തിരുവനന്തപുരം: സംസ്ഥാനത്ത് 25 വ്യവസായ പാര്‍ക്കുകള്‍ പുതുതായി സ്ഥാപിക്കുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ(K N Balagopal) ബജറ്റിൽ അവതരിപ്പിച്ചു. സംസ്ഥാനത്തിന്റെ വ്യവസായ മേഖലയെ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ടാണ് വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുന്നത്. ഇതിലൂടെ കൂടുതൽ വരുമാനമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രാദേശിക വിപണിയെ മാത്രം ഉന്നമിടാതെ ആഗോള വിപണിയെ ആകര്‍ഷിക്കാനും വ്യവസായ പാര്‍ക്കുകള്‍ സാധിക്കും.അടുത്തിടെയാണ് സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ആദ്യത്തെ സ്‌പൈസസ് പാര്‍ക്ക് തൊടുപുഴയിലെ മുട്ടത്ത് പ്രവര്‍ത്തനമാരംഭിച്ചത്. സുഗന്ധ വ്യഞ്ജന മേഖലയ്ക്ക് വലിയ സാധ്യതകള്‍ തുറന്നിടുന്ന പാര്‍ക്കായി ഇത് മുന്നേറുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷിക്കുന്നത്.
സമുദ്രോല്‍പന്നങ്ങള്‍ മൂല്യവര്‍ധിത ഉല്‍പന്നങ്ങളാക്കി മാറ്റി ബിസിനസ് അവസരങ്ങള്‍ തുറന്നിടുന്നതിനായി ചേര്‍ത്തലയില്‍ സീഫുഡ് പാര്‍ക്കും തുടങ്ങിയിരുന്നു. കുറ്റ്യാടി നാളികേര ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കും വയനാട് കോഫി പാര്‍ക്കും ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. ചെറുതോണിയിലെ പെട്രോകെമിക്കല്‍ പാര്‍ക്ക് ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കും. ഇത്തരമൊരു സാഹചര്യത്തിൽ 25 വ്യവസായ പാര്‍ക്കുകള്‍ തുടങ്ങുമെന്ന ബജറ്റ് പ്രഖ്യാപനം വ്യവസായ മേഖലക്ക് വലിയ പ്രതീക്ഷയാണ്. എട്ട് പാര്‍ക്കുകളാണ് വികസന ഘട്ടത്തിലുള്ളത്. നാലു വര്‍ഷം കൊണ്ട് 1000 ഏക്കറില്‍ 100 സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങാനാണ് സർക്കാർ ശ്രമിക്കുന്നത്. ചുരുങ്ങിയത് 10 ഏക്കറെങ്കിലും സ്ഥലമുള്ളവര്‍ക്ക് വ്യവസായ പാര്‍ക്കിനായി അപേക്ഷിക്കാം. അഞ്ച് ഏക്കര്‍ സ്ഥലമുള്ളവര്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഡിസൈന്‍ ഫാക്റ്ററി (എസ്.ഡി.എഫ്) സ്ഥാപിക്കുന്നതിനു വേണ്ടിയും അപേക്ഷ നല്‍കാം.