സ്കൂൾ കുട്ടികളുടെ ഉച്ചഭക്ഷണം മുടക്കരുത്

Written by Web Desk1

Published on:

സ്കൂൾ കുട്ടികൾക്ക് നൽകുന്ന ഉച്ചഭക്ഷണ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതിനുള്ള ചുമതല ഏറ്റിരുന്ന അധ്യാപകർക്ക് 130 കോടി രൂപയാണ് നൽകേണ്ടത്. ഇതിൽ കേന്ദ്രം 80 കോ ടിയും സംസ്ഥാനം 50 കോടിയുമാണ് നൽകേണ്ടത്. കഴിഞ്ഞ മൂന്നു മാസം കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകിയതിന് സ്കൂളിലെ പ്രഥമാദ്ധ്യാപകർക്ക് നൽകാനുള്ള തുകയാണിത്. തുക കിട്ടാത്തതിനാൽ പ്രഥമാദ്ധ്യാപകർ പലിശക്ക് പണം എടുത്തു ഉച്ചഭക്ഷണം നൽകേണ്ട സ്ഥിതിയാണിപ്പോൾ.

കഴിഞ്ഞ മാസങ്ങളിൽ അനുവദിച്ച തുകയുടെ കണക്കു കൊടുക്കാതെ കേന്ദ്രം പണം അനുവദിക്കില്ല. ഓരോ തവണ അനുവദിച്ച തുകയുടെയും കണക്ക് നൽകിയാൽ മാത്രമേ അടുത്ത ഗഡു അനുവദിക്കുകയുള്ളു. ഉച്ചഭക്ഷണ വിതരണം നിറുത്തലാക്കുമെന്നു പ്രഥമാദ്ധ്യാപകർ തീരുമാനിക്കുന്ന ഘട്ടം വന്നതിനാൽ കണക്കുകൾ നല്കാൻ സംസ്ഥാനം തിരക്കിട്ട് ശ്രമംനടത്തിവരികയാണ്.

ഉച്ചഭക്ഷണ ഫണ്ടിന് 60 ശതമാനം കേന്ദ്രവിഹിതവും 40 ശതമാനം സംസ്ഥാന വിഹിതവുമാണ്. സംസ്ഥാനത്ത് 12600 സ്കൂളുകളിലെ എട്ടം ക്ലാസ് വരെയുള്ള 30 ലക്ഷത്തോളം കുട്ടികൾക്കാണ് സൗജന്യ ഉച്ചഭക്ഷണം നൽകുന്നത്. 150 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ ഒരു കുട്ടിക്ക് 8 രൂപയും 150 നു മുകളിൽ 500 വരെ കുട്ടികളുണ്ടെങ്കിൽ അധികം വരുന്ന ഓരോ കുട്ടിക്കും 7 രൂപയും 500 നു മുകളിൽ അധികം വരുന്ന ഓരോ കുട്ടിക്കും 6 രൂപയും അനുവദിക്കും. 2016 ൽ നിശ്ചയിച്ച ഈ നിരക്കിൽ 4 രൂപയുടെ വർധന വേണമെന്ന് വിദ്യാഭ്യാസ വകുപ്പ് 2021 നവംബറിൽ ധനവകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

അരി മാവേലിസ്റ്റോറിൽ നിന്നും സൗജന്യമായി ലഭിക്കും. അത് എത്തിക്കാനുള്ള ചെലവും പാൽ, മുട്ട, പച്ചക്കറി, പലവ്യഞ്ജനങ്ങൾ , പാചക വാതകം എന്നിവ വാങ്ങുന്നതിനുള്ള ചെലവും കണക്കാക്കിയാണ് ഓരോ വിദ്യാർത്ഥിക്കും 6 മുതൽ 8 രൂപ വരെ നൽകുന്നത്. സംസ്ഥാനം പ്രഖ്യാപിച്ച പാലും മുട്ടയും പദ്ധതി ഉച്ച ഭക്ഷണ പാക്കേജിന് പുറമെയാണെങ്കിലും അതിനു അധിക തുക അനുവദിക്കുന്നില്ല.

സ്കൂളുകളിലെ ഉച്ച ഭക്ഷണ വിതരണം നിറുത്തിവയ്ക്കുമെന്നു ഉപജില്ലാ ഓഫീസർക്ക് കത്ത് നൽകിയ കരകുളം, എട്ടാം കല്ല് വിദ്യാധിരാജ എയ്ഡെഡ് എൽ പി സ്കൂളിലെ പ്രഥമാദ്ധ്യാപകൻ തീരുമാനം പിൻവലിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടു. എന്നാൽ തീരുമാനം പിൻവലിച്ചതായി അറിയിപ്പ് ഒന്നുമില്ല.
.നിർധധനരായ കുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള ഈ പദ്ധതി മുടങ്ങിയാൽ ഒട്ടേറെ കുട്ടികളുടെ വിദ്യാഭ്യാസം നിലച്ചു പോകും. നമ്മുടെ രാജ്യത്തെ ജനങ്ങളോട് കാട്ടുന്ന വലിയ അനീതിയായിരിക്കും അത്. ഈ പ്രതിസന്ധിക്ക് അടിയന്തിരമായി പരിഹാരം കാണാൻ വിദ്യാഭ്യാസ വകുപ്പും സർക്കാരും ശ്രമിക്കേണ്ടതാണ്. വരും തലമുറയ്ക്ക് അതൊരു വലിയ ആശ്വാസമായിരിക്കും.

Leave a Comment