കാട്ടാനയുടെ ആക്രമണത്തിൽ പ്രതിഷേധിച്ച് മാനന്തവാടിയിൽ വൻസംഘർഷം

Written by Web Desk1

Published on:

വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമല പനച്ചിയിൽ സ്വദേശി അജീഷ് കുമാറിന്റെ മൃതദേഹവുമായാണ് നാട്ടുകാർ മാനന്തവാടി ടൗണിൽ പ്രതിഷേധിക്കുന്നത്.മാനന്തവാടിയിൽ ഇന്ന് പുലർച്ചെയിറങ്ങിയ കാട്ടാനയെ നിരീക്ഷിക്കുന്നതിൽ വനം വകുപ്പിന് ഗുരുതര വീഴ്ച പറ്റിയെന്ന് നാട്ടുകാർ ആരോപിച്ചു. പുലർച്ചെ നാല് മണി മുതൽ ജനവാസ മേഖലയിൽ ആനയുണ്ടായിട്ടും വനം വകുപ്പ് നാട്ടുകാർക്ക് യാതൊരു മുന്നറിയിപ്പും നൽകിയിട്ടില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.

സംഭവത്തെ തുടർന്ന് നാല് താലൂക്കുകളിലായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, മൈസൂരു, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങളിലേക്കുളള റോഡുകൾ ഉപരോധിച്ചാണ് നാട്ടുകാ‌ർ പ്രതിഷേധം നടത്തുന്നത്.
മാനന്തവാടി മെഡിക്കൽ കോളേജിലേക്കെത്തിയ എസ്‌പി ടി നാരായണനെ നാട്ടുകാർ വഴിയിൽ തടഞ്ഞു. ആശുപത്രിയിലേക്ക് നടന്നുപോകാൻ എസ്‌പിയോട് നാട്ടുകാർ ആവശ്യപ്പെട്ടു. പ്രതിഷേധ സ്ഥലത്തേക്ക് ജില്ലാ കളക്ടർ രേണു രാജുവും പൊലീസ് സംഘവും എത്തിയിട്ടുണ്ട്. വിവിധ രാഷ്ട്രീയ പാർട്ടികൾ നാട്ടുകാരെ അനുനയിപ്പിക്കാൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഫലപ്രദമാകുന്നില്ല.

വളരെയധികം ശക്തമായി വയനാട്ടിലെ ജനങ്ങൾ പ്രതിഷേധിക്കുമെന്ന് നാട്ടുകാരിലൊരാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. വയനാട് മരിച്ചുകൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോഴുളളത്. വനംവകുപ്പിന്റെ ഒരു ഉദ്യോഗസ്ഥൻ പോലും ഈ ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.ഡിഎഫ്ഒ സംസാരിക്കാനായി മുഖം തന്നിട്ടില്ല. സർക്കാരിന്റെ ഭാഗത്ത് നിന്നും ശക്തമായ നീക്കങ്ങൾ ഉണ്ടാകാത്തത് ഖേദകരമായ കാര്യമാണെന്ന് നാട്ടുകാർ പ്രതികരിക്കുന്നു.ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് കാട്ടാന അജീഷിനെ ആക്രമിച്ചത്. കർണാടക റേഡിയോ കോളർ പിടിപ്പിച്ച മോഴയാനയാണ് കാടിറങ്ങി ആക്രണം നടത്തിയത്. മാസങ്ങൾക്ക് മുമ്പ് ഈ ആന വയനാട് വന്യജീവി സങ്കേതത്തിലും പിന്നീട് സൗത്ത് വയനാട് വനം ഡിവിഷനിലും എത്തിയതായി സ്ഥിരീകരിച്ചിരുന്നു

Leave a Comment