ലഖ്നൗ: അയോധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഭാഗിക അവധി പ്രഖ്യാപിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ. ജനുവരി 22 തിങ്കളാഴ്ച നടക്കുന്ന പരിപാടിയിൽ 7,000ത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രീയ നേതാക്കൾ, സിനിമാ താരങ്ങൾ, ബിസിനസ് പ്രമുഖർ തുടങ്ങി പ്രധാന വ്യക്തികളെല്ലാം ചടങ്ങിനെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. അതിനിടെ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് വിവിധ സംസ്ഥാന സർക്കാരുകൾ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ ഇടങ്ങളിൽ ഉച്ചയ്ക്ക് 2:30 വരെയാണ് അവധി നൽകിയിരിക്കുന്നത്.
ത്രിപുരയിൽ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ഉച്ചയ്ക്ക് 2:30 വരെ അവധിയായിരിക്കും. രാം ലല്ല പ്രാണപ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചക്ക് 12:20 മുതല്‍ പന്ത്രണ്ടര വരെയാണ് പ്രതിഷ്ഠാ ചടങ്ങ് നടക്കുക.