കൊച്ചി: കഴിഞ്ഞ പത്ത് വർഷമായി വ്യാജ സർട്ടിഫിക്കറ്റ് (Fake certificate) ഉപയോഗിച്ച് പ്രാക്‌ടീസ് (Practice) ചെയ്‌ത ഹൈക്കോടതിയിലെ അഭിഭാഷകനെതിരെ കേസ്. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശി മനു ജി രാജനെ (Manu G Rajan) തിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. ബിഹാറിലെ മഗധ് സർവകലാശാല (University of Magadh) യുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റ് (Fake certificate) ഹാജരാക്കി ബാർ കൗൺസിലിൽ അഭിഭാഷകനായി എൻറോൾ ചെയ്‌തതിന്റെ തെളിവുകളാണ് പുറത്തുവന്നത്. തിരുവനന്തപുരം മാറനല്ലൂർ സ്വദേശിയായ സച്ചിൻ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസാണ് മനുവിനെതിരെ കേസെടുത്തിരിക്കുന്നത്.
2013ലാണ് മനു ജി രാജൻ ബാർ കൗൺസിലിൽ എൻറോൾ (Enroll in the Bar Council) ചെയ്‌തത്. മഗധ് സർവകലാശാലയിൽ നിന്ന് എൽഎൽബി ബിരുദം ലഭിച്ചിട്ടുണ്ടെന്ന് കാട്ടിയുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയായിരുന്നു ഇത്. പിന്നീട് പ്രാക്‌ടീസ് ചെയ്ത കാലയളവിൽ 53 പേരുടെ വക്കാലത്ത് ഏറ്റെടുത്തു. ഇതിനിടെയാണ് പരാതിക്കാരനായ സച്ചിന്റെ സ്വത്ത് തർക്കം സംബന്ധിച്ച കേസും വാദിക്കാമെന്ന് ഏറ്റത്. എന്നാൽ, ഒന്നര വർഷം കഴിഞ്ഞിട്ടും വക്കാലത്ത് ഏറ്റെടുത്തില്ല.
ഇതോടെ വിവരാവകാശ രേഖകളുടെ സഹായത്തോടെ സച്ചിൻ നടത്തിയ അന്വേഷണത്തിൽ മനു ജി രാജിന്റേത് വ്യാജ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തി. പിന്നാലെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.ബാർ കൗൺസിലിൽ എൻറോൾ ചെയ്യാനായി ഹാജരാക്കിയ സർട്ടിഫിക്കറ്റുകൾ യഥാർത്ഥമല്ലെന്ന് മഗധ് സർവകലാശാല അധികൃതർ പൊലീസിന് മറുപടി നൽകി. മനുവിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് ബാർ കൗൺസിലും പരാതി നൽകിയിട്ടുണ്ട്. മനു ജി രാജന്റെ കൈവശമുള്ള കേരള സർവകലാശാലയുടെ പേരിലുള്ള സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയമുണ്ടെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സച്ചിൻ ഗവർണർക്കും പരാതി നൽകി.