ഈ അവധി കാലം ലക്ഷദ്വീപിൽ ആഘോഷിച്ചാലോ ..മാലിദ്വീപിനെ വെല്ലും കാഴ്ചകൾ ഇവിടുണ്ട്..

Written by Taniniram Desk

Published on:

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ(Narendra Modi ) സന്ദർശനത്തോടെ ലക്ഷദ്വീപ് (Lakshadweep) ലോക ജനശ്രദ്ധ നേടുകയാണ് . പ്രധാനമന്ത്രിക്കെതിരെ മാലിദ്വീപ് (Maldives) മന്ത്രിമാരുടെ അധിക്ഷേപകരമായ പരാമർശങ്ങൾ പുറത്തു വന്നത് വലിയ ചർച്ചയായിരുന്നു. ലക്ഷദ്വീപിൻ്റെ സൗന്ദര്യം കാണാൻ എല്ലാ ഇന്ത്യക്കാരും ഇവിടേക്ക് വരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ഈ പ്രസ്താവനയാണ് മാലിദ്വീപിലെ ജനപ്രതിനിധികളെ ചൊടിപ്പിച്ചതും ഇന്ത്യയ്ക്ക് എതിരെ പ്രതികരിച്ച് പ്രശ്നങ്ങളിൽ ചെന്നുചാടാൻ പ്രചാദനമായതും. രാജ്യത്തിനുള്ളിൽ തന്നെ ഇത്രയും മനോഹരമായ സ്ഥലങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് മറ്റൊരു സ്ഥലം തേടി നമ്മൾ പോകണമെന്നത് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഈ സാഹചര്യത്തിലാണ് ലക്ഷദ്വീപിലെ അഞ്ചു ദ്വീപുകളെക്കുറിച്ചും അവയുടെ സൗന്ദര്യത്തെക്കുറിച്ചും നമ്മൾ ഓരോരുത്തരും അറിയേണ്ടത്.

അഗതി ദ്വീപ്

അഗതി ദ്വീപിലെത്തുന്ന സഞ്ചാരികൾക്ക് കാഴ്ചകൾക്ക് ഒരു കുറവുമുണ്ടാകില്ല. ലക്ഷദ്വീപിൽ വന്നിട്ട് അഗതിയിൽ വരാതിരുന്നാൽ ലക്ഷദ്വീപ് കണ്ടിട്ടില്ലെന്നു തന്നെ കരുതേണ്ടിവരും. അത്രയ്ക്കും മനോഹരമാണ് അഗതി ദ്വീപ്. അഗതി ദ്വീപിലെത്താൻ ലക്ഷദ്വീപ് സമൂഹത്തിൽ എവിടെ നിന്നും ബോട്ട് ലഭിക്കും.

കവരത്തി ദ്വീപ്

ലക്ഷദ്വീപിൻ്റെ തലസ്ഥാനമാണ് കവരത്തി. ദ്വീപ് സമൂഹങ്ങളിൽ ഏറ്റവും കൂടുതൽ വികസനം എത്തിയതും കവരത്തിയിലാണ്. വളരെ പ്രത്യേകതകളുള്ള ദ്വീപാണിത്. ഈ ദ്വീപിന് ചുറ്റും പച്ചപ്പ് നിറഞ്ഞിരിക്കുന്നു. മാത്രമല്ല നീല ജലമുള്ള സമുദ്രവും മണലുമൊക്കെ കവരത്തിയെ മനോഹരമാക്കുന്നു. ഇവിടുത്തെ ഏറ്റവും മനോഹരമായ സ്ഥലം ഉജ്ർ പള്ളിയാണ്. വിവിധയിനം മത്സ്യങ്ങളുള്ള ഈ ദ്വീപിൽ ഒരു അക്വേറിയവുമുണ്ട്. ഇതിനൊപ്പം ഗ്ലാസ് ബോട്ടിൽ യാത്രചെയ്ത് സമുദ്രക്കാഴ്ചകളും കാണാൻ കഴിയും.

മിനിക്കോയ് ദ്വീപ്

കവറത്തിയിൽ നിന്ന് 200 കിലോമീറ്റർ അകലെയാണ് മിനിക്കോയ് ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഈ ദ്വീപ് മാലിദ്വീപിന് വളരെ അടുത്താണെന്നുള്ള പ്രത്യേകതയുമുണ്ട്. മറ്റു ദ്വീപുകളിൽ മലയാളം സംസാരിക്കുമ്പോൾ മിനിക്കോയ് ദ്വീപിൽ മാലിദ്വീപിലെ ഭാഷയായ ദ്വിവേഹിയോട് സാമ്യതയുള്ള മഹൽ ആണ് സംസാരിക്കുന്നത്. ഈ ദ്വീപിൽ പ്രത്യേക അവസരങ്ങളിൽ ലാവ നൃത്തമുണ്ടാകും. ഇവിടുത്തെ ജനങ്ങൾ ട്യൂണ (ചൂര) മത്സ്യത്തെ വേട്ടയാടലും ബോട്ടിങ്ങും ഇഷ്ടപ്പെടുന്നവരാണ്.

ബംഗാരം ദ്വീപ്

SAMSUNG CAMERA PICTURES

വളരെ ശാന്തമായ ഒരു ദ്വീപാണ് ബംഗാരം. വിനോദസഞ്ചാരികൾ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ദ്വീപുകളിലൊന്നു കൂടിയാണിത്. ഈ ദ്വീപിൽ ധാരാളം തെങ്ങുകൾ കാണാൻ കഴിയും. ഡോൾഫിനുകൾ, ആമകൾ, തവളകൾ, മത്സ്യങ്ങൾ എന്നിവയൊക്കെ ബംഗാരം ദ്വീപിൽ കാണാൻ സാധിക്കും.

കദ്മത്ത് ദ്വീപ്

ലക്ഷദ്വീപ് സമൂഹത്തിലെ മനോഹരമായ ദ്വീപുകളിലൊന്നാണ് കദ്മത്ത്. ദ്വീപിലെ ഏറ്റക്കുറച്ചിലില്ലാത്ത ആഴവും നീളമുള്ള തീരവും കാരണം സഞ്ചാരികൾക്ക് ഏറെ പ്രിയമാണ് കദ്മത്ത് ദ്വീപ് . കിഴക്കും പടിഞ്ഞാറും ലഗൂണുകളുള്ള ഒരേയൊരു ദ്വീപു കൂടിയാണ് കദ്മത്ത്. വാട്ടർ സ്‌പോർട്‌സിന് മികച്ച സൗകര്യങ്ങൾ ഇവിടെയുണ്ട്.

See also  ഫെഡറല്‍ ബാങ്ക് - കൊച്ചി മാരത്തണുമായി സഹകരിച്ച് പ്രവർത്തിക്കാനുള്ള തീരുമാനവുമായി സംസ്ഥാന ടൂറിസം വകുപ്പ്

Leave a Comment