ഇരിങ്ങാലക്കുട : കഴിഞ്ഞ കുറേ വർഷങ്ങളായി അപകടാവസ്ഥയിലായിരുന്ന കരൂപ്പടന്ന ഗോതമ്പുകുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
അമ്പതു വർഷത്തിലധികം പഴക്കമുള്ള ഗോതമ്പുകുളത്തിന്റെ സംരക്ഷണ ഭിത്തികൾ കുറച്ചു കാലമായി അപകടാവസ്ഥയിലായിരുന്നു.
കുളം നിറഞ്ഞ് വെള്ളം പുറത്തേക്ക് പോകാത്തതിനാൽ മഴക്കാലത്ത് സമീപത്തെ പറമ്പുകളിലും വീട്ടുമുറ്റത്തും വെള്ളം കെട്ടിനിൽക്കുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്.
കുളത്തിൽ നിന്ന് പുഴയിലേക്കുള്ള തോട് വൃത്തിയാക്കിയതോടെ ആ പ്രശ്നം ഒഴിവായി.
ജില്ലാ പഞ്ചായത്തിന്റെ നഗര സഞ്ചയ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഇതു പ്രകാരം കൂടുതൽ ഇടിച്ചിൽ ഉണ്ടായ ഭാഗങ്ങൾ കെട്ടി സംരക്ഷിക്കും. റോഡിനോട് ചേർന്ന് താഴ്ന്നു കിടക്കുന്ന ഭാഗം ഉയർത്തി ചുറ്റുമതിൽ കെട്ടി സംരക്ഷിക്കും. തകർന്ന നിലയിലുള്ള പടവുകളും നന്നാക്കും. കുളം നന്നാക്കി സംരക്ഷിക്കുന്നതിലൂടെ പ്രദേശത്തെ കുടിവെള്ള ക്ഷാമത്തിന് ഒരു പരിധി വരെ പരിഹാരമാകും.