മാത്യു കുഴൽനാടന്റെ മൊഴി ഇന്നെടുക്കും

Written by Web Desk1

Published on:

കൊച്ചി: ചിന്നക്കനാലിൽ റിസോർട്ട് വാങ്ങിയതിൽ നികുതി വെട്ടിപ്പ് നടത്തിയെന്ന പരാതിയിൽ മൊഴി എടുക്കാനായി മാത്യു കുഴൽനാടൻ എംഎൽഎയോട് ഹാജരാകാൻ വിജിലൻസ് നിർദ്ദേശം. ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകണമെന്നാവശ്യപ്പെട്ട് വിജിലൻസ് മാത്യു കുഴൽനാടന് നോട്ടീസ് നൽകിയിട്ടുണ്ട്

തൊടുപുഴ മുട്ടത്തെ വിജിലൻസ് ഓഫീസിൽ ഹാജരാകാനാണ് നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് മൊഴിയെടുക്കുന്നത്. താൻ മൊഴി നൽകാൻ ഹാജരാകുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ വ്യക്തമാക്കിയിട്ടുണ്ട്.

എംഎല്‍എയുടെ റിസോര്‍ട്ടിന്റെ ഭാഗമായ കെട്ടിടങ്ങള്‍ക്ക് എന്‍ഒസി നല്‍കാന്‍ റവന്യൂ വകുപ്പിൻ്റെ ഭാഗത്തു നിന്നും ക്രമവിരുദ്ധ ഇടപെടലുണ്ടായെന്നായിരുന്നു വിവാദം. ഇതിനുപിന്നാലെയാണ് റിസോർട്ടിന്റെ ലൈസൻസ് പുതുക്കി നൽകിയത്. 2023 സെപ്റ്റംബറിലാണ് മാത്യു കുഴൽനാടനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്. ചിന്നക്കനാലിലെ ഒരേക്കർ പതിനൊന്നര സെൻറ് സ്ഥലമിടപാടിലാണ് അന്വേഷണം നടക്കുന്നത്.

സ്ഥലം വിൽപ്പന നടത്തിയതിലെ ക്രമക്കേട് അന്വേഷിക്കാനായിരുന്നു സർക്കാറിന്റെ നിർദേശം. ഈ വിവാദങ്ങൾക്കിടയിലും മാത്യു കുഴല്‍നാടന്‍റെ റിസോര്‍ട്ടിന് ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് ലൈസന്‍സ് പുതുക്കി നല്‍കിയിരുന്നു. റിസോര്‍ട്ടിന് പൊലൂഷനും പോലീസ് ക്ലീയറന്‍സ് സര്‍ട്ടിഫിക്കറ്റുമുള്ളതിനാൽ ലൈസൻസ് പുതുക്കി നൽകുന്നതിന് തടസമില്ലെന്നായിരുന്നു പഞ്ചായത്തിന്റെ വിശദീകരണം.

എന്നാൽ മാത്യു കുഴൽനാടൻ തന്റെ ഫേസ്ബുക് കുറിപ്പിൽ പറയുന്നത് ഇങ്ങനെയാണ് : എനിക്കെതിരെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു എന്ന് കേരള പൊതു സമൂഹത്തിനു മുമ്പിൽ ഞാൻ പറഞ്ഞിരുന്നു. മാത്രമല്ല പിണറായി സർക്കാർ നടത്തുന്ന ഏത് അന്വേഷണത്തോടും പൂർണമായും സഹകരിക്കുമെന്നും പറഞ്ഞിരുന്നല്ലോ.

എനിക്കെതിരായ വിജിലൻസ് അന്വേഷണത്തിൽ, മൊഴി രേഖപ്പെടുത്തേണ്ടതുണ്ട് എന്ന് വിജിലൻസ് അറിയിച്ചത് പ്രകാരം നാളെ ചോദ്യം ചെയ്യലിനായി തൊടുപുഴ വിജിലൻസ് ഓഫീസിൽ ഹാജരാകും..
ഇടുക്കി ജില്ലയിലെ ചിന്നക്കനാലിൽ ഞാൻ വാങ്ങിയ പ്രോപ്പർട്ടിയും അതിന്റെ രജിസ്ട്രേഷനും തുടർ നടപടികളുമാണ് അന്വേഷണത്തിന്റെ പരിധിയിൽ വരുന്നത് എന്നാണ് അറിയിച്ചിട്ടുള്ളത്. മൊഴി രേഖപ്പെടുത്താൻ സൗകര്യപ്രദമായ ഒരു സ്ഥലം അറിയിച്ചാൽ വരാമെന്ന ഒരു സൗമനസ്യം വിജിലൻസ് അറിയിച്ചിരുന്നു. എന്നാൽ ഒരു സാധാരണ പൗരന് കിട്ടുന്നതിൽ അപ്പുറം ഒരു ഇമ്മ്യൂണിറ്റിയും വേണ്ട എന്നതുകൊണ്ട് ആണ് നേരിട്ട് വിജിലൻസ് ഓഫീസിൽ ഹാജരാകാം എന്ന് അറിയിച്ചത്.
എല്ലാ വസ്തുതകളും പൊതുജന സമക്ഷം അറിയിച്ച് സുതാര്യതയോടെ മുന്നോട്ടുപോകണം എന്നതുകൊണ്ടാണ് ഈ അറിയിപ്പ്.

നിയമപരമായ എല്ലാ നടപടികളോടും പൂർണമായും സഹകരിക്കും. എന്നാൽ അധികാരം ഉപയോഗിച്ച് അധിക്ഷേപിക്കാനും സംശയത്തിന്റെ പുകമറ സൃഷ്ടിക്കാനുമാണ് പരിശ്രമം എങ്കിൽ നിയമപരമായി തന്നെ നേരിടും..

Related News

Related News

Leave a Comment