പെട്രോൾ, ഡീസൽ വിലയും കുറയ്ക്കണം

Written by Web Desk1

Updated on:

പാചക വാതകത്തിന്റെ വില കുറച്ച സാഹചര്യത്തിൽ പെട്രോൾ – ഡീസൽ വിലയും കുറയ്ക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം. പാചക വാതകത്തിന്റെ വില 200 രൂപ കുറച്ചു. കേന്ദ്ര സർക്കാരിന്റെ ഈ പ്രഖ്യാപനം രാഷ്ട്രീയ തർക്കത്തിന് കാരണമായിട്ടുണ്ടെങ്കിലും ജനത്തിന് അത് നൽകുന്ന ആശ്വാസം ചെറുതല്ല. ഓണവും രക്ഷാബന്ധനും പ്രമാണിച്ചുള്ള സമ്മാനം എന്നാണ് വിലകുറയ്ക്കലിനെ കേന്ദ്രമന്ത്രി വിശേഷിപ്പിച്ചത്. സമാന പ്രഖ്യാപനത്തിനു ഈ ആഘോഷങ്ങളേക്കാൾ വലിയ കാരണം രാജ്യത്തു വിലക്കയറ്റ തോത് കുതിച്ചുയരുന്ന സാഹചര്യത്തിൽ 5 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു എന്നത് തന്നെയെന്ന് പ്രതിപക്ഷം പറയുന്നു.

വിലക്കയറ്റം മുഖ്യമായും ഭക്ഷ്യോൽപ്പന്നങ്ങളിലാണെന്നിരിക്കെ അടുപ്പ് പുകയാൻ പാചക വാതകത്തിനു വില കുറഞ്ഞേതീരൂ. പക്ഷെ, അതിനൊപ്പം ഗതാഗത ഇന്ധനത്തിനും വില കുറയാതെ മൊത്തം വിലക്കയറ്റം താഴില്ല. രാജ്യത്തെ ചരക്കു നീക്കത്തിന്റെ ഭൂരിഭാഗവും ഡീസൽ ഇന്ധനമായുള്ള വാഹനങ്ങളിലാണ് നടക്കുന്നത്.
രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണയുടെ വിലയ്ക്കനുസരിച്ചാണ് രാജ്യത്തെ പെട്രോൾ, ഡീസൽ വില എന്ന് പറയുന്നത്.. ആത്മാർത്ഥമായിട്ടാണെങ്കിൽ ഇപ്പോൾ വില കുറയ്‌ക്കേണ്ട സമയമായി. ഗൾഫ് രാജ്യങ്ങളിൽ നിന്ന് കിട്ടുന്നതിനേക്കാൾ വളരെ കുറഞ്ഞ വിലയിൽ റഷ്യയിൽ നിന്ന് എണ്ണ കിട്ടുന്നതിന്റെ ആനുകൂല്യം ജനത്തിന് കൈമാറേണ്ടതാണ്.

കഴിഞ്ഞ വര്ഷം മെയ് മുതൽ രാജ്യത്തു ഇന്ധന വിലയിൽ മാറ്റം വരുത്തിയിട്ടില്ല. രാജ്യാന്തര വിലയിൽ ഈ കാലയളവിൽ കാര്യമായ വിലക്കുറവുണ്ടായത് കാരണം രാജ്യത്തെ പൊതുമേഖലാ എണ്ണ കമ്പനികൾക്ക് വലിയ ലാഭം കിട്ടിയിട്ടുണ്ട്. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ കമ്പനികൾ രേഖപ്പെടുത്തിയത് 52 ശതമാനം മുതൽ 168 ശതമാനം ലാഭ വർധനയാണ്. ഈ സാമ്പത്തിക കാരണം മാത്രമല്ല എൽ പി ജി വില കുറച്ച അതേ രാഷ്ട്രീയ ന്യായവും കണക്കിലെടുത്ത് പെട്രോൾ – ഡീസൽ വില ഇപ്പോൾ കുറയ്ക്കാവുന്നതാണ്. രാജ്യാന്തര എണ്ണ വില ബാരലിന് 100 ഡോളറിനോടടുത്ത സാഹചര്യത്തിൽപ്പോലും ചില സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കാരണം പെട്രോൾ ഡീസൽ വില കൂട്ടാതിരുന്നിട്ടുണ്ട്. പിന്നെന്തിനു ഇപ്പോൾ വില കുറയ്ക്കാൻ മടിക്കുന്നു.

കേന്ദ്രം അങ്ങനെ വില കുറയ്ക്കാൻ എണ്ണ കമ്പനികളെ നിർബന്ധിച്ചാൽ ആ അവസരം മുതലെടുത്ത് നികുതി കൂട്ടാനാവരുത് സംസ്ഥാനം ശ്രമിക്കേണ്ടത്. കഴിഞ്ഞ ഏപ്രിൽ ഒന്ന് മുതൽ കേരളത്തിൽ ഓരോ ലിറ്റർ പെട്രോളിനും രണ്ടു രൂപ വീതം സാമൂഹിക സുരക്ഷാ സെസ് ചുമത്തി. അതോടെ രാജ്യത്തെ തന്നെ ഏറ്റവുമുയർന്ന ഇന്ധന വിലയുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുകയും ചെയ്തു. ഈ വില വർധന ഓരോ അവശ്യ സാധനത്തിന്റെയും വിലയിൽ പ്രതിഫലിക്കുന്നുണ്ടെന്ന യാഥാർഥ്യം അംഗീകരിക്കണം. പൊള്ളുന്ന വിലയെ പിടിച്ച് കെട്ടാനുള്ള നടപടികളാണ് ഭരണാധികാരികളുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്.

Leave a Comment