ഉത്തരാഖണ്ഡ് നിയമസഭയിൽ ഏക സിവിൽ കോഡ് (Uniform Civil Code) ബിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി (Pushkar Singh Dhami) ചൊവ്വാഴ്ച അവതരിപ്പിച്ചു. ബിൽ പാസായാൽ ഏകീകൃത സിവിൽ കോഡ് (Uniform Civil Code) നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് (Uttarakhand) മാറും. പോർച്ചുഗീസ് ഭരണകാലം മുതൽ തന്നെ ഗോവയിൽ ഏക സിവിൽ കോഡ് ((Uniform Civil Code)) നിലവിലുണ്ട്. യുസിസി ബിൽ കൃത്യസമയത്താണ് സഭയിൽ അവതരിപ്പിച്ചിരിക്കുന്നതെന്നും പുഷ്‌കർ സിങ് ധാമി ((Pushkar Singh Dhami)) യുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ താൻ അഭിനന്ദിക്കുന്നതായും ഉത്തർപ്രദേശ് ഡെപ്യൂട്ടി മുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ (Keshav Prasad Maurya) അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിന് ശേഷം യുസിസി നടപ്പാക്കുന്ന സംസ്ഥാനമായി മാറാനുള്ള ശ്രമങ്ങൾ തങ്ങൾ തുടങ്ങിയതായി രാജസ്ഥാനിലെ മന്ത്രിയായ കൻഹൈയ ലാൽ ചൗധരി (Kanhaiya Lal Chaudhary) യും പറഞ്ഞു.
“ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ധാമിക്ക് ഞാൻ നന്ദി പറയുന്നു. ഇതൊരു വളരെ പ്രധാനപ്പെട്ട കാര്യമാണ് ഇന്ത്യയിലെ ജനങ്ങൾ ഇതിനായി ഒരുപാട് കാലമായി കാത്തിരിക്കുന്നു. ഞങ്ങളും യുസിസി നടപ്പാക്കാൻ ആഗ്രഹിക്കുന്നുണ്ട്. ധാമി അതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്. നിയമസഭയുടെ ഇപ്പോഴത്തെ സമ്മേളനത്തിൽ അത് ചർച്ച ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ അടുത്ത സഭയിൽ അത് ചർച്ചക്ക് എത്തിക്കാൻ ഞങ്ങൾ ശ്രമിക്കും” കൻഹൈയ ലാൽ ചൗധരി പറഞ്ഞു.
ഉത്തരാഖണ്ഡ് ആഗ്രഹിക്കുന്നത് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നതെന്നും, രാജസ്ഥാൻ ധീരതയുടെ നാടാണെന്നും, ഞങ്ങളും ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്നുവെന്നും രാജസ്ഥാനിലെ ബിജെപി എംഎൽഎ ഗോപാൽ ശർമ്മയും അഭിപ്രായപ്പെട്ടു. ഉത്തരാഖണ്ഡിലെ എല്ലാ പൗരന്മാർക്കും തുല്യ അവകാശങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ഏകീകൃത സിവിൽ കോഡ് ബിൽ സഭയിൽ എത്തിയിരിക്കുന്നുവെന്നും ഇത് അഭിമാന നിമിഷമാണെന്നും ധാമി തന്റെ എക്സ് അക്കൗണ്ടിൽ കുറിച്ചിരുന്നു. ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ മുൻകൈ എടുക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് അറിയപ്പെടുമെന്നും ധാമി പറഞ്ഞു.