പല തരത്തിലുള്ള പ്രതിഷേധങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് അല്പം വ്യത്യസ്തമാണ്. തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ട മാനേജര്‍മാരെ ആക്രമിക്കുന്ന യുവതിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. എക്‌സില്‍ പങ്കുവെച്ച ഷക്കോറിയ എല്ലി എന്ന യുവതിയുടെ വീഡിയോ ഇതുവരെ കണ്ടത് 28 മില്ല്യണ്‍ ആളുകളാണ്. അറ്റ്‌ലാന്റ വിമാനത്താവളത്തിനുള്ളിലെ ഒരു കോഫീ ഷോപ്പില്‍ ബാരിസ്റ്റ (കാപ്പി നല്‍കുന്നയാള്‍) ആയി ജോലി ചെയ്തു വരികയായിരുന്നു എല്ലി. കാപ്പിയെ ചൊല്ലി കഴിഞ്ഞയാഴ്ച എല്ലി സഹപ്രവര്‍ത്തകയുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് എല്ലിയെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.
എന്നാല്‍, കടയിലുള്ള എല്ലിയുടെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോകാന്‍ കടയുടമ സമ്മതിച്ചില്ല. ഇത് അവരെ ബുദ്ധിമുട്ടിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. തന്റെ സാധനങ്ങള്‍ തിരികെ നല്‍കാന്‍ എല്ലി പറയുന്നത് വൈറലായ വീഡിയോയില്‍ കേള്‍ക്കാം. ഈ സാധനങ്ങള്‍ എടുക്കാന്‍ എല്ലി കടയുടെ പുറകുവശത്തേക്ക് പോകുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍, അത് എടുക്കാന്‍ സമ്മതിക്കാതെ കടയിലെ ഒരു മനേജര്‍ അവരെ തടയുന്നുന്നതും വീഡിയോയിലുണ്ട്.
തുടര്‍ന്ന് കടയിലുള്ള ഒരു കസേരയെടുത്ത് ഒരു മാനേജറുടെ നേരെ എല്ലി എറിയാന്‍ ശ്രമിക്കുന്നതും അത് അയാൾ തടയുന്നതും കാണാം. വീണ്ടും കടയുടെ പുറകിലേയ്ക്ക് പോകാന്‍ ശ്രമിക്കുന്ന എല്ലിയെ സഹപ്രവര്‍ത്തകര്‍ തടഞ്ഞു. തുടര്‍ന്ന് കടയില്‍ നിന്ന് പുറത്തിറങ്ങാനെന്ന വ്യാജേന നടന്ന യുവതി പെട്ടെന്ന് തന്നെ പിറകോട്ട് വന്ന് കൗണ്ടറിന് മുകളിലൂടെ കയറി ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഈ ശ്രമവും മാനേജര്‍മാരിലൊരാള്‍ തടയുകയും എല്ലി അയാളെ തുടരെ ആക്രമിക്കുന്നതുമാണ് വീഡിയോയിലുള്ളത്. തന്നെ പിടിച്ചുവയ്ക്കാന്‍ ശ്രമിച്ച മാനേജരെ എല്ലി ക്രൂരമായി മര്‍ദിക്കുന്നതും വീഡിയോയിലുണ്ട്.