വയനാട് : വയനാട്ടിലെ ആളെക്കൊല്ലി കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാനുള്ള ദൗത്യം ഇന്നും തുടരും. ആന മണ്ണുണ്ടി പ്രദേശത്ത് തന്നെ വനമേഖലയിൽ തുടരുന്നതായാണ് വനം വകുപ്പിന് ലഭിച്ച വിവരം. ആനയെ ട്രാക്ക് ചെയ്യാനുള്ള സംഘം രാവിലെ വനത്തിലേക്ക് തിരിക്കും. റേഡിയോ കോളർ സിഗ്നൽ ലഭിക്കുന്ന മുറയ്ക്ക് മയക്കുവെടി വെക്കാനുള്ള സംഘവും കാടുകയറും. ഇന്നലെ രണ്ടു തവണ ആനയുടെ അടുത്ത് വനം വകുപ്പ് സംഘം എത്തിയിരുന്നു. എന്നാൽ മയക്കുവെടി വെയ്ക്കാനുള്ള ശ്രമം വിജയിച്ചില്ല. മുള്ള് പടർന്ന അടിക്കാടാണ് ആനയെ പിടികൂടാനുള്ള ദൗത്യത്തെ ബാധിക്കുന്നത്. ബേലൂർ മഗ്‌നക്കൊപ്പം മറ്റൊരു മോഴയാനയെയും കണ്ടത് ദൗത്യത്തിന് വെല്ലുവിളിയാണ്. ആന ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കാൻ ഇന്നലെ രാത്രിയും വനം വകുപ്പ് പ്രദേശത്ത് കോമ്പിംഗ് നടത്തിയിരുന്നു.
Related News