.
കോഴിക്കോട്: നഗരത്തിൽ നടന്ന പരിപാടിക്കിടെ ക്ഷോഭിച്ച് കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. തന്റെ പ്രസംഗത്തിനു ശേഷം ഭാരത് മാതാ കീ ജയ് എന്ന് ഏറ്റുവിളിക്കാത്തതാണ് കേന്ദ്രമന്ത്രിയെ പ്രകോപിപ്പിച്ചത്.
കോഴിക്കോട്ടെ കണ്ടംകുളം ജൂബിലി ഹാളിൽ നടന്ന പരിപാടിയിലാണ് സംഭവം. പ്രസംഗത്തിന്റെ അവസാനം മന്ത്രി ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു. എന്നാൽ സദസ്സിലിരുന്നവർ ഇത് ഉച്ചത്തിൽ ഏറ്റുവിളിച്ചില്ല. അതിൽ പ്രകോപിതയായ മീനാക്ഷി ലേഖി സദസ്സിൽ ഇരുന്ന സ്ത്രീയോട് ഭാരതം നിങ്ങളുടെ അമ്മയല്ലേ? അല്ലെങ്കിൽ വീട്ടിൽ നിന്ന് പുറത്തുപോകണം എന്ന് പറഞ്ഞു. തുടർന്ന് സദസ്സിൽ ഇരുന്നവർ മുഴുവൻ മുദ്രാവാക്യം വിളിക്കുന്നത് വരെ കേന്ദ്രമന്ത്രി സ്റ്റേജിൽ നിന്ന് ഭാരത് മാതാ കീ ജയ് എന്ന് വിളിച്ചു.
മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമല്ലെന്നും സുതാര്യമായ അന്വേഷണമാണ് നടക്കുന്നതെന്നും സീസറിന്റെ ഭാര്യയും സംശയത്തിന് അതീതയായിരിക്കണമെന്നും പരിപാടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ അവർ പറഞ്ഞു.