അയോധ്യ രാമക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്ന വിഗ്രഹത്തിന്‍റെ പൂര്‍ണകായ രൂപം പുറത്ത്

Written by Web Desk1

Published on:

അയോധ്യയില്‍ ജനുവരി 22ന് പ്രാണ പ്രതിഷ്ഠ നടത്തുന്ന ശ്രീരാമ വിഗ്രഹത്തിന്‍റെ പൂര്‍ണകായ രൂപത്തിന്‍റെ ചിത്രം പുറത്ത്. കണ്ണുകള്‍ മഞ്ഞ പട്ടുകൊണ്ട് മറച്ച വിധമുള്ള ചിത്രമാണ് നേരത്തെ പുറത്തുവന്നത്. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രത്തില്‍ ദേവചൈതന്യം തുളുമ്പുന്ന ബാലകനായ രാമന്‍റെ രൂപമാണുള്ളത്. കൈകളില്‍ വില്ലും അമ്പും ഏന്തി, മനോഹരമായ മുടിയിഴകളുമായി ഒരു ചെറുപുഞ്ചിരിയോട് കൂടി നില്‍ക്കുന്ന ശ്രീരാമന്‍റെ ഈ ദിവ്യരൂപമാകും അയോധ്യ ക്ഷേത്രത്തിലെ ഗര്‍ഭ ഗൃഹത്തിനുള്ളില്‍ ഭക്തര്‍ക്ക് ദര്‍ശിക്കാനാവുക.

മൈസൂരുവില്‍നിന്നുള്ള ശില്‍പി അരുണ്‍ യോഗിരാജാണ് വിഗ്രഹം കൊത്തിയെടുത്തിട്ടുള്ളത്. കൃഷ്ണശിലയില്‍ കൊത്തിയെടുത്ത ശ്രീരാമന്‍റെ കമനീയ രൂപത്തിന് 51 ഇഞ്ചാണ് ഉയരം. അഞ്ചുവയസുള്ള രാംലല്ലയുടെ രൂപമാണ് വിഗ്രഹത്തിന് നല്‍കിയിരിക്കുന്നത്.

താല്‍ക്കാലിക ക്ഷേത്രത്തില്‍ ഇപ്പോള്‍ ആരാധിക്കുന്ന വിഗ്രഹം ഇതിന് താഴെ ഉത്സവ മൂര്‍ത്തിയായി ആരാധിക്കും. ജനുവരി 22ലെ ‘പ്രാണ പ്രതിഷ്ഠാ’ ചടങ്ങിന് മുന്നോടിയായി ഇവയെ ‘ഗർഭഗൃഹ’ത്തിനുള്ളിലേക്ക് മാറ്റും. ജനുവരി 20, 21 തീയതികളിൽ ക്ഷേത്ര സമുച്ചയം അടച്ചിടും. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.

പ്രതിഷ്ഠാകര്‍മത്തിന് തൊട്ടുപിറ്റേന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി ക്ഷേത്രം തുറന്നുനല്‍കുമെന്നാണ് വിവരം. പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്നുണ്ട്. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ തുടങ്ങി 11,000ല്‍ അധികം ആളുകളെയാണ് ചടങ്ങിലേക്ക് ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിട്ടുള്ളത്.

Related News

Related News

Leave a Comment