അടിമാലി: ഇടുക്കി അടിമാലിയിൽ ദയാവധത്തിന് തയാർ എന്ന ബോർഡ് സ്ഥാപിച്ച് വൃദ്ധ ദമ്പതികളുടെ പ്രതിഷേധം. വികലാംഗയായ 63 കാരി ഓമനയും ഭർത്താവ് 72 വയസ്സുള്ള ശിവദാസും ആണ് പ്രതിഷേധിക്കുന്നത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലാണെന്ന് വൃദ്ധ ദമ്പതികൾ പറയുന്നു. .
അഞ്ച് മാസമായി വാർധക്യകാല പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് 90 വയസ്സുകാരി ഇന്നലെ റോഡിൽ കസേരയിട്ടിരുന്ന് സമരം ചെയ്തു. ഇടുക്കി വണ്ടിപ്പെരിയാർ കറുപ്പ്പാലം സ്വദേശി പൊന്നമ്മയാണ് പ്രതിഷേധിച്ചത്. കൂലിപ്പണിക്കാരനായ മകനൊപ്പമാണ് തൊണ്ണൂറുകാരിയായ പൊമ്മന്ന വഴിയരികിലെ വീട്ടിൽ കഴിയുന്നത്. പൊന്നമ്മയുടെ പെൻഷനും മകൻറെ തുച്ഛ വരുമാനവും കൊണ്ടാണ് ഇരുവരും കഴിഞ്ഞിരുന്നത്. കിടപ്പു രോഗിയായ പൊന്നമ്മക്ക് മരുന്ന് വാങ്ങുന്നതും ഈ തുക ഉപയോഗിച്ചാണ്. അഞ്ചു മാസമായി പെൻഷൻ മുടങ്ങിയതോടെ ഇവരുടെ ജീവിതം കൂടുതൽ ദുരതത്തിലായി.
കിടപ്പു രോഗിയായതിനാൽ അക്ഷയ കേന്ദ്രം അധികൃതർ വീട്ടിലെത്തി മസ്റ്ററിംഗ് നടത്തിയിരുന്നു. എന്നാൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ല. ഓഗസ്റ്റ് മാസത്തിലാണ് അവസാനം പെൻഷൻ കിട്ടിയത്. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പൊന്നമ്മയെ ഫോണിൽ വിളിച്ചു സംസാരിച്ചു. കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തി ഒരുമാസത്തെ പെൻഷൻ തുകയും ഭക്ഷ്യ കിറ്റും കൈമാറി. മുടങ്ങി കിടക്കുന്ന പെൻഷൻ പൂർണ്ണമായി ലഭിച്ചാൽ മാത്രമേ പാവപ്പെട്ട ഈ കുടുംബത്തിൻറെ ദുരിതത്തിന് ശാശ്വത പരിഹാരം ആകുകയുള്ളൂ