EPF പെൻഷൻ; തൊഴിലാളികളെ വഞ്ചിക്കരുത്

Written by Web Desk1

Updated on:

കഴിഞ്ഞ 10 വർഷമായിട്ടും ഇ പി എഫ് മിനിമം പെൻഷൻ തുക (EPF Minimum Pension Amount) വർദ്ധിപ്പിക്കാത്തതും ശമ്പളത്തിന് ആനുപാതികമായുള്ള ഉയർന്ന പെൻഷൻ സംബന്ധിച്ച അനിശ്ചിതത്വം ഇപ്പോഴും നിലനിൽക്കുകയാണ്. പെൻഷൻ ഔദാര്യമല്ലെന്നും അവകാശമാണെന്നും തിരിച്ചറിയാത്ത സംവിധാനമാണ്. നമുക്കുള്ളതെന്നുംവേണം വിചാരിക്കാൻ.

ജോലിയിലിരിക്കെ ശമ്പളത്തിൽ നിന്നും പ്രതിമാസ വിഹിതം നല്കിയിട്ടുപോലും ന്യായമായ പെൻഷൻ ലഭിക്കുന്നതിനായി തൊഴിലാളികൾ ഇത്രയും നീണ്ട നിയമ യുദ്ധം നടത്തേണ്ടിവന്ന സാഹചര്യം ലോകത്ത് മറ്റൊരിടത്തും ഉണ്ടായിട്ടില്ല. വിവിധ സംസ്ഥാനങ്ങളിലെ ഹൈക്കോടതികളും രാജ്യത്തെ പരമോന്നത നീതിപീഠവും തൊഴിലാളികൾക്ക് അനുകൂലമായി പലതവണ വിധി നൽകിയിട്ടും അതിനെതിരെ പുനഃപരിശോധനാ ഹർജിയുമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ കോടതിയിലെത്തി. ഏറ്റവുമൊടുവിൽ എല്ലാ ഹർജികളും ഒന്നിച്ച് തീർപ്പാക്കിക്കൊണ്ട് 2022 നവംബറിൽ സുപ്രീംകോടതി വിധി പ്രഖ്യാപിച്ചു.

ആ അനുകൂല വിധി ലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തിൽ എത്രയും വേഗം ആശ്വാസമായി തീരുമെന്നാണ് രാജ്യം കരുതിയത്. എന്നാൽ ഇതുസംബന്ധിച്ച ആശയകുഴപ്പവും ആശങ്കയും ഇപ്പോഴും വിട്ടൊഴിഞ്ഞിട്ടില്ലെന്നത് നിരാശാജനകമാണ്. ശമ്പളത്തിന് ആനുപാതികമായി ഉയർച്ച പി എഫ് പെൻഷൻ അനുവദിക്കുന്നതിൽ ഇനിയുമേറെ വ്യക്തതയും സുതാര്യതയും വരേണ്ടതുണ്ട്.

ഉയർന്ന പി എഫ് പെൻഷനുമായി ബന്ധപ്പെട്ട് തൊഴിൽദാതാക്കൾക്ക് ജീവനക്കാരുടെ ശമ്പള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ മെയ് 31 വരെ കേന്ദ്രം സമയം നീട്ടി നൽകിയിരിക്കുകയാണ്. മൂന്നാം തവണയാണ് സമയം നീട്ടുന്നത്.

ഉയർന്ന പി എഫ് പെൻഷൻ തുകയടക്കാൻ ആവശ്യപ്പെട്ടുള്ള അറിയിപ്പ് കേരളത്തിൽ പലർക്കും ലഭിച്ചുകൊണ്ടിരിക്കയാണ്. അറിയിപ്പ് ലഭിച്ചവർ പി എഫ് ഓഫീസിലെത്തി എത്ര രൂപ പെൻഷൻ ലഭിക്കുമെന്ന് ചോദിച്ചാൽ വ്യക്തമായ മറുപടി ലഭിക്കാറില്ല. ലക്ഷങ്ങൾ അടയ്ക്കാൻ ആവശ്യപ്പെടുമ്പോൾ എത്ര രൂപ പെൻഷൻ കിട്ടുമെന്നറിയാൻ പെൻഷൻകാർക്ക് ന്യായമായും അവകാശമുണ്ടെന്ന കാര്യം ബന്ധപ്പെട്ടവർ മറന്നുകൂടാ.

ഉയർന്ന പെൻഷനു അർഹതയില്ലാത്ത ലക്ഷക്കണക്കിന് പി എഫ് പെൻഷൻകാരുടെ നെഞ്ചിലെ സങ്കടം കൂടി അധികൃതർ അറിയണം. മിനിമം പെൻഷൻ ആയി 2014 ൽ അനുവദിച്ച തുകയാണ് ഇപ്പോഴും നിലവിലുള്ളത്. കുറഞ്ഞ പെൻഷൻ ആയിരം രൂപയിൽ നിന്ന് വർധിപ്പിക്കണമെന്ന അടിയന്തിരാവശ്യം ഇപ്പോഴും തീരുമാനമാകാതെ നീളുകയാണ്. ഈ തുക തന്നെ മുഴുവനായി ഇപ്പോഴും പലർക്കും കിട്ടുന്നില്ല
സുപ്രീം കോടതി വിധിയുടെ അന്തഃസത്ത നഷ്ടപ്പെടുത്താത്ത വിധം അനുവദിച്ച പെൻഷനെങ്കിലും വെട്ടിക്കുറവ് വരുത്താതെ നൽകാനുള്ള നടപടി ഇ പി എഫ് ഓയുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതാണ്. മിനിമം പെൻഷൻ തുക കാലാനുസൃതം വർധിപ്പിക്കാനും അടിയന്തിര നടപടി ഉണ്ടാകേണ്ടതാണ്.

See also  തെരെഞ്ഞെടുപ്പ് എത്തി, വോട്ടെടുപ്പ് സുതാര്യമാവണം

Leave a Comment