ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. അനുവാദം ചോദിക്കാതെ അമ്മായിയമ്മ തന്റെ മേക്കപ്പ് സാധനങ്ങൾ ഉപയോഗിച്ചതിന് ഭർത്താവിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. അമ്മായിയമ്മയുമായി തർക്കമുണ്ടായതിന് പിന്നാലെ ഭർത്താവ് ഗാർഹിക പീഡനത്തിന് ഇരയാക്കിയെന്നും തന്നെയും സഹോദരിയെയും വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്നും യുവതി ആരോപിച്ചത്
എട്ട് മാസം മുമ്പാണ് മൽപുര സ്വദേശികളായ യുവതിയും സഹോദരിയും സഹോദരന്മാരെ വിവാഹം കഴിച്ചത്. അനുവാദമില്ലാതെ അമ്മായിയമ്മ മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നതുവരെ സമാധാനത്തോടെ മുന്നോട്ട് പോകുകയായിരുന്നു കുടുംബം. അമ്മായിയമ്മ വീടിനുള്ളിൽ പോലും മേക്കപ്പിട്ട് നടക്കുന്നതിനാൽ തനിക്ക് പുറത്തുപോകുമ്പോൾ പോലും അവ ഉപയോഗിക്കാൻ കഴിയുന്നില്ലെന്നാണ് യുവതിയുടെ പരാതിയിൽ പറയുന്നത്. അവർ വീടിനുള്ളിൽ വിലകൂടിയ വസ്ത്രങ്ങൾ ധരിച്ചാണ് നടക്കുന്നതെന്നും ആഗ്ര പൊലീസിന്റെ ഫാമിലി കൗൺസിലിംഗ് സെന്ററിലെ ഉദ്യോഗസ്ഥരോട് പരാതിക്കാരി പറഞ്ഞു.
വീട്ടിനുള്ളിൽ നിൽക്കുമ്പോൾ മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നത് വിലക്കിയതിനെ തുടർന്നാണ് ഇരുവരും തമ്മിൽ തർക്കമുണ്ടായത്. വിഷയം യുവതിയുടെ ഭർത്താവിനെ അമ്മായിയമ്മ അറിയിച്ചു. തുടർന്ന് ഭർത്താവ് യുവതിയെ ഉപദ്രവിക്കാൻ തുടങ്ങി. സഹോദരിമാരെ വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തു.
രണ്ട് മാസമായി സഹോദരിമാർ സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.കഴിഞ്ഞ ദിവസം യുവതിയെയും അമ്മായിയമ്മയെയും വിളിച്ചുവരുത്തി പൊലീസ് കൗൺസിലിംഗ് നൽകിയെങ്കിലും ഫലമുണ്ടായില്ല. തന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ അമ്മയുടെ വാക്ക് കേട്ട് ഉപദ്രവിച്ചയാൾക്കൊപ്പം മുന്നോട്ടുപോകാൻ കഴിയില്ലെന്നും വിവാഹമോചനം വേണമെന്നും യുവതി തറപ്പിച്ചു പറഞ്ഞു. കൗൺസിലിംഗിനായി യുവതിയെയും ഭർത്താവിനെയും വിളിപ്പിക്കുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.