എഡിറ്റോറിയൽ 30. 01. 2024
മഴയും വന്യ മൃഗങ്ങളെയും ഭയന്നു ഷെഡ്ഡുകൾക്കുള്ളിൽ കഴിഞ്ഞ നാലു വര്ഷമായി കഴിയുന്ന ആദിവാസി കുടുംബങ്ങളെ രക്ഷിക്കാൻ ഇനിയും അമാന്തിച്ചുകൂടാ. സർക്കാരിന്റെ വാക്ക് വിശ്വസിച്ച് ഉള്ള കുടിലുകൾ പൊളിച്ച് കളഞ്ഞു പണിതീരാത്ത വീടിനു മുന്നിൽ അടച്ചുറപ്പില്ലാത്ത ഷെഡ്‌ഡിൽ ഉറങ്ങാതിരിക്കുകയാണ് 23 ആദിവാസി കുടുംബങ്ങൾ. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പുതിയ വീട് നിർമ്മിച്ച് നൽകാമെന്ന അധികൃതരുടെ വാക്ക് വിശ്വസിച്ചു പോയതാണ് ഈ കുടുംബങ്ങൾ ചെയ്ത തെറ്റ്. പദ്ധതിയിൽ ഉൾപ്പെട്ടു പണം ആദ്യഗഡു അനുവദിച്ചെങ്കിലും സാങ്കേതികതയിൽ തട്ടി പണി മുടങ്ങി. 2018 – 19 സാമ്പത്തിക വർഷത്തെ ലൈഫ് ഭവന പദ്ധതിയിലുൾപ്പെട്ട അമ്പൂരി ആദിവാസി കോളനി നിവാസികൾക്കാണ് ഈ ദുരിതം.
വീട് പൊളിച്ച് നീക്കി അതിനടുത്തു കെട്ടിയുണ്ടാക്കിയ ഷെഡ്ഡുകളിലും ബന്ധു വീടുകളിലും കഴിയുകയാണിവർ. കനത്ത മഴയെ അതിജീവിക്കാൻ ഷെഡ്ഡുകൾക്ക് കഴിയാറില്ല. വന്യ മൃഗങ്ങളുടെ ശല്യവും അതിരൂക്ഷമാണ്.
ലൈഫ് ഭവന പദ്ധതി പ്രകാരം ജനറൽ വിഭാഗത്തിന് നാലു ലക്ഷം രൂപ ലഭിക്കുമ്പോൾ ആറ് ലക്ഷമാണ് ആദിവാസികൾക്ക് ലഭിക്കുന്നത്. അധികമായി നൽകുന്ന രണ്ടുലക്ഷം രൂപ പട്ടിക വർഗ വികസന വകുപ്പ് ലൈഫ് മിഷന് മുൻകൂറായി നൽകും. ഇവർക്കുള്ള തുകയും നൽകിയിട്ടുണ്ട്. നിലവിൽ 10000 മുതൽ നാലു ലക്ഷം രൂപ ലഭിക്കാനുള്ളവരാണ് ശേഷിക്കുന്നത്, കോവിഡ് കാലത്തുണ്ടായ സാങ്കേതിക പിഴവാണ് ഗഡു മുടങ്ങാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. പക്ഷെ പ്രശ്‍നം പരിഹരിക്കാൻ അധികൃതർ ഇന്നുവരെ നടപടികളെടുത്തിട്ടില്ല. നവകേരള സദസ്സിലും ഇവർ എത്തി നിവേദനം നൽകിയിട്ടുണ്ട്.
പദ്ധതി തുടങ്ങിയ കാലഘട്ടത്തിലുണ്ടായ ഗ്രാമസേവകൻ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടിയത് മൂലമാണ് ഗുണഭോക്താക്കൾക്ക് ബാക്കി തുക നല്കാത്തതെന്നും ഒളിവിൽ കഴിയുന്ന ഇയാൾക്കെതിരെ ഹൈക്കോടതി നിർദ്ദേശപ്രകാരം വിജിലെൻസ് അന്വേഷണം നടക്കുകയാണെന്നും അമ്പൂരി പഞ്ചായത്ത് പറയുന്നു. പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്നും തുക നല്കാൻ ശ്രമിക്കുകയാണെന്നും പഞ്ചായത്ത് പറയുന്നു. ഇത് എന്നു സാധ്യമാകുമെന്നു പറയുന്നില്ല.
അമ്പൂരി പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങൾക്ക് മാത്രമല്ല ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. കേരളത്തിലെ ആദിവാസി ആദിവാസി കുടുംബങ്ങളുടെയും സ്ഥിതി ഇതു തന്നെയാണ്. കൊട്ടും കുരവയുമായി നടപ്പാക്കാൻ തുടങ്ങിയ ലൈഫ് മിഷൻ പദ്ധതി എങ്ങുമെത്താതെ നിൽക്കുന്നു. ദുരിതം പേറി ആദിവാസി കുടുംബങ്ങളും. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന ആദിവാസി കുടുംബങ്ങളെ രക്ഷിക്കാൻ ഇനിയെങ്കിലും സർക്കാർ ആവശ്യമായ നടപടികൾ സ്വീകരിക്കേണ്ടതാണ്.