തിരുവനന്തപുരം: യാഥാര്‍ത്ഥ്യബോധമില്ലാത്ത പ്രഖ്യാപനങ്ങള്‍ നടത്തി ധനമന്ത്രി ബജറ്റിന്റെ വിശ്വാസത്തെ നശിപ്പിച്ചെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതിപക്ഷത്തെ വിമര്‍ശിച്ച് ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തെ വിമര്‍ശിക്കാനുള്ള ഡോക്യുമെന്റാണോ ബജറ്റ് ഡോക്യുമെന്റെന്നും സതീശന്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് അടുക്കുന്ന അവസരത്തില്‍ രാഷ്ട്രീയ വിമര്‍ശനത്തിനായി ബജറ്റ് ഡോക്യുമെന്റിനെ മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.
നിയമസഭക്കുള്ളിലും സഭക്ക് പുറത്തും പ്രതിപക്ഷത്തെ വിമര്‍ശിക്കാന്‍ നിരവധി അവസരങ്ങളുണ്ട് എന്നും സതീശന്‍ പറഞ്ഞു. കാര്‍ഷിക മേഖലയെ നിരാശപ്പെടുത്തുന്ന ബജറ്റാണ് ഇത് എന്നും അദ്ദേഹം പറഞ്ഞു. നയാ പൈസയില്ലാതെ ജനങ്ങളെ പറ്റിക്കുന്നതിനുള്ള ബജറ്റാണിത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മൂന്ന് വര്‍ഷം കൊണ്ട് 10 രൂപയാണ് റബ്ബറിന് വര്‍ധിപ്പിച്ചത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
റബര്‍ കര്‍ഷകരെ അവഗണിക്കുകയും പരിഹസിക്കുകയും ചെയ്യുകയാണ് എന്നും കാര്‍ഷിക മേഖലയില്‍ പ്രതിസന്ധി നേരിടുന്ന കാലമായിട്ടും റബ്ബറിന്റെ താങ്ങുവിലയില്‍ 10 രൂപയാണ് കൂട്ടിയതെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ ഡി എഫ് പ്രകടന പത്രികയില്‍ 250 രൂപ ആയി ഉയര്‍ത്തും എന്ന പ്രഖ്യാപനം പോലും പാലിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈഫ് മിഷന്‍ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചതിന്റെ 3% മാത്രമാണ് ചെലവാക്കിയത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്ന വിഴിഞ്ഞം പദ്ധതിയെ കുറിച്ചാണ് കൂടുതല്‍ പരാമര്‍ശം ബജറ്റില്‍ ഉണ്ടായത് എന്നും ക്ളീഷേയായ കമ്മ്യൂണിസ്റ്റ് പദപ്രയോഗങ്ങള്‍ ഉപയോഗിച്ച് ധനസ്ഥിതി മറച്ചു വെക്കുകയാണ് ഉണ്ടായത് എന്നും സതീശന്‍ പറഞ്ഞു. മുന്‍പ് പ്രഖ്യാപിച്ച പാക്കേജുകളില്‍ ഒരു രൂപ പോലും ചെലവാക്കിയിട്ടില്ല. എന്നിട്ട് വീണ്ടും പണം വകയിരുത്തിയെന്ന് പ്രഖ്യാപിക്കുകയാണ് എന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
നികുതി നിര്‍ദേശങ്ങള്‍ പ്രായോഗികമല്ല എന്നും കുറച്ച് കാര്യങ്ങളില്‍ മാത്രമെ പ്രയോജനമുള്ളു എന്നും അദ്ദേഹം പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ഒന്നര മാസം മാത്രം ബാക്കി നില്‍ക്കെ പദ്ധതി ചെലവിന്റെ 55.24 ശതമാനം മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ ചെലവാക്കിയത് എന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്‍ഷം എട്ടര ലക്ഷം പേര്‍ റബ്ബറിന് താങ്ങുവില ലഭിക്കാന്‍ അപേക്ഷ കൊടുത്തപ്പോള്‍ ഈ വര്‍ഷം 32,000 പേര്‍ക്ക് മാത്രമാണ് നല്‍കിയത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യു ഡിഎഫ് ഭരണകാലത്ത് കൊണ്ടുവന്ന കൊച്ചി മെട്രോ, വാട്ടര്‍ മെട്രോ എന്നീ പദ്ധതികളെ കുറിച്ച് ഈ സര്‍ക്കാര്‍ അഭിമാനം കൊള്ളുന്നു എന്നും അദ്ദേഹം പരിഹസിച്ചു.