ദേവസ്വം ഫണ്ട് സര്‍ക്കാര്‍ എടുക്കുന്നോ? 528 കോടി രൂപയുടെ കണക്കുമായി മന്ത്രി കെ.രാധാകൃഷ്ണന്‍

Written by Taniniram

Published on:

ഗുരുവായൂര്‍ : ദേവസ്വം ബോര്‍ഡുകളുടെ ഫണ്ട് സര്‍ക്കാര്‍ എടുക്കുന്നുവെന്നത് വ്യാജപ്രചരണം മാത്രമെന്ന് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍. ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കഴിഞ്ഞ ആറര വര്‍ഷത്തിനിടെ 528 കോടി രൂപ സര്‍ക്കാര്‍ നല്‍കിയതായി ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ പറഞ്ഞു. ഗുരുവായൂര്‍ ദേവസ്വം ഒഴിച്ചുള്ള നാല് ബോര്‍ഡുകള്‍ക്കാണ് ഈ സഹായം നല്‍കിയതെന്നും മന്ത്രി അറിയിച്ചു. ഗുരുവായൂര്‍ ദേവസ്വം ക്ഷേത്ര ധനസഹായ വിതരണവും നവീകരിച്ച പാഞ്ചജന്യം റെസ്റ്റ് ഹൗസിന്റെ സമര്‍പ്പണവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ദേവസ്വങ്ങളുടെ ഫണ്ട് സര്‍ക്കാര്‍ എടുക്കുന്നതായ പ്രചാരണം ഭക്തജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാണ്. ദേവസ്വം ഫണ്ട് സര്‍ക്കാര്‍ എടുക്കുന്നതേ ഇല്ല. മറിച്ച് ദേവസ്വം ബോര്‍ഡുകള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നു എന്നതാണ് സത്യം .

പ്രളയകാലത്തും കോവിഡ് പ്രതിസന്ധി നാളുകളിലും ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ആണ് സഹായം നല്‍കിയത് – മന്ത്രി പറഞ്ഞു.

ഇതരക്ഷേത്രങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. സര്‍ക്കാര്‍ സഹായം നല്‍കാത്ത ഏകബോര്‍ഡാണ് ഗുരുവായൂര്‍ ദേവസ്വം. ഗുരുവായൂര്‍ ദേവസ്വം വര്‍ഷം തോറും നല്‍കി വരുന്ന 5 കോടി രൂപായുടെ ധനസഹായം വര്‍ധിപ്പിക്കുന്നതിനെപ്പറ്റി ദേവസ്വം ഭരണസമിതി ആലോചിക്കണമെന്നും മന്ത്രി പറഞ്ഞു.

ക്ഷേത്രം തെക്കേ നടയിലെ ശ്രീഗുരുവായൂരപ്പന്‍ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്ഷേത്രം തന്ത്രി പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു.ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ അധ്യക്ഷനായി. ചടങ്ങില്‍ എന്‍.കെ അക്ബര്‍ എം എല്‍ എ, നഗരസഭാ ചെയര്‍മാന്‍ എം.കൃഷ്ണദാസ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ദേവസ്വം ഭരണസമിതി അംഗം ചെങ്ങറ സുരേന്ദ്രന്‍ സ്വാഗതം ആശംസിച്ചു.ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു..

ദേവസ്വം ഭരണസമിതി അംഗങ്ങളായ, മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, ,കെ.ആര്‍ഗോപിനാഥ്, മനോജ് ബി നായര്‍, വി.ജി.രവീന്ദ്രന്‍,സി. മനോജ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി. എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലെ തെരഞ്ഞെടുത്ത 541 ക്ഷേത്രങ്ങള്‍ക്ക് 3,44,49,000/- രൂപായുടെ ധനസഹായമാണ് ചടങ്ങില്‍ നല്‍കിയത്.

See also  അജ്ഞാത ജീവിയുടെ ശല്യം; ആറ് പേർക്ക് കടിയേറ്റു…

Related News

Related News

Leave a Comment