവിടെ ഇവിടെ സ്ഥിരം സംവിധാനമൊരുക്കാന്‍ സാധിക്കുകയുമില്ല. ഈ സാഹചര്യത്തില്‍ പുതിയ സ്ഥലം കണ്ടെത്തേണ്ടി വരും.
സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസൻസുകളുടെ എണ്ണം കുറയ്ക്കാൻ ഉദ്ദേശിക്കുന്നുവെന്നും ക്വാളിറ്റി ഉറപ്പ് വരുത്തുമെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞിരുന്നു. ലൈസന്‍സ് ഉണ്ടെങ്കിലും വാഹനം ഓടിക്കാന്‍ അറിയില്ലെന്ന് പറയുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട്. വാഹനം റോഡിൽ ഇറക്കി ഓടിച്ചു പോവുക എന്നല്ലാതെ വൃത്തിയായി ഒന്നു പാർക്ക് ചെയ്യാനോ റോഡിലുള്ള മറ്റ് ഡ്രൈവർമാരെ കൂടെ പരിഗണിച്ച് വാഹനങ്ങൾ ഉപയോഗിക്കാനോ അറിയാത്ത നിരവധി പേരുണ്ടെന്നും മന്ത്രി പറഞ്ഞിരുന്നു.