തിരുവനന്തപുരം: തന്നെ ആക്രമിച്ചുവെന്നുൾപ്പെടെ ഗവർണർ പറയുന്ന മിക്കതും കളവാണെന്ന് ജനങ്ങൾക്ക് ബോധ്യമായതായി സിപി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (M. V Govindan )തിരുവനന്തപുരത്ത് പറഞ്ഞു. തെറ്റിദ്ധാരണ പരത്താനുള്ള ശ്രമമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടാണ് ഇത്തരം പ്രവൃത്തികൾ ചെയ്യുന്നത്. പ്രതിഷേധക്കാർ തന്റെ വണ്ടിയിൽ അടിച്ചു എന്ന് ഗവർണർ പറഞ്ഞത് കളവാണെന്ന് മാധ്യമങ്ങൾ തന്നെ വ്യക്തമാക്കി. എസ്എഫ്ഐ പ്രവർത്തകർ അക്രമിക്കുന്നു എന്നു പറഞ്ഞാണ് ഗവർണർ കഴിഞ്ഞ ദിവസം അത്രത്തോളം പ്രശ്നങ്ങൾ സൃഷ്ടിച്ചത്. തന്നെ അക്രമിക്കുന്നു എന്ന നില വരുത്തി അതിന്റെ പുറത്ത് കേന്ദ്രത്തെക്കൊണ്ട് നിലപാട് എടുപ്പിക്കാനാണ് ഗവർണറുടെ ശ്രമം. ഗവർണർ കെട്ടുന്ന വിഡ്ഢിവേഷങ്ങളൊന്നും കേരളീയ സമൂഹത്തിൽ ഏശാൻ പോകുന്നില്ല.
ന്യായമായും സത്യസന്ധമായും രാഷ്ട്രീയ പ്രവർത്തനം നടത്തി മുന്നോട്ട് പോകുന്ന ജനതയുള്ള നാടാണ് കേരളം. ആ കേരളത്തിൽ തെറ്റായ പ്രവണത പരത്താനുള്ള പ്രവർത്തനങ്ങളാണ് ഗവർണർ നടത്തുന്നത്. അത് എല്ലാവർക്കും വ്യക്തമായി മനസിലായിട്ടുമുണ്ട്. ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ജനങ്ങൾ കരുതുന്നതിൽ തെറ്റില്ല. മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സുരക്ഷയ്ക്കായി കേന്ദ്രസേനയെ വരുത്തിയത്. ഇതെല്ലാം വളഞ്ഞ വഴികളാണ്. 356ാം വകുപ്പ് ഇവിടെ നടപ്പാക്കാൻ സാധിക്കില്ല. ഇലക്ഷൻ തന്നെയാണ് ഈ പ്രവർത്തികളുടെയെല്ലാം ലക്ഷ്യം. എന്തും ചെയ്യാനുള്ള ലൈസൻസ് തങ്ങൾക്കുണ്ടെന്ന രീതിയിലാണ് ഗവർണറും കേന്ദ്രവും പ്രവർത്തിക്കുന്നത്. സിപിഐ എമ്മിനെ ശത്രുവായി കാണുന്ന കോൺഗ്രസും ഇതിനെ പിന്തുണയ്ക്കുകയാണെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
ഗവർണർ കെട്ടുന്ന വിഡ്ഢി വേഷങ്ങൾ കേരളത്തിൽ ഏശാൻ പോകുന്നില്ലെന്ന് എം വി. ഗോവിന്ദൻ
Written by Taniniram1
Published on: