കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പട്ടെ അജീഷിന്റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി; കുടുംബത്തിന് 10 ലക്ഷം രൂപ. ഒരു പകല്‍ നീണ്ട പ്രതിഷേധം അവസാനിപ്പിച്ച് നാട്ടുകാര്‍

Written by Taniniram

Published on:

മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ അജീഷ് (47) കൊല്ലപ്പെട്ടത് ശനിയാഴ്ച രാവിലെയാണ്. ആനയെ കണ്ട് രക്ഷപ്പെടാനായി സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്.

തുടര്‍ന്ന് നാട്ടുകാരുടെ വന്‍പ്രതിഷേധമാണ് ഉണ്ടായത്. സംഭവസ്ഥലത്തെത്തിയ കളക്ടര്‍ രേണുരാജിനെ കൂകി വിളിച്ചു. പിന്നീട് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സബ്കളക്ടറുടെ ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ അടിയന്തരമായി നല്‍കാനും അജീഷിന്റെ ഭാര്യക്ക് സ്ഥിരം ജോലി നല്‍കാനും തീരുമാനമായി.

നഷ്ടപപരിഹാര തുകയായ പത്ത് ലക്ഷം രൂപ തിങ്കളാഴ്ച അജീഷിന്റെ കുടുംബത്തിന് കൈമാറും. കുടുംബത്തിന് 50 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു കുടുംബത്തിന്റെ ആവശ്യം. ബാക്കി 40 ലക്ഷം രൂപ കൈമാറുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാറിലേക്ക് ശുപാര്‍ശ നല്‍കാനാണ് തീരുമാനം. പണം ലഭിക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികള്‍ ശ്രമിക്കുമെന്നും ധാരണയായതായി തഹസില്‍ദാര്‍ (ലാന്‍ഡ് ട്രിബ്യൂണല്‍) എം.ജെ. അഗസ്റ്റിന്‍ അറിയിച്ചു.

അജീഷിന്റെ മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചു. കുടുംബത്തിന്റെ കടബാധ്യതകള്‍ എഴുതിത്തള്ളുന്ന ആവശ്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ അനുകൂല പരിഗണന നല്‍കും. കാട്ടാനയെ മയക്കുവെടിവച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാനും യോഗത്തില്‍ തീരുമാനമായി.

See also  നാടെങ്ങും ശിവരാത്രി മയം

Leave a Comment