ദമിതം ; സ്ത്രീത്വത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് മോഹിനിയാട്ടത്തിലൂടെ…

Written by Taniniram

Updated on:

കെ. ആർ. അജിത

സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സര്‍വ്വദേശീയ സാഹിത്യോത്സവത്തിന്റെ ഭാഗമായി ഇന്ന് ഒന്നാം വേദിയായ ‘പ്രകൃതിയില്‍ ‘ ദമിതം ( മുറിവേറ്റവരുടെ ശബ്ദം) മോഹിനിയാട്ടം നൃത്തശില്പം അരങ്ങേറി.
ചരിത്രം,കഥകള്‍ ,ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ ഇവയൊന്നും ഒരൊറ്റ വായനയല്ല, ബഹുമുഖമാണ്. പല വായനയിലൂടെ കാഴ്ചപ്പാടിലൂടെ ഉരുവം കൊണ്ട പാഠഭേദങ്ങളെ മോഹിനിയാട്ടത്തിലൂടെ ദൃശ്യവല്‍ക്കരിക്കുന്ന അവതരണമായിരുന്നു ദമിതം. സമൂഹം രണ്ടാം ലിംഗമായി പരിഗണിക്കുന്ന സ്ത്രീ ജീവിതങ്ങള്‍… അതില്‍ തന്നെ പാര്‍ശ്വവല്‍ക്കരിച്ച സ്ത്രീ സമൂഹം നടന്ന കനല്‍ വഴികള്‍… താടകയുടെയും കൈകസിയുടെയും ശൂര്‍പണഖയുടെയും ജീവിതങ്ങളിലൂടെയാണ് ദമിതത്തിന്റെ കഥവികസിക്കുന്നത് .

താടക കാടിന്റെ സംരക്ഷകയായിരുന്നു. തന്റെ ആവാസവ്യവസ്ഥിതിയിലേക്കു കടന്നു കയറിയ ആര്യന്മാരെ തുരത്താന്‍ തുനിഞ്ഞ താടകയുടെ ജീവിതം രാമന്റെ അമ്പിനാല്‍ അവസാനിച്ചു. തന്റെ കാമം പറഞ്ഞ ശൂര്‍പ്പണഖയെ അംഗഛേദം വരുത്തി കൊണ്ടാണ് രാമലക്ഷ്മണന്മാര്‍ അപമാനിച്ചത്. അയോമുഖിയുടെ കഥയും വ്യത്യസ്തമല്ല. ആര്യപുത്രിയായ സീതയുടെ ജീവിതവും മറിച്ചല്ല സംഭവിച്ചത്.. സ്ത്രീ അനുഭവിച്ചു വന്ന തിരസ്‌കരണങ്ങള്‍ക്ക് ഇന്നും മാറ്റമില്ല. പിച്ചിച്ചീന്തപ്പെടുന്ന സ്ത്രീ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയും പെണ്ണത്തത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും നിശ്ചയദാര്‍ഢ്യവും നൃത്ത ചലനത്തിലൂടെ അവതരിപ്പിക്കുകയായിരുന്നു. പ്രശസ്ത സാഹിത്യകാരി സാറജോസഫിന്റെ ‘ തായ് കുലം’ എന്ന കഥയെ അടിസ്ഥാനമാക്കിയാണ് ദമിതം നൃത്തശില്പം ഒരുക്കിയിട്ടുള്ളത്. പതിവ് ശൈലിയില്‍ നിന്നും അസുര വാദ്യമായ ചെണ്ടയുടെ നാദ വിസ്മയം കൊണ്ട് ശൂര്‍പണകയുടെ ഭാവ തീവ്രതയ്ക്ക് മാറ്റുകൂട്ടാന്‍ ദമിതത്തിന് കഴിഞ്ഞു.

മോഹിനിയാട്ടത്തിന്റെ ആശയവും ആവിഷ്‌കാരവും നിര്‍വഹിച്ചത് ഡോ.കലാമണ്ഡലം രചിത രവിയാണ്. വരികള്‍ സോബിന്‍ മഴവീടും സംഗീതം – വയലാരാജേന്ദ്രനുമാണ് ഡോ.കലാമണ്ഡലം രചിത രവിയോടൊപ്പം
കലാമണ്ഡലം ദീപ പാര്‍ത്ഥസാരഥി കലാമണ്ഡലം അഞ്ജലി ബാലന്‍, കലാമണ്ഡലം അഞ്ജലി ജ്യോതിശ്രീ. എന്നിവരും അരങ്ങത്തെത്തി. നട്ടുവാങ്കം കലാക്ഷേത്ര രേവതി വയലാര്‍ വായ്പാട്ട് കലാമണ്ഡലം കാര്‍ത്തികേയന്‍ മൃദംഗം -വേണുകുറുമശ്ശേരി വയലിന്‍ വയലാ രാജേന്ദ്രനും വീണ മുരളികൃഷ്ണന്‍ ചെണ്ട, ഇടയ്ക്ക – ‘അരുണ്‍ദാസ് എന്നിവര്‍ അണിയറയില്‍ ദമിതത്തിന് അകമ്പടിയായി. സാഹിത്യോത്സവത്തില്‍ ഇന്ന് അരങ്ങേറിയ ദമിതം നൃത്ത ശില്പം ആസ്വദിക്കാന്‍ നിറഞ്ഞ സദസ്സാണ് അക്കാദമി അങ്കണത്തിലെ ഒന്നാം വേദിയായ ‘പ്രകൃതിയില്‍ ‘ എത്തിച്ചേര്‍ന്നത്. ജീവിതത്തില്‍ കലയെയും സാഹിത്യത്തെയും വിന്യസിപ്പിക്കുന്ന സാംസ്‌കാരിക നഗരിയുടെ ആസ്വാദനത്തിന്റെ നിറവില്‍ നിര്‍വൃതി പൂണ്ടു നിറഞ്ഞ ഹൃദയത്തോടെ കലാസ്വാദകര്‍ മടങ്ങി…

See also  ആളൂര്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെ കാണാനില്ലെന്ന് പരാതി

Related News

Related News

Leave a Comment