കേരളത്തിലെ ആരോഗ്യ മേഖലയിൽ വൻ പുരോഗതി ഉണ്ടാക്കുന്ന എയിംസ് എന്ന സ്വപ്ന പദ്ധതിയുടെ പണികൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്.
ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരളത്തിലെത്തൻ വൈകില്ലെന്ന പ്രതീക്ഷ വന്നിട്ടും കാത്തിരിപ്പ് നീളുകയാണ്. കുറഞ്ഞ ചെലവിൽ ഉന്നത നിലവാരമുള്ള ചികിത്സ ലഭ്യമാക്കുകയും ആരോഗ്യ രംഗത്ത് വിപുലമായ പഠനത്തിനും ഗവേഷണത്തിനും അവസരമൊരുക്കുകയും ചെയ്യുന്ന ഈ സ്ഥാപനം യാഥാർഥ്യമായാൽ അത് നമ്മുടെ ആരോഗ്യ മേഖലയുടെ തലയെടുപ്പാകും. എയിംസിനു വേണ്ടി 200 ഏക്കർ സ്ഥലമാണ് സംസ്ഥാനം വാഗ്ദാനം ചെയ്തത്. എന്നാൽ ഇതുവരെ സ്ഥലമെടുപ്പുപോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. കോഴിക്കോട് നഗരത്തിൽ നിന്ന് 29 കിലോമീറ്റർ മാത്രമേ ഈ സ്ഥാപനത്തിലേക്ക് ദൂരം വരികയുള്ളു.
എയിംസിന്റെ വരവ് ഉറപ്പായ സാഹചര്യത്തിൽ കേന്ദ്ര മാനദണ്ഡങ്ങളെല്ലാം കൃത്യമായി പാലിച്ചു എത്രയും വേഗം ഈ അഭിമാന സ്ഥാപനം നേടിയെടുക്കാനാവണം കേരളത്തിന്റെ ശ്രമം. ഇക്കാര്യത്തിലുള്ള പ്രതിബന്ധങ്ങളെ ലക്ഷ്യബോധത്തോടെ നേരിടുകയും വേണം. ഓരോ സംസ്ഥാനത്തിനും ജനസംഖ്യാനുപാതികമായി എം ബി ബി എസ് സീറ്റ് എന്നതടക്കം ദേശീയ മെഡിക്കൽ കമ്മീഷന്റെ പുതിയ വിജ്ഞാപനത്തിലെ മാനദണ്ഡങ്ങൾ എയിംസിന്റെ കാര്യത്തിൽ പ്രതിബന്ധമാവില്ലെന്നാണ് പ്രതീക്ഷ.
അതേസമയം ഈ വിജ്ഞാപന പ്രകാരം 10 ലക്ഷം പേർക്കു എം ബി ബി എസ് സീറ്റ് എന്ന അനുപാതം പാലിച്ച് മെഡിക്കൽ കോളേജുകൾ അനുവദിക്കാനുള്ള തീരുമാനം കേരളത്തിന് തിരിച്ചടിയാവും.സംസ്ഥാന ജനസംഖ്യ മൂന്നരക്കോടിയായതിനാൽ 3500 എം ബി ബി എസ് സീറ്റുകളെ അനുവദിക്കാനാകൂ. നിലവിൽ കേരളത്തിൽ സ്വകാര്യ മേഖലയിൽ ഉൾപ്പെടെയുള്ള 21 മെഡിക്കൽ കോളേജുകളിലായി 4205 സീറ്റുകളിൽ പ്രവേശനം നടന്നു.
പുതിയ ഉത്തരവ് പ്രകാരം കുറഞ്ഞത് 50 സീറ്റുകളുടെ സൗകര്യമുണ്ടെങ്കിൽ പുതിയ മെഡിക്കൽ കോളേജ് തുടങ്ങാമെന്നതിനു ഗുണവും ദോഷവുമുണ്ട്. വികസനത്തിൽ മുന്നോക്കമുള്ള പ്രദേശങ്ങളിലും ഗോത്ര മേഖലകളിലും നിലവിലെ സർക്കാർ ആശുപത്രികളെ 50 എം ബി ബി എസ് സീറ്റുകൾക്കാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കി മെഡിക്കൽ കോളേജാക്കൻ പുതിയ ഉത്തരവ് സഹായകരമാവും. അതേസമയം മെഡിക്കൽ പഠനം തട്ടിക്കൂട്ടാകരുതെന്ന ജാഗ്രത ബന്ധപ്പെട്ടവരിൽ നിന്ന് ഉണ്ടാവുകയും വേണം. അധ്യാപകരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ് കാരണം സംസ്ഥാനത്തെ ചില മെഡിക്കൽ കോളേജുകളിലെ എം ബി ബിഎസ് സീറ്റുകളുടെയും പി ജി സീറ്റുകളുടെയും അംഗീകാരം എൻ എൻ എം സി റദ്ദാക്കുന്നത് നാം കേട്ടുപോരുന്നതാണ്.
ഈ സാഹചര്യത്തിലാണ് ആരോഗ്യ മേഖലയിലെ ഉന്നത കേന്ദ്രമായ എയിംസിന്റെ വരവ് നമുക്ക് ഏറെ പ്രതീക്ഷകൾ തരുന്നത്. ആയതിനാൽ ഇക്കാര്യത്തിൽ തടസ്സങ്ങളുണ്ടാകാതിരിക്കാൻ കക്ഷി രാഷ്ട്രീയ ഭേദങ്ങളും പ്രാദേശിക താല്പര്യങ്ങളും മാറ്റിവച്ചു എല്ലാവരും രംഗത്തിറങ്ങിയേ തീരൂ..