ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുളള പാഞ്ചജന്യം ഗസ്റ്റ് നവീകരണത്തിന് ശേഷം തുറന്നു. 11 കോടി രൂപ ചെലവിട്ടാണ് പാഞ്ചജന്യം നവീകരിച്ചത്. അഞ്ചു നിലകളിലെയും തറയോടുകള്‍ പൂര്‍ണമായും മാറ്റി. ചുവരുകള്‍ ഭംഗിയാക്കി. മുറികള്‍ മോടിപിടിപ്പിച്ചു. റിസപ്ഷന്‍ കൗണ്ടര്‍ ആകര്‍ഷകമാക്കി. റസ്റ്ററന്റ് കൂടുതല്‍ വിശാലമാക്കി. ശൗചാലയം മാറ്റിപ്പണിതു. പാര്‍ക്കിങ് സ്ഥലവും മെച്ചപ്പെടുത്തി. ക്ഷേത്രത്തിനടുത്ത് കുറഞ്ഞ ചെലവില്‍ താമസിക്കാം എന്നതാണ് പാഞ്ചജന്യത്തിന്റെ പ്രത്യേകത. ഗുരുവായൂര്‍ ദേവസ്വം വകയുള്ള ഈ ഗസ്റ്റ് ഹൗസില്‍ മൂന്ന് കിടക്കകളുള്ള 26 എസി മുറികളുണ്ട്. എസി മുറികള്‍ക്ക് വെറും 1200 രൂപ മാത്രമാണ് വാടക.
55 നോണ്‍ എസി മുറികളുണ്ട്. മൂന്ന് കിടക്കകളോട് കൂടി ഈ മുറിക്ക് വെറും 600 രൂപയും. അഞ്ച് കിടക്കകളോട് കൂടിയ 24 മുറികളുണ്ട്. ഈ മുറിക്ക് 800 രൂപയും മാത്രം. ഉടന്‍ തന്നെ മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സംവിധാനവും നിലവില്‍ വരും
നവീകരണം നടത്തിയ ഗുരുവായൂര്‍ ദേവസ്വം പാഞ്ചജന്യം ഗസ്റ്റ് ഹൗസ് ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം തന്ത്രി .പി.സി.ദിനേശന്‍ നമ്പൂതിരിപ്പാട് ഭദ്രദീപ പ്രകാശനം നിര്‍വ്വഹിച്ചു.
എന്‍.കെ. അക്ബര്‍ എം എല്‍ എ, നഗരസഭാ ചെയര്‍മാന്‍ എം.കൃഷ്ണദാസ്, ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍, ഭരണ സമിതി അംഗങ്ങളായ . മല്ലിശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രന്‍ , കെ.ആര്‍.ഗോപിനാഥ്, മനോജ് ബി നായര്‍, വി.ജി.രവീന്ദ്രന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍, ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍മാരായ പി. മനോജ് കുമര്‍, കെ.എസ്.മായാദേവി, റ്റി.രാധിക, മരാമത്ത് വിഭാഗം ചീഫ് എന്‍ജീനിയര്‍ എം.വി.രാജന്‍ ,എക്‌സി.എന്‍ജിനീയര്‍ അശോക് കുമാര്‍, ഇലക്ട്രിക്കല്‍ എക്സി.എന്‍ജിനീയര്‍ ജയരാജ്, മറ്റു ദേവസ്വം ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പത്തരക്കോടി രൂപാ എസ്റ്റിമേറ്റില്‍ പാഞ്ചജന്യം ഗസ്റ്റ് ഹൗസ് നവീകരണ പ്രവൃത്തി നിര്‍വ്വഹിച്ചത്. 105 മുറികളുണ്ട്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടര്‍ കെ.പത്മകുമാര്‍, എന്‍ജിനീയറിങ്ങ്‌സ് വിഭാഗത്തിലെ സഹപ്രവര്‍ത്തകരെയും സമര്‍പ്പണ ചടങ്ങില്‍ ആദരിച്ചു ..ദേവസ്വത്തിന്റെ ഉപഹാരം ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണന്‍ സമ്മാനിച്ചു.