ഇന്നു മുതല്‍ സ്‌കൂളുകളില്‍ വെള്ളം കുടിക്കാന്‍ മണി മുഴങ്ങും……….

Written by Web Desk1

Published on:

തിരുവനന്തപുരം (Thiruvananthapuram): സംസ്ഥാനത്ത് വേനല്‍ച്ചൂട് കനക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വെള്ളം കുടിക്കാനായി പ്രത്യേക ഇടവേള നല്‍കുന്ന വാട്ടര്‍ ബെല്‍ (Water bell) സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. രാവിലെ 10 ന് മണക്കാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി (Education Minister V. Shivankutty at Manakkad Vocational Higher Secondary School) ഉദ്ഘാടനം ചെയ്യും. നിലവിലെ ഇടവേളയ്ക്ക് പുറമേയാണ് അഞ്ചു മിനിറ്റ് സമയം വെള്ളം കുടിക്കാന്‍ നല്‍കുന്നത്. രാവിലെ 10.30നും ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്കുമായിരിക്കും വാട്ടര്‍ ബെല്‍ മുഴങ്ങുക. ഈ സമയങ്ങളിലാണ് വെള്ളം കുടിക്കേണ്ടത്. വീട്ടില്‍നിന്നും വെള്ളം കൊണ്ടുവരാത്ത വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ കുടിവെള്ളത്തിനുള്ള സൗകര്യം ഒരുക്കണം.

സംസ്ഥാനത്ത് ഇപ്പോള്‍ ഉയര്‍ന്ന താപനിലയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലേതിനേക്കാള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കുന്നു. കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം (Kozhikode, Kannur and Thiruvananthapuram) ജില്ലകളില്‍ സാധാരണയേക്കാള്‍ മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയര്‍ന്നേക്കാമെന്നും പകല്‍ 11 മണി മുതല്‍ 3 വരെ പ്രത്യേക ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

കോഴിക്കോട് ഉയര്‍ന്ന താപനില 37°C വരെയും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രിവരെയും ഉയരാമെന്നാണ് മുന്നറിയിപ്പ്. പകല്‍ സമയങ്ങളില്‍ പുറത്തിറങ്ങുന്നവര്‍ സൂര്യാഘാത സാധ്യത കണക്കിലെടുത്ത് സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. വിദ്യാര്‍ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അംഗനവാടി കുട്ടികള്‍ക്ക് ചൂട് ഏല്‍ക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാന്‍ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണമെന്നും കാലാവസ്ഥാ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു.

See also  വയനാട്ടിൽ കോളറ ബാധിച്ച് യുവതി മരിച്ചു; 10 പേർ ചികിത്സയിൽ …

Related News

Related News

Leave a Comment