പി.കെ.ശ്രീനിവാസന്‍റെ നോവല്‍ ‘രാത്രി മുതല്‍ രാത്രി വരെ’ – ആസ്വാദനം

Written by Taniniram1

Published on:

പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ പി.കെ.ശ്രീനിവാസന്‍റെ രാത്രി മുതല്‍ രാത്രി വരെ എന്ന നോവല്‍ വായിച്ചു. 1975 ല്‍ ഇരുപത്തിയൊന്നു മാസക്കാലം അരങ്ങേറിയ അടിയന്തിരാവസ്ഥയാണ് രാത്രി മുതല്‍ രാത്രി വരെയില്‍ അവതരിപ്പിക്കുന്നത്. ഇന്ത്യയൊട്ടാകെ ഇരുട്ടുബാധിച്ച ആ കാലഘട്ടത്തിന്‍റെ പ്രതിരണനങ്ങള്‍ കേരളത്തിലും ഉണ്ടായി. ഇത് സംബന്ധിച്ച് പലപ്പോഴായി അനേകം ലേഖനങ്ങളും പുസ്തകങ്ങളും സിനിമയും ഡോക്യുമെന്‍ററിയുമൊക്കെയുണ്ടായി. അതൊക്കെ നമ്മള്‍ വായിച്ചു, കണ്ടു. ഇത്രയേറെ രചനകള്‍ ഇത് സംബന്ധിച്ച് ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ഏകീകരിക്കപ്പെട്ട എഴുത്ത് ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. അധികാരം മനുഷ്യനെ മത്തുപിടിപ്പിക്കുമെന്നും അമിതാധികാരം ഭ്രാന്തനാക്കുമെന്നും ഇന്ത്യന്‍ മനസാക്ഷിയെ ബോധ്യപ്പെടുത്തിയ കാലമായിരുന്നു അത്. സ്വതന്ത്ര ഇന്ത്യക്ക് അത് ആദ്യത്തെ അനുഭവമായിരുന്നെങ്കില്‍ ലോകമാകെ പല ജനതകളും വ്യത്യസ്തമായ രീതിയില്‍ ഇതിലും വലിയ പീഢനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നു. ഇന്നും അത് തുടരുകയാണ്.

ജനാധിപത്യ ഇന്ത്യയിലും അടിയന്തിരാവസ്ഥ ഇല്ലെങ്കിലും എല്ലാ ഭരണാധികാരികളും ചെറിയ അളവിലോ വലിയ അളവിലോ അഭിപ്രായസ്വാതന്ത്ര്യത്തെയും പ്രതിഷേധിക്കാനുള്ള അവകാശത്തെയും അടിച്ചമര്‍ത്തുന്നത് നമ്മള്‍ കാണുന്നുണ്ട്. നമ്മുടെ കൊച്ചുകേരളവും അക്കാര്യത്തില്‍ ഭിന്നമല്ല എന്നും കാണാം.

നോവലിന്‍റെ തുടക്കത്തിൽ തന്നെ മാര്‍ക്സിന്‍റെ വചനം കൊടുക്കുന്നുണ്ട്. “ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കും.”ആ സത്യം നമ്മള്‍ കാണുന്നുമുണ്ട്. അധികാരത്തിന്‍റെ അവസാന ലക്ഷ്യം എന്നും അധികാരം നിലനിര്‍ത്തുക മാത്രമാണ് എന്നും നോവലിസ്റ്റ് പറയുന്നു. 1974 ഏപ്രിലിലാണ് രാത്രി മുതല്‍ രാത്രി വരെ എന്ന കഥ തുടങ്ങുന്നത്. കപിലന്‍ എന്ന ദളിത് വിദ്യാര്‍ത്ഥി തിരുവനന്തപുരത്ത് എത്തുന്നത് ആ മാസത്തിലാണ്. അയാള്‍ പിന്നീട് കുമാര്‍ജിയെ പരിചയപ്പെടുന്നു, അതുവഴി പൊതുജനം പത്രാധിപര്‍ ബാലകൃഷ്ണന്‍റെ അടുത്ത് എത്തുകയും ക്രമേണ പത്രപ്രവര്‍ത്തകനായി മാറുകയും ചെയ്യുന്നു. കുമാര്‍ജിയും ബാലകൃഷ്ണനും സാങ്കല്‍പ്പിക സൃഷ്ടികളാണെങ്കിലും എഴുത്തുകാരന്‍ പരിചയപ്പെട്ട അനേകം വ്യക്തികള്‍ ഈ കഥാപാത്രങ്ങളില്‍ സ്വാംശീകരിച്ചിട്ടുള്ളതായി എഴുത്തുകാരൻ തന്നെ പറയുന്നുണ്ട്.

