കുടുംബ കോടതി ഫീസ് വർദ്ധന മനുഷ്യാവകാശ ലംഘനം

Written by Web Desk1

Updated on:

കുടുംബ കോടതികളിൽ(Family Court) വസ്തു സംബന്ധമായ കേസുകൾ നൽകുന്നതിന്റെ ഫീസ് കൂട്ടാനുള്ള ബജറ്റ് ശുപാര്ശ നടപ്പാക്കിയാൽ സ്ത്രീകളുടെ ദുരിതം ഇരട്ടിയാകും. വിവാഹ തർക്കങ്ങൾ തുടർന്നുള്ള റിക്കവറി കേസുകൾ നല്കുന്നവരിൽ 90 ശതമാനത്തിലേറെയും സ്ത്രീകളാണ്. വിവാഹ വേളയിൽ നൽകിയതും ഭർത്താവിന്റെ നിയന്ത്രണത്തിലുള്ളതുമായ സ്വർണ്ണവും പണവും ഉൾപ്പെടെ വസ്തുക്കൾ വിട്ടുകിട്ടാൻ വേണ്ടിയാണു സ്ത്രീകൾ റിക്കവറി കേസുകൾ നൽകാറുള്ളത്.താൻ വാങ്ങി നൽകിയ വസ്തുക്കളും ആഭരണങ്ങളുമൊക്കെ വിട്ടുകിട്ടാൻ പുരുഷന്മാരും അപൂർവമായി ഇത്തരം കേസുകൾ നൽകാറുണ്ട്.

കുടുംബ കോടതിയിലെ(Family Court) വസ്തുകേസുകൾക്കുള്ള കോടതി ഫീസ് വർധിപ്പിച്ചത് മനുഷ്യാവകാശ ലംഘനമാണ്. പ്രധാനമായും സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള ഭരണഘടനാ അവകാശം നിഷേധിക്കുന്ന സ്ഥിതിയാകും ഉണ്ടാവുക. സമ്പന്ന കുടുംബത്തിലെ അംഗമാണെങ്കിലും ഉടുതുണി മാത്രമായി വീട്ടിലേക്ക് മടങ്ങിയശേഷം റിക്കവറി കേസ് നല്കേണ്ടിവരുന്ന സ്ത്രീകളുമുണ്ട്.സ്ത്രീധന നിരോധന നിയമം നിലനിൽക്കുകയും രഹസ്യ ഇടപാടായി സ്ത്രീധനം തുടരുകയും ചെയ്യുന്നതിനാൽ തെളിവുപോലുമില്ലാതെ സ്വന്തം വസ്തുവകകൾക്കു വേണ്ടി സ്ത്രീകൾ പോരാടേണ്ടി വരും. നിയമ സേവന സംവിധാനങ്ങൾ വഴി അഭിഭാഷകരുടെ സേവനം സൗജന്യമായി ലഭിക്കുമെങ്കിലും വർധിച്ച കോടതി ഫീസ് എങ്ങനെ താങ്ങും. കൈവശത്തിലില്ലെങ്കിലും സ്വത്ത് ഉള്ളതിനാൽ കോടതി ഫീസിൽ ഇളവുതേടി പാപ്പർ ഹർജി കൊടുക്കാനും സാങ്കേതിക തടസ്സമുണ്ട്.

കുടുംബ കോടതികൾ സ്ഥാപിതമാകും മുൻപ് ഇത്തരം തർക്കങ്ങളിൽ സിവിൽ സ്യൂട്ട് നൽകുമ്പോൾ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണ് ഫീസ് ഈടാക്കിയിട്ടുള്ളത്. കുടുംബ കോടതികൾ വന്നതോടെ വിവാഹ തർക്കവുമായി ബന്ധപ്പെട്ട വസ്തുകേസുകൾ ഫയൽ ചെയ്യാൻ ഫീസ് 50 രൂപ മതിയെന്നായി. എന്നാൽ ബജറ്റിലെ നിർദ്ദേശമനുസരിച്ച് ഈ ഫീസ് രണ്ടു ലക്ഷം രൂപ വരെ ആകും. ഒരു ലക്ഷം രൂപ വരെയുള്ള വസ്തുക്കളെ സംബന്ധിച്ച കേസുകളിൽ 200 രൂപ യാണ് ഫീസ്. ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള കേസുകളിൽ ക്ലെയിം തുകയുടെ അര ശതമാനമാണ് ഫീസ്. 5 ലക്ഷം രൂപയ്ക്ക് മേലുള്ള കേസുകളിൽ ക്ലെയിം തുകയുടെ ഒരു ശതമാനം ഫീസ് അ ടയ്ക്കണം. ഫീസ് പരമാവധി രണ്ടു ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്. ഇത്തരം കേസുകൾ വൻതോതിൽ വർധിച്ച സാഹചര്യത്തിൽ അനാവശ്യ വ്യവഹാരം ഒഴിവാക്കാൻ വേണ്ടിയുള്ള നടപടിയെന്നാണ് വിശദീകരണം.

എന്നാൽ ചുരുക്കം ചിലവ ഒഴിച്ച് നിറുത്തിയാൽ എല്ലാം അത്യാവശ്യ കേസുകളാണെന്നും സ്ത്രീകൾ സ്വന്തമായി അനുഭവിക്കേണ്ട വസ്തുവകകൾ തിരിച്ചു കിട്ടാൻ വേണ്ടിയാണു കേസുകൾ നൽകുന്നതെന്നും കുടുംബ കോടതികളി ൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

എന്തായാലും സ്ത്രീകളുടെ ദുരിതം ഇരട്ടിയാകുന്ന നടപടികൾ തന്നെയാണ്.

Leave a Comment