മൊബൈല്‍ ടവറിന്റെ ബാറ്ററികള്‍ മോഷ്ടിച്ച പ്രതിയെ വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തു

Written by Taniniram

Published on:

വിഴിഞ്ഞം: മൊബൈല്‍ ടവറിന്റെ ബാറ്ററികള്‍ മോഷ്ടിച്ച പ്രതിയെ വിഴിഞ്ഞം (Vizhinjam) പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി അമ്പാ സമുദ്രം കല്ലിട കുറിച്ചി മേല്‍ മുഖനാടാര്‍ സ്ട്രീറ്റ് സ്വദേശി അലക്‌സാണ്ടര്‍(33) നെയാണ് പൊലീസ് ചെയ്തത്. മോഷണത്തിനുപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ നാലിന് ചൊവ്വര സോമതീരം റിസോര്‍ട്ടിന് സമീപത്തെ ടവറിലെ 22 ബാറ്ററികളാണ് മോഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. മോഷണം നടത്തിയ 2 ലക്ഷത്തോളം രൂപ വിലവരുന്ന ബാറ്ററികള്‍ 68000 രൂപയ്ക്ക് ആക്രിക്കടയില്‍ വിറ്റു. ഈ തുക ഉപയോഗിച്ച് പ്രതി 20000 രൂപയുടെ മൊബൈല്‍ ഫോണ്‍ വാങ്ങിയെന്നും പൊലീസ് പറഞ്ഞു. തമിഴ്‌നാട്ടില്‍ ടൂറിസ്റ്റ് കമ്പനിയിലെ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന പ്രതി ഈ കാറുമായി എത്തിയാണ് മോഷണം നടത്തിയത്.

കാറിന്റെ ദൃശ്യം സി. സി.ടി.വി യില്‍ പതിഞ്ഞുവെങ്കിലും നമ്പര്‍ വ്യക്തമായിരുന്നില്ല. ഒടുവില്‍ 140 ഓളം സി.സി.ടി.വി ക്യാമറകള്‍ പരിശോധിച്ചും സിറ്റി സൈബര്‍ സെല്‍ ടീമിന്റെ സഹായത്തോടെയുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. വിഴിഞ്ഞം സി.ഐ. പി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയപ്പോള്‍ വീട്ടിന്റെ സണ്‍സൈഡില്‍ ഒളിച്ചിരിക്കുകയായിരുന്ന പ്രതിയെ പിടി കൂടുകയായിരുന്നു. പ്രതിയെ പിടികൂടുന്നതിന് തമിഴ്‌നാട് പൊലീസിന്റെ സഹായവും ലഭിച്ചിരുന്നവെന്ന് പൊലീസ് പറഞ്ഞു. വൈന്‍ പാര്‍ലറുകള്‍ കുത്തി തുറന്ന് മോഷണം നടത്തിയതിന് തമിഴ്‌നാട്ടില്‍ രണ്ട് കേസുകള്‍ ഉണ്ട്. വിഴിഞ്ഞം എസ്.ഐ.ജെ.പി. അരുണ്‍കുമാര്‍, സി.പി.ഒ മാരായ അരുണ്‍.പി. മണി,ഷൈന്‍ രാജ്.ആര്‍.യു, സുജിത്ത്. എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

See also  കേന്ദ്ര വനംവകുപ്പ് മന്ത്രി ഭൂപേന്ദര്‍ യാദവ് വയനാട്ടിലേക്ക്

Leave a Comment