നക്സലിസം തുടങ്ങിയ കാലഘട്ടത്തിലൂടെയാണ് എഴുത്ത് നീങ്ങുന്നത്. രാഷ്ട്രീയം നന്നായി ചര്‍ച്ച ചെയ്യുന്ന അധ്യായങ്ങളാണ് തുടര്‍ന്നുവരുന്നത്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ ഫോക്കസ് അതിലേക്കാവുന്നു. വലതുപക്ഷ രാഷ്ട്രീയം അഴുക്ക് നിറഞ്ഞതാണ് എന്ന് എല്ലാവര്‍ക്കും അറിയാം. എഴുപതുകളില്‍തന്നെ ഇടതുപക്ഷ രാഷ്ട്രീയത്തിലും മാലിന്യം കടന്നുകൂടിയിട്ടുണ്ട് എന്ന് കണ്ടെത്തുകയാണ് കപിലന്‍.

ഗോപി എന്ന നക്സലൈറ്റ് പറയുന്നു, “മലയാളിയുടെ മൈന്‍ഡ്സെറ്റ് ക്രൂക്കഡാണ്. സാധാരണ തമിഴന്‍റെയോ തെലുങ്കന്‍റെയോ മാനസികാവബോധം മലയാളിക്കുണ്ടാവില്ല. ഏത് പാര്‍ട്ടിയായാലും പത്ത് ഫ്രാക്ഷനുണ്ടാകും. സിപിഎം അതിനെ അടിച്ചൊതുക്കും. ജാതിയും മതവുമാണ് പ്രധാനം. മതങ്ങള്‍ കേന്ദ്രീകരിച്ചാണ് സിപിഎം നീങ്ങുന്നത്. കേരളത്തില്‍ പ്രതിലോമകരമായ ഒരു ആശയസംഹിതയുണ്ട്. അതില്‍ നിന്ന് മാറ്റമില്ല.” ഗോപി തുടരുന്നു. “മാവോ എന്താണ് ചെയ്തത്? വിപ്ലവത്തിന് പണം സ്വരൂപിച്ചത് കഞ്ചാവും ഓപ്പിയവും വളര്‍ത്തിയല്ലേ? സാധാരണക്കാരില്‍ നിന്നും പണം തട്ടിയെടുത്തു,മടക്കിക്കൊടുത്തില്ല.അയാള്‍ സ്വന്തം പാര്‍ട്ടിയില്‍പെട്ട നേതാക്കന്മാരെ രായ്ക്കുരാമാനം കൊന്നുകളഞ്ഞില്ലേ. എന്നിട്ട് പറയും മറ്റവന്‍ കൊന്നതാണെന്ന്” പറയുന്നതിന് നേരെ വിപരീതമായി പ്രവര്‍ത്തിക്കുന്നതാണ് ഫാസിസം എന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട് എന്നും ഗോപി ഓര്‍മ്മിപ്പിക്കുന്നു.

ജീവിച്ചിരിക്കുന്നവരും മരിച്ചുപോയവരുമായ നേതാക്കളെ അതിരൂക്ഷമായി വിമര്‍ശിക്കുന്നുണ്ട് നോവലില്‍. നക്സലൈറ്റായിരുന്ന വേണുവിനെ പരിഹസിക്കുന്ന ഇടങ്ങള്‍ ധാരാളമുണ്ട്. “ഭാഷാ ഇന്‍സ്റ്റിട്യൂട്ടില്‍ ജോലി കിട്ടിയിരുന്നെങ്കില്‍ വേണു നക്സലൈറ്റാകില്ലായിരുന്നു എന്ന് പലരും പറഞ്ഞു. മോഹഭംഗത്തില്‍ നിന്നും നിരാശയില് നിന്നുമാണ് കെ.വേണു നക്സലൈറ്റാകുന്നത്. കവിത എഴുതിയിട്ടും ക്ലച്ച് പിടിച്ചില്ല.എന്നാല് നക്സലൈറ്റാകാം നല്ല പോപ്പുലാരിറ്റി കിട്ടും” എന്നിങ്ങനെയാണ് പരാമര്‍ശങ്ങള്‍.

ഇന്ദിരാഗാന്ധി,സഞ്ജയ്ഗാന്ധി, കെ.കരുണാകരന്‍, അച്യുതമേനോന്‍, ജയറാം പടിക്കല്‍, ലക്ഷ്മണ തുടങ്ങി ഒരു വലിയനിര നേതാക്കളും പോലീസ് ഉദ്യോഗസ്ഥരും രൂക്ഷവിമര്‍ശനത്തിന് പാത്രമാകുന്നു. സിപിഐയെയും കണക്കിന് പരിഹസിക്കുന്നുണ്ട്. അടിയന്തിരാവസ്ഥ കാലത്തെ പീഢനകഥകളും കൊലപാതകങ്ങളും നന്നായി ഗവേഷണം നടത്തി രേഖപ്പെടുത്തിയിട്ടുണ്ട് നോവലില്‍.

