കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ ഇന്ന് പുലർച്ചെ ഒന്നര മണിയോടെയാണ് അപകടമുണ്ടായത്.. മംഗലാപുരത്തുനിന്ന് കോഴിക്കോട്ടേയ്ക്ക് വരികയായിരുന്ന പാചക വാതക ടാങ്കർ (Cooking gas tanker) മൂന്ന് വാഹനങ്ങളിൽ ഇടിച്ച് മറിയുകയായിരുന്നു. ടാങ്കറിൽ നിന്ന് വാതക ചോർച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടർന്ന് പഴയങ്ങാടി പാലം വഴിയുള്ള ഗതാഗതം പൂർണമായും തടയുകയാണ് പൊലീസ്.
അമിത വേഗത്തിലെത്തിയ ലോറി ആദ്യം ട്രാവലറിൽ ഇടിക്കുകയായിരുന്നു. കോഴിക്കോട് ബന്ധുവീട്ടിൽ പോയതിനുശേഷം തിരിച്ചുവരികയായിരുന്ന കാഞ്ഞങ്ങാട് സ്വദേശികളാണ് ട്രാവലറിയിലുണ്ടായിരുന്നത്. ലോറിയുടെ അമിതവേഗത്തിലെ വരവുകണ്ട് പാലത്തിന് അരികിലേയ്ക്ക് ട്രാവലർ പരമാവധി അടുപ്പിച്ചതുകൊണ്ട് വൻ അപകടം ഒഴിവായി. ട്രാവലറിൽ ഇടിച്ചതിനുശേഷം രണ്ട് കാറുകളിൽ കൂടി ഇടിച്ചതിനുശേഷമാണ് ലോറി നിന്നത്.
അപകടത്തിൽ ട്രാവലറിൽ ഉണ്ടായിരുന്ന എട്ടുപേർക്ക് പരിക്കേറ്റു. ഇവരെ പരിയാരം മെഡിക്കൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ടാങ്കർ ലോറിയുടെ ഡ്രൈവർ കൊല്ലം സ്വദേശി പ്രശാന്ത് കുമാറിനും പരിക്കേറ്റു. ഇയാളും മെഡിക്കൽ കോളേജിൽ ചികിത്സ തേടി.ഡ്രൈവർ മദ്യപിച്ചിരുന്നതായി ആരോപണമുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ലോറിയിൽ നിന്ന് പാചകവാതകം റീഫിൽ ചെയ്തതിനുശേഷം മാത്രമേ അവിടെനിന്ന് മാറ്റാൻ സാധിക്കുകയുള്ളൂ. ഇതിനുശേഷം മാത്രമേ ഗതാഗതം പുനസ്ഥാപിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.