പി.ഗോവിന്ദപ്പിള്ളയ്ക്ക് നക്സലുകളായ ചെറുപ്പക്കാരോട് ഉണ്ടായിരുന്ന ആര്‍ദ്രത അദ്ദേഹത്തിനുണ്ടാക്കിയ നഷ്ടങ്ങളും നോവല്‍ പറയുന്നുണ്ട്. രാജന്‍കേസ് പലവിധത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ്. അത് ഈ നോവലിലും ഗൌരവമായി ചര്‍ച്ച ചെയ്യുന്നു. ഉന്മൂലന സിദ്ധാന്തം കൊണ്ടുനടന്ന, ജന്മിമാരുടെയും ശത്രക്കളുടെയും തലവെട്ടിയെടുത്ത നക്സലൈറ്റുകളെ കുറിച്ച് കുമാര്‍ജി പറയുന്നു, “ലോകത്തിലെ ഏറ്റവും വലിയ ഭീരുക്കളാണ് നക്സലൈറ്റുകള്‍.

“സ്ട്രീറ്റ് മാസികയുടെ ഉടമ സുഭാഷ് ചന്ദ്ര ബോസ്, ഉത്തരം മാസിക പത്രാധിപര്‍ സുബ്രഹ്മണ്യദാസ് തുടങ്ങി ഒട്ടേറെപേരുടെ ആത്മഹത്യകളും നോവലില്‍ വിവരിക്കുന്നു. ഇ.കെ.നായനാരുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ഇ.എന്‍.മുരളീധരന്‍ നായരുടെ ആര്‍ദ്രതയും നോവലില്‍ പരാമര്‍ശിക്കപ്പെടുന്നു

കുമാര്‍ജി എഴുതുന്ന അവസാന ലേഖനത്തില്‍ ഇങ്ങിനെ പറയുന്നു. “അധികാരത്തിന്‍റെ സോപാനങ്ങളില്‍ കയറിയപ്പോള്‍ കമ്മ്യൂണിസത്തിന്‍റെ ആര്‍ദ്രവും പുളിച്ചുപഴകി. അതെന്തിനെ എതിര്‍ക്കാനാണോ ഒരുമ്പെട്ടിറങ്ങിയത് അതിന്‍റെ ദുസ്വഭാവങ്ങളെല്ലാം സ്വാംശീകരിച്ച് ചരിത്രത്തിലെ ഗംഭീരമായ ഒരു ചതിയായി കലാശിച്ചു. “

2022 ഒക്ടോബര്‍ രണ്ടിന് കപിലന്‍ കെ.ബാലകൃഷ്ണന് എഴുതുന്ന കത്തിലാണ് നോവല്‍ അവസാനിക്കുന്നത്. അതില്‍ കെബി പറയുന്നു, “വര്‍ത്തമാന ഭാരതം ഇന്നനുഭവിക്കുന്ന ദുരിതങ്ങളുടെ വിളവെടുപ്പ് പരിശോധിച്ചാല്‍ നമ്മെ ഭയപ്പെടുത്തുന്ന എത്രയെത്ര വിഭ്രമത്തെയ്യങ്ങളാണ് കണ്‍മുന്നില് ചുവടുവെച്ച് മുന്നേറുന്നത്!” ചുരുക്കത്തില്‍, അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് എവിടെയും എന്നാണ് നോവലിസ്റ്റ് നമ്മെ ബോധ്യപ്പെടുത്തുന്നത്.

സാധാരണ നോവല്‍ സങ്കല്‍പ്പങ്ങളെ തിരുത്തുന്ന ഒരു രീതിയാണ് പി.കെ.ശ്രീനിവാസന്‍ സ്വീകരിച്ചിരിക്കുന്നത്. അടിയന്തിരാവസ്ഥ, ആ കാലത്തെ ഇരുട്ട്, നക്സല്‍ പ്രസ്ഥാനം, അതിന്‍റെ അപചയം, അടിയന്തിരാവസ്ഥയില്‍ ദുരിതമനുഭവിച്ച കുറേ ജീവിതങ്ങള്‍, ഇതെല്ലാം ഉള്‍പ്പെട്ട ഒരു പത്രപ്രവര്‍ത്തകന്‍റെ അന്വേഷണ-പഠന റിപ്പോര്‍ട്ടായും നമുക്കിതിനെ കാണാം. കുറച്ചുകൂടി ക്ഷമയോടെ എഡിറ്റു ചെയ്യാവുന്ന ചില ആവര്‍ത്തനങ്ങള്‍ പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും മലയാളികള്‍ നിശ്ചയമായും വായിച്ചിരിക്കേണ്ട പുസ്തകമാണ് രാത്രി മുതല്‍ രാത്രി വരെ. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന് 380 രൂപയാണ് വില.

വി.ആര്‍.അജിത് കുമാര്‍

Leave a Comment